ADVERTISEMENT

സിംഗിൾ പാരന്റ് ചലഞ്ച്, ബെസ്റ്റ് കപ്പിൾ ചലഞ്ച്, ബെസ്റ്റ് മാം ചലഞ്ച് എന്നിങ്ങനെ ദിനംപ്രതി വർധിച്ചു വരുന്ന ചലഞ്ചുകൾക്കു പിന്നാലെയാണ് സോഷ്യൽ ലോകം. അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായ ചലഞ്ച് ആയിരുന്നു സിംഗിൾ പാരന്റ് ചലഞ്ച്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള മലയാളികളാണ് തങ്ങളുടെ അനുഭവം ഈ ചലഞ്ചിലൂടെ അറിയിച്ചത്. എന്നാൽ ഇത്തരം ചലഞ്ചുകൾക്കു പിന്നിലെ ചതിക്കുഴികൾ നമ്മൾ മനസ്സിലാക്കുന്നില്ലെന്നതാണു വസ്തുത. ലംഗ്സ് കാൻസർ ബാധിതയായി ഭാര്യ മരിച്ചതിനെ തുടർന്ന് നാലു മക്കളുമായി ജീവിക്കുന്ന പ്രവാസിയായ മലയാളി എഴുതിയ കുറിപ്പ് അക്കൂട്ടത്തില്‍ ഒന്നുമാത്രം. ഓൺലൈൻ മാധ്യമങ്ങൾ പലരുടെയും അനുഭവക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു, എന്നാൽ ജീവിതാനുഭവം സൈബർലോകത്ത് പങ്കുവച്ചതോടെ തന്റെ സ്വസ്ഥത നഷ്ടമായെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. ഇത്തരം ചലഞ്ചുകൾ വലിയ ചതിക്കുഴികൾ തീർക്കുന്നവയാണെന്ന് അറിയാതെയാണ് നമ്മൾ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതെന്നും പ്രവാസിയായ ബിജു മനോരമ ഓൺലൈനോട് പ്രതികരിച്ചു. 

മക്കളോടൊപ്പം സ്വസ്ഥമായി ജീവിച്ചിരുന്ന തനിക്ക് ജീവിതാനുഭവം പങ്കുവച്ചതിലൂടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് ബിജു. ഈ കുറിപ്പ് പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ തോന്നുന്നത്. ഇതിലൂടെ സ്വസ്ഥതയും സമാധാനവും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ബിജു തന്റെ അനുഭവം പറയുന്നത് ഇങ്ങനെ: ഈ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം എട്ടിലധികം ഫേക്ക് ഐഡികളിൽ നിന്നാണ് എനിക്ക് കോളുകൾ വന്നത്. അതിൽ ഒരു ഫേക്ക് ഐഡിയിൽ നിന്നും വന്ന കെണിയിൽ ഞാൻ കുടുങ്ങി. കുട്ടികളെ നോക്കാമെന്നു പറഞ്ഞ് ഒരു സ്ത്രീ എനിക്ക് സന്ദേശം അയച്ചു. ഉടനെ അവരുടെ പ്രൊഫൈൽ എല്ലാം പരിശോധിച്ചു. അപ്പോൾ അതൊരു ഫേക്ക് ഐഡിയാണെന്നു തോന്നിയതുമില്ല. ഞാൻ ആ കാര്യം അംഗീകരിക്കുകയും ഇപ്പോൾ കുവൈറ്റിലാണുള്ളത് നാട്ടില്‍ വരുമ്പോൾ വിളിക്കാമെന്നു പറയുകയും ചെയ്തു. ഇങ്ങനെ പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ച എനിക്ക് ഉടനെ അവരുടെ വിഡിയോ കോൾ വന്നു. യാതൊരു അസ്വാഭാവികതയും തോന്നാതിരുന്ന ഞാൻ ഉടനെ ആ കോൾ അറ്റന്റ് ചെയ്തു. പക്ഷേ, പിന്നീടാണ് അത് ചതിക്കുഴിയാണെന്ന് ബോധ്യമായത്. 

