ADVERTISEMENT

അർബുദത്തിന് കീഴടങ്ങി അമ്മ മരിച്ചെന്ന സത്യം മകളോട് പറയാനാകാതെ ഒരു അച്ഛൻ. വെറും നാലു വയസ് മാത്രം പ്രായമുള്ള മകളെ വേദനിപ്പിക്കാൻ ആ അച്ഛന് കഴിയുന്നില്ല. ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്ന തന്റെ അവസ്ഥയെ കുറിച്ച് പറയുകയാണ് ഒരു പിതാവ്. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

‘കഴിഞ്ഞ മാസം എന്റെ ജന്മദിനത്തിന് എന്റെ ഭാര്യ എന്നോട് അവസാനമായി ഒന്ന് പുറത്തുകൊണ്ടുപോകാൻ പറഞ്ഞു. ഞങ്ങൾ ചുറ്റിനടന്നു, അവളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റിൽ പോയി സാൻഡ്‌വിച്ചും ഇഡ്ഡലിയും കഴിച്ചു. അർബുദത്തിന്റെ അവസാന സ്റ്റേജിലായിരുന്ന അവൾ ഗ്ലൂക്കോസ് ഡ്രിപ്പിട്ടിരുന്നു. കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ പറഞ്ഞത് നിങ്ങൾ മറ്റൊരു വിവാഹം ചെയ്യണമെന്നും സോയിക്ക് ഒരു അമ്മ വേണമെന്നുമാണ്. പക്ഷേ, ഞാനത് വിസമ്മതിച്ചു. നിന്റെ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ പോലും എനിക്കാകില്ല എന്ന് ഞാൻ പറഞ്ഞു. അത് കേൾക്കാത്ത ഭാവത്തിൽ മുന്നോട്ട് പോയ അവൾ നിങ്ങൾ എത്രമാത്രം തിരക്കിലാണെങ്കിലും നമ്മുടെ മകൾക്കായിരിക്കണം മുൻഗണന നൽകേണ്ടത് എന്ന് പറഞ്ഞു. 

രണ്ടാഴ്ചയ്ക്കു ശേഷം അവൾ മരണത്തിനു കീഴടങ്ങി. പക്ഷേ, ജീവിതം മുന്നോട്ട് പോകാനുള്ള പ്രേരണ അവൾ എനിക്ക് നൽകിയിരുന്നു. മകൾ സോയി. സംസ്കാര ചടങ്ങുകൾക്ക് ഒരു മണിക്കൂറിനു ശേഷം ഞാൻ സോയിയുമായി പാർക്കിലേക്ക് പോയി. അവള്‍ എന്നെ കണ്ടപ്പോൾ ഓടിവന്ന് മുറുകെ കെട്ടിപ്പിടിച്ചു. എനിക്ക് അത് വലിയ ആശ്വാസമായിരുന്നു. അവൾ അമ്മയെ അതിന് മുമ്പ് കാണുന്നത് ഒരു മാസം മുന്‍പാണ്. അവള്‍ മുത്തശ്ശിക്കൊപ്പം ആയിരുന്നു. അന്നവൾ ഒരുപാട് കരഞ്ഞു. പക്ഷേ ഇപ്പോൾ അമ്മയില്ലാത്ത അവസ്ഥയോട് അവൾ പൊരുത്തപ്പെട്ടിരിക്കുന്നു. അടുത്ത ദിവസം മുതൽ സോയിയുടെ എല്ലാ ചുമതലകളും ഞാൻ ഏറ്റെടുത്തു. ഭക്ഷണം കൊടുക്കുന്നതും മുടി കെട്ടുന്നതുമെല്ലാം. അവളുടെ മുടി കഴുകി കൊടുത്തിരുന്നത് അമ്മയാണ്. അത് മാത്രം അവൾ എന്നെക്കൊണ്ട് ചെയ്യിക്കാൻ വിസമ്മതിച്ചു. ഒരുമാസത്തേക്ക് മുടി കഴുകിയില്ല. ഞാനവൾക്ക് പാട്ട് പാടികൊടുത്തും കളിപ്പാട്ടങ്ങൾ കാണിച്ചും ശ്രദ്ധ തിരിച്ചു. അങ്ങനെയാണ് തല കുളിപ്പിച്ചത്.

