ADVERTISEMENT

അമ്മയും മക്കളും ചേർന്ന് അവതരിപ്പിച്ച ഡാൻസ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കുടുംബമാണ് കട്ടപ്പന സ്വദേശിനിയായ ശിവകുമാറിന്റെയും ജയയുടെയും. ലോക്‌ഡൗണ്‍ വിരസതകൾ മാറ്റുന്നതിനായി മക്കളുമൊത്ത് ജയ നൃത്തം ചെയ്തത് കൗതുകത്തിന്റെ പേരിലാണ് പങ്കുവച്ചത്. ഞൊടിയിടയിൽ അമ്മയുടെയും മക്കളുടെയും നൃത്തം എല്ലാവരും ഏറ്റെടുത്തു. അതോടെ ഒരിക്കൽ പോലും ചിന്തിക്കാത്ത പല നേട്ടങ്ങളും ഈ കുടുംബത്തെ തേടി എത്തിയിരിക്കുകയാണ്.അഞ്ജലി, ആരാധന, അതിഥി എന്നീ മൂന്ന് മക്കളും സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നതാണ് കൂട്ടത്തിൽ ഏറ്റവും പുതിയ സന്തോഷം. നൃത്തത്തിലൂടെ പുതിയൊരു അധ്യായമെഴുതിയ അമ്മയുടെയും മക്കളുടെയും വിശേഷങ്ങളറിയാം.

ലോക്‌ഡൗൺ ഞങ്ങളെ നർത്തകരാക്കി

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്നുണ്ടായ ലോക്‌ഡൗൺ തീർത്ത വിരസതയാണ് നൃത്തം ചെയ്യാൻ അമ്മയെയും മക്കളെയും പ്രേരിപ്പിച്ചത്. ജയ ചെറുപ്പകാലത്ത് നൃത്തം അഭ്യസിച്ചിരുന്നു. മൂത്തമകൾ അഞ്ജലി എംബിബിഎസ്‌ നാലാംവർഷ വിദ്യാർത്ഥിനിയാണ്. ബെംഗളൂരുവിൽ പഠിക്കുന്ന അഞ്ജലി കൊറോണ മൂലം നാട്ടിൽ എത്തിയതാണ്. പ്ലസ്‌ടു കഴിഞ്ഞു ഉപരിപഠനത്തിനു തയ്യാറെടുക്കുകയാണ് രണ്ടാമത്തെ മകൾ ആരാധന. മൂന്നാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് ഇളയമകൾ അതിഥി. കൂട്ടത്തിൽ ആരാധന മാത്രമാണ് ഇപ്പോൾ നൃത്തം അഭ്യസിക്കുന്നത്. ലോക്ക് ഡൗണിൽ എല്ലാവരും വീട്ടിൽ ഒത്തുകൂടിയപ്പോൾ ആളുകളുണ്ടായിട്ടും സമയം പോകാത്ത അവസ്ഥ. വീട്ടുജോലിയും പഠനവും ഒക്കെ കഴിഞ്ഞാലും സമയം ധാരാളം ബാക്കി. അങ്ങനെ വന്നപ്പോൾ അമ്മയായ ജയയാണ് ഒരുമിച്ചൊരു ഡാൻസ് ചെയ്താലോ എന്ന് ചോദിച്ചത്. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ബ്യൂട്ടീഷ്യൻ ആയ ജയ തൻ ചെറുപ്പത്തിൽ പഠിച്ച നൃത്ത ചുവടുകൾ പൊടിതട്ടിയെടുത്ത് ഒരു നൃത്തം ചിട്ടപ്പെടുത്തി. മക്കൾ മൂന്ന് പേരും അത് പഠിച്ചെടുത്തു.

