ADVERTISEMENT

ഉത്തർപ്രദേശിലെ പ്രയാഗ്‍രാജ് ജില്ലയിൽ നിന്നുള്ള പ്രതിശ്രുത വധുവരൻമാരെ വിവാഹദിവസം കാത്തിരുന്നത് ദുരന്തവാർത്ത. വിവാഹം നടക്കേണ്ട ദിവസം രാവിലെ വധുവിന് വീടിന്റെ മേൽക്കൂരയിൽ നിന്നു വീണു പരുക്കേറ്റു. എന്നാൽ ശുഭമുഹൂർത്തത്തിലെ വിവാഹം തീരുമാനിച്ചതുപ്രകാരം നടത്താൻ തന്നെയായിരുന്നു അവരുടെ തീരുമാനം. വീഴ്ചയിൽ നട്ടെല്ലിനും കാലുകൾക്കും പരുക്കേറ്റ വധു ആശുപത്രിയിലായെങ്കിലും വിവാഹം നടന്നതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരും. വിവാഹവേദി ആശുപത്രിയായി എന്നു മാത്രം. ആശുപത്രിയിൽ ഡോ. സച്ചിൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് വിവാഹം നടത്താനുള്ള അനുമതി കൊടുത്തത്.

യുവതിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർ പറയുന്നത്. നട്ടെല്ലിന് പരുക്കുണ്ടെങ്കിലും ആശങ്കപ്പെടാനില്ല. കാലുകൾ അനക്കുന്നതിനും പ്രയാസം അനുഭവപ്പെടുന്നുണ്ട്. എന്നാൽ വിവാഹം നടത്തണമെന്നുതന്നെ വാശിപിടിച്ചപ്പോൾ അനുമതി കൊടുക്കുകയായിരുന്നു എന്നാണ് ഡോക്ടർ പറയുന്നത്. വാഹനത്തിൽ കയറി യാത്ര ചെയ്യുന്നതിൽ നിന്ന് യുവതിയെ ഡോക്ടർമാർ വിലക്കിയിട്ടുമുണ്ട്. യുവതി കിടക്കയിൽ കിടന്നുകൊണ്ട് നടത്തിയ വിവാഹം പുതിയൊരു അനുഭവമായിരുന്നെന്നും ഡോക്ടർമാരും ആശുപത്രി ജീവനക്കാരും പറയുന്നു.

സംഭവിച്ചതെല്ലാം വിധിയാണ്. അതിനെ തടയാൻ ആർക്കും കഴിയില്ല. എപ്പോഴും ഭാര്യയ്ക്കൊപ്പം ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. ആശുപത്രിയിലാണെങ്കിലും അിതിനു മാറ്റമില്ല– ആശുപത്രിയിലെത്തി യുവതിയെ പരിണയിച്ച അവദേശ് എന്ന യുവാവ് പറയുന്നു.

വീഴ്ച സംഭവിച്ചപ്പോൾ ഞാൻ വല്ലാതെ പരിഭ്രമിച്ചു. എന്നാൽ എണീറ്റു നടക്കാൻ പറ്റിയില്ലെങ്കിൽപ്പോലും കൂടെയുണ്ടാകുമെന്ന് ഭർത്താവ് ഉറപ്പു നൽകിയതോടെ എന്റെ പേടി മാറി. വീഴ്ച സംഭവിച്ചെങ്കിലും  ഞാൻ ഇപ്പോൾ സന്തോഷവതിയാണ്: ആശുപത്രിയിൽ വച്ച് വിവാഹം കഴിച്ച ആരതി പറയുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തി ഭാര്യാ–ഭർത്താക്കൻമാർക്ക് ആശംസകൾ നേർന്നു.

English Summary: Bride Fell From Roof Hours Before Wedding. What Groom Did

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com