രാത്രിയിൽ കഥകൾ പറഞ്ഞുകൊടുത്തും 100 മുതൽ പിന്നോട്ട് എണ്ണാൻ പറഞ്ഞുമൊക്കെയാണ് ഉറക്കിയിരുന്നത്. ചിലപ്പോൾ, സോയി അർധരാത്രിയിൽ ഉറക്കമുണരും. എന്നെ ചുറ്റും കണ്ടില്ലെങ്കിൽ, അവൾ കരയാൻ തുടങ്ങും. ഞാൻ പകൽ മുഴുവൻ സോയിയോടൊപ്പമുണ്ടാകും. അതിനാൽ രാത്രിയിലാണ് ജോലി ചെയ്യുക. അവൾ എപ്പോഴെങ്കിലും ഉണർന്നാൽ എന്റെ ക്ലയന്റ് കോൾ താൽക്കാലികമായി നിർത്തി അവൾക്കരികിലേക്ക് ഓടും. ഞങ്ങൾ രണ്ടാഴ്ച കഴിഞ്ഞ് പാർക്കിൽ പോയി. അപ്പോൾ സോയി ഒരു പൂച്ചയെ കണ്ടു, 'നോക്കൂ പപ്പാ, ആ പൂച്ചയ്ക്ക് മമ്മയെ നഷ്ടപ്പെട്ടു.' അവൾ പറഞ്ഞു. ഞാനാകെ സ്തംഭിച്ചുപോയി. സോയി അവളുടെ അമ്മയെ മറന്നുവെന്നാണ് ‍ഞാൻ കരുതിയത്. പക്ഷേ അമ്മ എവിടെ എന്ന ഉത്തരം അവൾ തേടുകയാണെന്ന് മനസ്സിലായി. 

പിന്നീട് അവൾ പപ്പാ മമ്മയെ കണ്ടോ എന്ന് ചോദിക്കും. ഞാൻ കണ്ടില്ല എന്ന് പറഞ്ഞപ്പോൾ അമ്മ ഒളിച്ചിരിക്കുകയാണെന്ന് അവൾ പറഞ്ഞു. അവൾ സ്വയം സമാധാനപ്പെടുത്തുന്നതു പോലെ തോന്നി. അമ്മയെ എന്റെ മകൾക്ക് നന്നായി മിസ് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. പക്ഷേ സത്യം പറയാൻ ഉള്ള ശക്തി എനിക്കില്ലായിരുന്നു. സോയിക്ക് വെറും 4 വയസ് മാത്രമല്ലേയുള്ളൂ. ഞാൻ അവളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. ഞങ്ങൾ ഡോക്ടർ–ഡോക്ടർ കളിച്ചു. പട്ടം പറത്താൻ പഠിപ്പിച്ചു. പതുക്കെ അവൾ മമ്മയെ അന്വേഷിക്കുന്നത് നിർത്തി. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം അവളുടെ സുഹൃത്ത് അമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ മമ്മ ഷോപ്പിങ്ങിന് പോയി എന്നാണ് സോയി പറഞ്ഞത്. അന്ന് ഞാൻ ശരിക്കും നിസ്സഹായനായി. കരഞ്ഞുകൊണ്ടാണ് അന്ന് രാത്രി ഉറങ്ങിയത്. 

ഒരിക്കൽ അവളോട് സത്യം തുറന്നു പറയണം എന്ന് എനിക്കറിയാം. പക്ഷേ ഇപ്പോൾ‌ അവളുടെ ഹൃദയം തകർക്കാൻ എനിക്കാകില്ല. അവൾ അത്രമാത്രം കുഞ്ഞാണ്. കുറച്ചുകൂടി മുതിർന്ന് കഴിഞ്ഞാൽ ഉറപ്പായും അവളുടെ അമ്മയെക്കുറിച്ച് ഞാൻ സംസാരിക്കും. അമ്മ ഒരു പോരാളിയായിരുന്നുവെന്നും സോയിയെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും പറയും.ഓരോ തവണയും അവൾ പുഞ്ചിരിക്കുമ്പോൾ അവൾ മമ്മയെപ്പോലെയാണ്.’– അദ്ദേഹം പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com