പൂർണ പിന്തുണയുമായി അച്ഛൻ

dance-mother-1

കലയോട് എന്നും താൽപര്യമുള്ള ഒരു കുടുംബമാണ് എന്നതിനാൽ തന്നെ അമ്മയും മക്കളും നൃത്തം ചെയ്തപ്പോൾ അതിന് പൂർണ പിന്തുണ നൽകിയത് അച്ഛൻ ശിവകുമാർ ആയിരുന്നു. നൃത്തത്തിനായി എല്ലാവരും ഒരേ പോലുള്ള വസ്ത്രത്തിൽ എത്തിയപ്പോൾ അത്  മൊബൈൽ ഫോണിൽ ഷൂട്ട്  ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുവാൻ ഭാര്യയോടും മക്കളോടും ആവശ്യപ്പെട്ടതും ചെയ്തതും അദ്ദേഹമായിരുന്നു. ഉള്ളിൽ അല്‍പം ഭയത്തോട് കൂടി തന്നെയാണ് ജയ അതിന് മുതിർന്നത്. എന്നാൽ വിചാരിച്ചിരിക്കാത്ത പ്രതികരണമാണ് സോഷ്യൽ മീഡിയ ഈ അമ്മയ്ക്കും മക്കൾക്കും  നൽകിയത്. തുളസിക്കതിർ  നുള്ളിയെടുത്ത്... എന്ന വൈറൽ ഗാനത്തിന് അമ്മയും മക്കളും ചുവടുവച്ചപ്പോൾ ജനങ്ങൾ അതേറ്റെടുത്തു. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു എന്ന കമന്റുകളിൽ നിന്നുമാണ് വീണ്ടും നൃത്തം ചെയ്യാനുള്ള ആത്മവിശ്വാസം ലഭിച്ചത്.

ഞായറാഴ്ചകളിലെ നൃത്തപഠനം

നാടും നാട്ടുകാരും ഒപ്പം സോഷ്യൽ മീഡിയയും ഈ അമ്മയുടെയും മക്കളുടെയും നൃത്തത്തെ  ഏറ്റെടുത്തതോടെ എല്ലാ ആഴ്ചയും ഒരു വീഡിയോ വീതം ചെയ്യാം എന്ന തീരുമാനത്തിലേക്ക് ഇവർ എത്തിച്ചേർന്നു. ഞായറാഴ്ചകളിലായിരുന്നു നൃത്ത പഠനം. ജയയാണ് പാട്ട് സെലക്റ്റ് ചെയ്ത് നൃത്തം ചിട്ടപ്പെടുത്തുന്നത്. അഞ്ജലിയും ആരാധനയും  അഥിതിയും  അത് പെട്ടന്ന് പഠിച്ചെടുക്കും. നൃത്തം ചെയ്യുമ്പോൾ എല്ലാവരും ഒരേ പോലുള്ള വസ്ത്രം ധരിക്കണം എന്ന് ശിവകുമാർ ആണ് പറയുന്നത്. അതിനാൽ തന്നെ പ്രോത്സാഹനം എന്ന നിലയ്ക്ക് പുതിയ വസ്ത്രങ്ങൾ ഓരോ വീഡിയോക്കുമായി അദ്ദേഹം എടുത്തു നൽകുന്നു. ഏത് സമയത്ത് വീഡിയോ ഷൂട്ട് ചെയ്യണം എന്ന് പറഞ്ഞാലും സമയം കണ്ടെത്തി ശിവകുമാർ എത്തിയിരിക്കും.

അപ്രതീക്ഷിതമായ യുട്യൂബ് വരുമാനം

dance-family-2

ധാരാളം ഡാൻസ് വിഡിയോകൾ ചെയ്ത് തുടങ്ങിയപ്പോഴാണ്, യുട്യൂബ് ചാനൽ തുടങ്ങിയാലോ എന്ന ചിന്ത മുളയ്ക്കുന്നത്. അങ്ങനെ ഡാൻസിംഗ് പെറ്റൽസ് എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ തുടങ്ങി. അമ്മയും മക്കളും ചേർന്നുള്ള ഡാൻസ് വീഡിയോ എന്ന രീതിയിൽ പ്രൊമോഷനുകൾ കൂടി ലഭിച്ചതോടെ യുട്യൂബ് ചാനൽ ഹിറ്റാകുകയും വരുമാനം ലഭിച്ചു തുടങ്ങുകയും ചെയ്തു. ഒട്ടും നിനച്ചിരിക്കാത്ത കാര്യമായതിനാൽ ജയയും മക്കളും ഇക്കാര്യത്തിൽ വലിയ സന്തോഷത്തിലാണ്.

സിനിമയിൽ നിന്നും അവസരം

ലോക്‌ഡൗൺ വിരസത മാറ്റാൻ തുടങ്ങിയ നൃത്തം ഇപ്പോൾ അഞ്ജലിക്കും ആരാധനയ്‌ക്കും അഥിതിക്കും സിനിമയിലും അവസരം നൽകിയിരിക്കുകയാണ്. മൂവരും ചേർന്ന് ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നതിന് പുറമെ, അഞ്ജലിക്ക് ഒരു സിനിമയിൽ നായിക തുല്യമായ വേഷവും അതിഥിക്ക് മറ്റൊരു സിനിമയിൽ ബാലതാരത്തിന്റെ വേഷവും ലഭിച്ചിട്ടുണ്ട്. ഒക്ടോബറിൽ അതിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്.

English Summary: Story behind the Viral dance family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com