ജോലി സ്ഥലത്ത് നിന്ന് തിരിച്ചെത്താൻ വൈകിയ ഭർത്താവിന്റെ മുഖത്തേക്ക് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. മുഖത്ത് ഗുരുതരമായി പൊള്ളല്ലേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35കാരിയായ ശിവകുമാരി ആഹിർവാറാണ് കേസിലെ പ്രതി.
ദിവസവേതനക്കാരാണ് സ്ത്രീയുടെ ഭർത്താവായ അരവിന്ദ് ആഹിർവാർ. തൊഴിലിടത്തിൽ നിന്ന് വീട്ടിലെത്താൻ വൈകുന്നതിന്റെ പേരിൽ ഭർത്താവും ഭാര്യയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപും ഈ വിഷയത്തിൽ ഇരുവരും തമ്മിൽ വഴക്കിട്ടു. കുടുംബാംഗങ്ങൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായിരുന്നു. തുടർന്ന് ഭർത്താവ് ഉറങ്ങി കിടക്കുമ്പോൾ ഭാര്യ തിളച്ച എണ്ണ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. അരവിന്ദിന്റെ നിലവിളി കേട്ട് വീട്ടിലുള്ളവർ ഓടിയെത്തുകയായിരുന്നു, ഗുരുതരമായി പൊള്ളലേറ്റ അരവിന്ദ് ബുണ്ഡേൽഖണ്ഡ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അരവിന്ദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവകുമാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ചെയ്ത കാര്യത്തിൽ പശ്ചാത്തപിക്കുന്നതായി ശിവകുമാരി പിന്നീട് പറഞ്ഞെന്ന് അരവിന്റെ സഹോദരൻ പറഞ്ഞു.
English Summary: MP Woman Pours Boiling Hot Oil on Husband’s Face For Returning Home Late, He Suffers Severe Burn Injuries