ADVERTISEMENT

ആഘോഷാവസരത്തില്‍ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം ഒരുമിച്ചായിരിക്കാന്‍ ആഗ്രഹിച്ചെങ്കിലും നടക്കാതെ വന്നപ്പോള്‍ അമേരിക്കയിലെ ടെക്സസിലെ വൃദ്ധ ദമ്പതികള്‍ ഇത്തവണ കണ്ടുപിടിച്ചതു നൂതനമായ ഒരു മാര്‍ഗം. ദേശീയ അവധിദിവസമായ ‘താങ്ക്സ്ഗിവിങ്’ ആഘോഷത്തില്‍ എല്ലാവര്‍ഷവും കുടുംബം ഒരു മിച്ച് ആഘോഷിക്കുന്നതാണ് മിസ്സിക്കും ബാരി ബുക്കനനും പതിവ്. ഇത്തവണയും അതിനു മാറ്റം വരുത്താന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ കോവിഡ് എല്ലാ പദ്ധതികളെയും തകിടം മറിച്ചു. അമേരിക്കയില്‍ ഇപ്പോള്‍ കോവിഡ് വീണ്ടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പോസിറ്റീവാകുന്നവരുടെ എണ്ണവും മരണസംഖ്യയും കൂടുന്നു. തന്റെ പ്രായത്തിലുള്ള പലരും കോവിഡ് ബാധിച്ച് ആശുപത്രിയിലായതും ഇത്തവണ മാറിച്ചിന്തിക്കാന്‍ മിസ്സിയെയും ബാരിയെയും പ്രേരിപ്പിച്ചു. അവര്‍ അവസാനം ചെയ്തത് തങ്ങളുടെ പ്രതിമകള്‍ ഉണ്ടാക്കി മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും അയയ്ക്കുക എന്നതാണ്. 

ഇത്തവണ പുതുതായി, എന്നാല്‍ വ്യത്യസ്തമായും രസകരമായും എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതിനു കണ്ടെത്തിയ മാര്‍ഗമാണ് ‍ഞങ്ങളുടെ അതേ രൂപത്തിലും വലുപ്പത്തിലുമുള്ള പ്രതിമകള്‍ ഉണ്ടാക്കുക എന്നത്. അതു വിജയമായതില്‍ സന്തോഷം: കോവിഡ് കാലത്ത് ഒറ്റയ്ക്കു കഴിയുന്ന മിസ്സിയും ബാരിയും പറയുന്നു. 

കോവിഡ് വ്യാപനമുണ്ടെങ്കിലും മക്കളുടെ അടുത്ത് എത്രയും വേഗം എത്തിച്ചേരണം എന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. എന്നാല്‍ സാഹചര്യം ഗുരുതരമായിക്കൊണ്ടിരിക്കുന്നത് കണ്ടില്ലെന്നു നടിക്കാന്‍ ആവില്ലായിരുന്നു. തങ്ങളുടെ സുരക്ഷിതത്വം പോലെ തന്നെ പ്രധാനമാണ് മക്കളുടെയും അവരുടെ മക്കളുടെയും ആരോഗ്യവും സുരക്ഷിതത്വവും. അത് അപകടത്തിലാക്കാന്‍ ആഗ്രഹിക്കാതിരുന്നതുകൊണ്ടാണ് യാത്ര വേണ്ടെന്നുവച്ചതെന്ന് ഇരുവരും പറഞ്ഞു. 

സ്നേഹമില്ലായ്മ കൊണ്ടല്ല, സ്നേഹം കൂടിയതുകൊണ്ടാണ് തങ്ങള്‍ക്ക് ഇത്തവണ ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും മിസ്സിയും ബാരിയും പറയുന്നു. ടെക്സസിലെ വൃദ്ധ ദമ്പതികളുടെ ആശയം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. ഒട്ടേറെപ്പേര്‍ ഇവരുടെ കുടുംബത്തിന്റെ കൂട്ടായ്മ ഗംഭീരമാകട്ടെ എന്ന ആശംസയുമായി രംഗത്തെത്തിക്കഴിഞ്ഞു. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പ്രതിമകള്‍ക്കൊപ്പമുള്ള ഇത്തവണത്തെ ആഘോഷമായിരിക്കും അവിസ്മരണീയം എന്നുപോലും ചിലര്‍ അഭിപ്രായപ്പെട്ടു.

English Summary: Texas Couple life size cardboard cut out thanks giving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com