കോൾ എടുത്തയുടനെ അവർ വിവസ്ത്രയാകുകയായിരുന്നു. സത്യത്തില്‍ എന്താണു സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസ്സിലായില്ല. സംഗതി കെണിയാണെന്ന് മനസ്സിലായ ഉടനെ കോൾ കട്ട് ചെയ്തു. വീണ്ടും അവർ എന്നെ വിളിച്ചു. ആ സമയം കോളെടുത്ത ഞാൻ എന്റെ മുഖം കാണിക്കാതെ മാറി നിന്ന് ഇവരുടെ കോൾ റെക്കോർഡ് ചെയ്തു. എന്നാൽ ഞാൻ കോൾ റെക്കോർഡ് ചെയ്യുന്നത് മനസ്സിലാക്കിയ ആ സ്ത്രീ ആദ്യത്തെ കോളിൽ എന്റെ മുഖം പതിഞ്ഞിട്ടുണ്ടെന്നും ആ കോൾ എന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൈമാറുമെന്നും ഭീഷണിപ്പെടുത്തി. നിന്റെ കുഞ്ഞുങ്ങളുടെ ഭാവിയെ വരെ ബാധിക്കുന്ന വിധത്തിൽ എഡിറ്റ് ചെയ്യുമെന്നും അവർ പറഞ്ഞു. ഇതിനു ശേഷം നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നതായും അതിൽ നിന്നും ഈ വിഡിയോകോൾ പലർക്കും പങ്കുവയ്ക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. മാത്രമല്ല, എന്റെ മെസഞ്ചറിൽ നിന്നും ഭാര്യയുടെ സുഹൃത്തുക്കൾക്കടക്കം പലർക്കും സെക്സ് ചാറ്റിനു താത്പര്യമുണ്ടോ എന്ന വിധത്തിൽ സന്ദേശങ്ങൾ അയക്കുകയും ചെയ്തു. അറിയാവുന്നവരായതിനാ‍ൽ അവർ എന്നെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കി. . 

അതിനു ശേഷം എട്ടിലധികം ഫേക്ക് ഐഡികളിൽ നിന്ന് തുടർച്ചയായി എനിക്ക് വിഡിയോ കോൾ വന്നുകൊണ്ടിരുന്നു. എടുത്താൽ ചതിക്കുഴിയിൽ വീഴുമെന്ന് എനിക്കുറപ്പായിരുന്നു. അതിനിടയിൽ ഒരു യുവതിയുടെ പ്രൊഫൈലിൽ നിന്ന് വിവാഹാലോചന വന്നു. പക്ഷേ പ്രൊഫൈലിൽ ഒരു ഫോട്ടോയും ഇല്ല. ഫോട്ടോ അയക്കാൻ‍ അവരോടു ഞാൻ ആവശ്യപ്പെട്ട ഉടനെ ആ പ്രൊഫൈലിൽ നിന്ന് എനിക്ക് വിഡിയോ കോൾ വന്നു. ഒരു അനുഭവം ഉള്ളതിനാൽ ആ കോൾ ഞാൻ എടുത്തില്ല. പ്രൊഫൈൽ ഫോട്ടോയുമായി റെക്കോർഡ് ചെയ്ത് കോൾ അയക്കാൻ പറഞ്ഞതോടെ പിന്നെ ആ ഐഡിയിൽ നിന്നും കോൾ വന്നില്ല. 

ഇതൊരു വലിയ ചതിക്കുഴിയാണെന്ന് എന്റെ അനുഭവത്തിലൂടെ എനിക്ക് മനസ്സിലായി. പലപ്പോഴും നമ്മളുമായി ബന്ധപ്പെട്ടവരോ സൗഹൃദവലയത്തിലുള്ളവരോ ആയവരുടെ പേരിലാണ് ഇത്തരം വ്യാജപ്രൊഫൈലുകൾ ഉണ്ടാക്കുന്നത്. അറിയാത്ത ഐഡികളിൽ നിന്നും വരുന്ന ഫയലുകൾ തുറക്കാതിരിക്കുകയും കോളുകൾ സ്വീകരിക്കുകയും അരുത്. ഇത്തരം കെണിയിൽ വീണതിനു ശേഷം മാത്രമായിരിക്കും നമുക്ക് കാര്യങ്ങൾ മനസ്സിലാകുക. ജീവിതാനുഭവങ്ങൾ ഇത്തരം സോഷ്യൽ മീഡിയ ചലഞ്ചിലൂടെ പറയുന്നവർ രണ്ടുവട്ടം ചിന്തിക്കണം. കാരണം വലിയ ചതിക്കുഴികളാണ് നിങ്ങളെ കാത്തിരിക്കുന്നത്.’– ബിജു പറയുന്നു. 

English Summary: Single Parent Challenge Trap in Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com