പരസ്പരം ഏറെ സ്നേഹിക്കുന്ന ദമ്പതികളാണ് എങ്കിൽ പോലും ദാമ്പത്യ ബന്ധത്തിൽ ഉണ്ടാകുന്ന ചില അനാവശ്യ പ്രശ്നങ്ങൾ മൂലം അകന്നു പോകാറുണ്ട്. തിരിഞ്ഞു ചിന്തിക്കുമ്പോൾ നിസ്സാരമായി ഒഴിവാക്കാമായിരുന്ന കാര്യങ്ങളുടെ പേരിലാവും പലപ്പോഴും കുടുംബ ബന്ധത്തിൽ വിള്ളൽ ഉണ്ടാകുന്നത്. ഒന്നു ശ്രദ്ധിച്ചാൽ ചില തെറ്റുകൾ ഒഴിവാക്കി ദാമ്പത്യബന്ധം മനോഹരമാക്കാവുന്നതേയുള്ളൂ.
മാതാപിതാക്കളുടെ റോൾ ഏറ്റെടുക്കേണ്ട
എന്തുകാര്യം ചെയ്യുമ്പോഴും പങ്കാളിയുടെ അഭിപ്രായത്തോടെ ചെയ്യുന്നത് ദമ്പതികളുടെ ഒരുമയെ തന്നെയാണ് സൂചിപ്പിക്കുന്നത്.എന്നാൽ അത് ഒരാൾക്ക് മറ്റൊരാളുടെ മേലുള്ള അടിച്ചേൽപ്പിക്കലാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.പങ്കാളി എന്തു ചെയ്യുമ്പോഴും അനാവശ്യ നിർദേശങ്ങൾ നൽകുകയും താൻ പറയുന്നതനുസരിച്ച് മാത്രം ചെറിയ കാര്യങ്ങൾ പോലും ചെയ്യണം എന്ന് വാശി പിടിക്കുകയും ചെയ്യുന്നത് പങ്കാളിയുടെ അനിഷ്ടത്തിന് പാത്രമാകുന്നതിലേക്കേ നയിക്കൂ. ചുരുക്കത്തിൽ കൊച്ചു കുട്ടികളെ മാതാപിതാക്കൾ നിയന്ത്രിക്കുന്നത് പോലെ പങ്കാളിയുടെ നിയന്ത്രണം ഏറ്റെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
യാഥാർത്ഥ്യത്തിനു നിരക്കാത്ത അമിത പ്രതീക്ഷകൾ വേണ്ട
കുടുംബ ബന്ധത്തിലേക്ക് കടക്കുന്നതിന് മുൻപ് എത്ര അടുത്തറിയുന്നവർ ആണെങ്കിലും ഒരുമിച്ചുള്ള ജീവിതം വ്യത്യസ്തം തന്നെ ആയിരിക്കും.അതിനാൽ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പൂർണത ഉണ്ടാവുമെന്ന അമിത പ്രതീക്ഷ വെച്ചു പുലർത്താതിരിക്കുക. ഒരോ സാഹചര്യവും മാനസിക നിലയും അനുസരിച്ച് മാത്രം പെരുമാറാൻ സാധിക്കുന്ന സാധാരണ വ്യക്തിയാണ് പങ്കാളിയെന്നും, പല കാര്യങ്ങളിലും തെറ്റുകുറ്റങ്ങൾ സംഭവിക്കാമെന്നും തിരിച്ചറിഞ്ഞു മാത്രം പ്രവർത്തിക്കുക.
പങ്കാളിയെ മാറ്റിയെടുക്കാം എന്ന ചിന്ത വേണ്ട
തന്റെ ഇഷ്ടത്തിനും രീതികൾക്കും അനുസരിച്ചല്ല പങ്കാളിയുടെ ശൈലികൾ എങ്കിൽ പലപ്പോഴും കാലക്രമേണ അവരെ മാറ്റിയെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് അധികവും.ചില കാര്യങ്ങളിൽ ഇത് ഗുണം ചെയ്യുമെങ്കിലും പങ്കാളിയെ പൂർണ്ണമായി മാറ്റിയെടുക്കാനുള്ള അമിതാവേശം ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകുന്നതിനു മാത്രമേ ഉപകരിക്കൂ. പങ്കാളിയുടെ ഇഷ്ടങ്ങൾ അനുസരിച്ച് ചില കാര്യങ്ങളിൽ നിന്ന് പിന്നോട്ടും ചില കാര്യങ്ങളിൽ മുന്നോട്ടും ചുവടുകൾ വെക്കേണ്ടതായി വന്നേക്കാം. അതിനുപകരം തൻറെ രീതികൾക്ക് അനുസരിച്ച് ഭാര്യയോ ഭർത്താവോ പൂർണമായി മാറണം എന്ന വാശി നന്നല്ല.
അമിത ആശ്രയവും ആപത്ത്
എന്തു ചെറിയ കാര്യത്തിനും പങ്കാളിയെ ആശ്രയിച്ചുകൊണ്ട് മാത്രം ജീവിച്ചാൽ പ്രശ്നങ്ങൾ ഒഴിവാക്കാം എന്ന് കരുതുന്നവരുണ്ട്.എന്നാൽ കാലക്രമേണ ഇത് നിങ്ങളുടെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. അതിനാൽ തനിയെ ചെയ്യാവുന്ന കാര്യങ്ങൾ അങ്ങനെ തന്നെ ചെയ്യാൻ ശ്രമിക്കുക.നിങ്ങൾക്ക് കൈകാര്യം ചെയ്യാവുന്ന നിസ്സാര കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനു പോലും പങ്കാളിയെ ആശ്രയിക്കണം എന്ന ചിന്താഗതി കാലക്രമേണ അപകർഷതാബോധമായി വളരാൻ സാധ്യതയുണ്ട്.
പരാതികളും പരിഭവങ്ങളും അങ്ങാടിപ്പാട്ടാക്കേണ്ട
ബന്ധങ്ങളിൽ ചെറിയ ഉലച്ചിലുകൾ ഉണ്ടായാൽ പോലും അവ പരിഹരിക്കുന്നതിനുവേണ്ടി വേണ്ടി പങ്കാളിയെക്കുറിച്ചുള്ള പരാതികൾ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും പങ്കുവയ്ക്കുന്നവരാണ് അധികവും.ഈ പ്രവണതയാണ് പലപ്പോഴും നിസ്സാര കുടുംബപ്രശ്നങ്ങൾ വലിയ കലഹത്തിലേക്ക് നയിക്കുന്നതിന് കാരണമാകുന്നത്.മൂന്നാമതൊരാളുടെ ഇടപെടലോ ഉപദേശമോ എപ്പോഴും ബന്ധങ്ങളിൽ ഗുണം ചെയ്യണമെന്നില്ല.പരസ്പരം സംസാരിച്ചോ ചർച്ചചെയ്തോ പരിഹരിക്കാവുന്ന കാര്യങ്ങൾ ആണെങ്കിൽ അവ ആദ്യം പങ്കാളിയോട് തന്നെ തുറന്നു സംസാരിക്കുന്നതാണ് ഉചിതമായ മാർഗ്ഗം.