ഇർഫാൻ, എങ്ങനെയാണ് 2021നെ വരവേൽക്കേണ്ടത്? പുതുവർഷത്തിൽ ഹൃദയഭേദകമായ കുറിപ്പുമായി സുതപ

irrfan-sutapa
SHARE

കടന്നുപോകുന്ന വര്‍ഷത്തെ ഏറ്റവും വിഷമം പിടിച്ചത് എന്നു വിശേഷിപ്പിക്കുക എളുപ്പമാണെങ്കിലും ഇര്‍ഫാന്‍ ഖാന്‍  സമീപത്തുള്ളപ്പോള്‍ താന്‍ നഷ്ടബോധമറിയുന്നില്ലെന്നു വ്യക്തമാക്കി നടന്റെ ഭാര്യ സുതപ സിക്തര്‍. 

കഴിഞ്ഞുപോകുന്ന വര്‍ഷത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് അഭിനേതാവ് ഇര്‍ഫാന്‍ ഖാന്റെ വേര്‍പാട്. അപൂര്‍വ രോഗം ബാധിച്ചാണു കഴിഞ്ഞ ഏപ്രില്‍ 29 ന് ഹോളിവുഡിലും ബോളിവുഡിലും തിളങ്ങിയ നടന്‍ ഇര്‍ഫാന്‍ ഖാന്‍ 53-ാം വയസ്സില്‍ അഭിനയത്തോടും യഥാര്‍ഥ ജീവിതത്തോടും വിട ചൊല്ലിയത്. രണ്ടു വര്‍ഷത്തോളം അപൂര്‍വ കാന്‍സറിനോട് പടപൊരുതിയാണ് ഖാന്‍ അപ്രതീക്ഷിതമായി അകാലത്തില്‍ അഭിനയത്തിനു തിരശ്ശീലയിട്ടത്. നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഇര്‍ഫാന്റെ സഹപാഠിയായിരുന്നു സുതപ. 

‘കഴിഞ്ഞ വര്‍ഷം നമ്മള്‍ ഒരുമിച്ചായിരുന്നു. പൂന്തോട്ടം നനച്ചും പക്ഷികള്‍ക്കു തീറ്റ കൊടുത്തുമെല്ലാം നമ്മള്‍ ഒരുമിച്ചാണ് ഇതുവരെ ജീവിച്ചത്. ഇപ്പോള്‍ താങ്കളില്ലാതെ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. പുതുവര്‍ഷത്തെ എങ്ങനെ വരവേല്‍ക്കണം എന്നുപോലും എനിക്കറിയില്ല. താങ്കള്‍ എന്റെ കൂടെയില്ലാത്ത വര്‍ഷത്തോട് വിടപറയാനും ഒറ്റയ്ക്ക് എനിക്ക് കഴിവില്ല: ഇര്‍ഫാനൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയയ്തുകൊണ്ട് സുതപ എഴുതി. 

ഇര്‍ഫാന്‍- സുതപ ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്: ബബീലും അയാനും. മഖ്ബൂല്‍, ലഞ്ച് ബോക്സ്, നെയിം സേക് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇര്‍ഫാന്‍ ലോക സിനിമാ ചരിത്രത്തില്‍ സ്വന്തമായ ഇടം നേടുന്നത്. 2017 ല്‍ ലൊകാര്‍ണോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രം സോങ് ഓഫ് സ്കോര്‍പിയന്‍സ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ലോക സിനിമയില്‍ തന്നെ അഭിനയ ശേഷികൊണ്ട് ഇടം നേടിയ ഇര്‍ഫാന്റെ വിയോഗത്തിന്റെ വ്യഥയാണ് കഴിഞ്ഞ വര്‍ഷം ബക്കിവയ്ക്കുന്ന ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന്. ഇപ്പോഴും നടന്റെ വിയോഗവുമായി പൂര്‍ണമായും പൊരുത്തപ്പെടാന്‍ സുതപയ്ക്കും കുടുംബത്തിനും കഴിഞ്ഞിട്ടുമില്ല. അതിനിടെയാണ് പുതുവര്‍ഷാഘോഷത്തിനിടെ ഇര്‍ഫാനെ ഓര്‍മിച്ചും അദ്ദേഹമില്ലാത്ത വര്‍ഷത്തെ എങ്ങനെ സ്വീകരിക്കണമെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും വ്യക്തമക്കി സുപദ സമൂഹ മാധ്യമത്തില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്

English Summary: ‘I have no idea how to welcome 2021’: Sutapa Sikdar in note to late husband Irrfan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.