ADVERTISEMENT

സ്നേഹിക്കുന്നവര്‍ക്കുപോലും അകലങ്ങളില്‍ ഓര്‍മകളുമായി കൂടേണ്ടിവന്ന കാലത്ത് അപ്രതീക്ഷിതമായ കണ്ടെത്തിയ സ്നേഹത്തെ വിവാഹത്തില്‍ എത്തിച്ചതിന്റെ സന്തോഷത്തിലാണ് കൊല്‍ക്കത്തയില്‍നിന്നുള്ള വധൂവരന്‍മാര്‍. പങ്കാളികള്‍ നഷ്ടപ്പെട്ട രണ്ടുപേരാണു കോവിഡ് കാലത്ത് സ്നഹം തിരിച്ചുപിടിച്ചു ജീവിതത്തില്‍ നഷ്ടപ്പെട്ട സന്തോഷം കണ്ടെത്തിയത്.

ഇക്കഴിഞ്ഞമാസം 25 നു നടന്ന ലളിതമായ ചടങ്ങില്‍ അവര്‍ ജീവിതത്തില്‍ ഒരുമിച്ചു. 66 വയസ്സുകാരന്‍ തരുണ്‍ കാന്തി പാലും 63 വയസ്സുകാരി സ്വപ്ന റോയും. തരുണും സ്വപ്നയും ഒരു ഗ്രാമത്തില്‍നിന്നുള്ളവരാണ്. തരുണ്‍ സ്വപ്നയെക്കുറിച്ചും സ്വപ്ന തരുണിനെക്കുറിച്ചും കേട്ടിട്ടുമുണ്ട്. എന്നാല്‍ ഇരവരും നേരിട്ടുകാണുന്നത് രണ്ടു വര്‍ഷം മുന്‍പ് മാത്രമാണ്- തരുണിന്റെ ആദ്യ വിവാഹത്തിലെ മകന്‍ ഷയോണ്‍ പാല്‍ പറയുന്നു. 

ഷയോണ്‍ തന്നെയാണ് വിവാഹ വേഷത്തില്‍ നില്‍ക്കുന്ന അച്ഛന്റെയും പുതിയ വധുവിന്റെയും ചിത്രം സമൂഹ മാധ്യമത്തിലൂടെ പരസ്യമാക്കിയതും. ‘എന്റെ അച്ഛന്‍ വീണ്ടും സന്തോഷം കണ്ടെത്തിയതില്‍ എനിക്ക് അതീവ സന്തോഷമുണ്ട്: ഷയോണ്‍ പറയുന്നു. അമ്മ മരിച്ച് 10 വര്‍ഷത്തിനുശേഷമാണ് തന്റെ പിതാവ് അതീവ സന്തുഷ്ടനായി കാണുന്നതെന്നും ഷയോണ്‍ പറയുന്നു. രണ്ടു വര്‍ഷം മുന്‍പ് ഭട്ടനഗറിലെ രാമകൃഷ്ണ മിഷന്‍ മഠത്തില്‍ വച്ചാണ് തരുണും സ്വപ്നയും ആദ്യമായി പരസ്പരം കാണുന്നത്. പിന്നീട് മാസങ്ങള്‍ കഴിഞ്ഞ് സ്പ്ന തരുണിനെ ഫോണില്‍ വിളിച്ചതോടെയാണ് സൗഹൃദം തുടങ്ങിയതും ശക്തമായതും. അന്നുമുതല്‍ ഇരുവരും ഫോണില്‍ സംസാരിക്കുന്നതു പതിവായി. 

അമ്മയുടെ മരണത്തിനു ശേഷം അച്ഛന്‍ വ്യക്തിപരമായി അടുക്കുന്ന ആദ്യത്തെ സ്ത്രീയാണ് സ്വപ്ന. ഞാന്‍ ജോലിയുമായി ബന്ധപ്പെട്ടു രാജ്യത്തിനു പുറത്താണ്. അദ്ദേഹത്തിന്റെ സമപ്രായത്തിലുള്ള കൂട്ടുകാര്‍ ആകട്ടെ ശാരീരികമായി സന്ദര്‍ശനത്തിന് ആകുന്നവരുമല്ല. ഏകാന്തതയിലായിരുന്നു അദ്ദേഹം. എന്തായാലും ഇപ്പോള്‍ അതിന് അവസാനം വന്നിരിക്കുന്നു: സന്തോഷത്തോടെ ഷയോണ്‍ പറയുന്നു. 

സൗഹൃദം ശക്തമാകുകയും ഇരുവര്‍ക്കും പരസ്പരം പിരിഞ്ഞിരിക്കുന്നത് അസഹനീയമാകുകയും ചെയ്തതോടെ സ്വപ്നയാണ് തരുണിനോട് വിവാഹാഭ്യര്‍ഥന നടത്തിയത്. അദ്ദേഹം ഉടന്‍ തന്നെ സമ്മതം അറിയിച്ചു. കോവിഡ് കാലത്താണ് ഇരുവരുടെയും സൗഹൃദം സ്നേഹമാകുന്നത്. കോവിഡ് കാലത്തുതന്നെ വിവാഹവും നടന്നു-  കോവിഡ് കാലത്തു പലരും വിവാഹങ്ങള്‍ മാറ്റിവയ്ക്കുമ്പോള്‍ തങ്ങള്‍ അതിനു തയാറായില്ലെന്നും ഷയോണ്‍ പറയുന്നു. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സന്നിഹിതരായ ചടങ്ങില്‍ ഇരുവരും വിവാഹ പേപ്പറുകളില്‍ ഒപ്പിട്ടു. പരസ്പരം മോതിരം മാറി. വാക്സീന്‍ വരാന്‍ എത്ര നാള്‍ എടുക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ എത്രയും വേഗം വിവാഹം നടത്തുക എന്നതായിരുന്നു പദ്ധതി. ഇരുവരുടെയും കുടുംബത്തിലെ എല്ലാവരും പുതിയ ബന്ധത്തെ അനുകൂലിച്ചു എന്നതും ശുഭശസൂചനമായാണ് ദമ്പതികള്‍ കാണുന്നത്. 

ജീവിതം ദീര്‍ഘമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ ഓരോരുത്തര്‍ക്കും മറ്റൊരാളുടെ കൂട്ട് അനിവാര്യമാണ്. കൂട്ട് അകാലത്തില്‍ നഷ്ടപ്പെടുന്നവര്‍ മനസ്സിനിണങ്ങിയ പങ്കാളിയെ തിരഞ്ഞെടുത്ത് ജീവിതയാത്ര പൂര്‍ത്തിയാക്കുകയാണുവേണ്ടത്: തന്റെ അപ്രതീക്ഷിതമായ രണ്ടാം വിവാഹത്തെക്കുറിച്ച് തരുണ്‍ പറയുന്നു. ലോകത്തിന് അദ്ദേഹം നല്‍കുന്ന സന്ദേശവും ഇതുതന്നെ.

English Summary: Son Shares photos of father's Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com