വിവാഹത്തിന് ഒഴിച്ചുകൂടാനാകാത്ത ഒരു സംഭവമാണ് ഫോട്ടോഗ്രാഫി. പരീക്ഷണങ്ങളുടെ മേഖല കൂടിയായ വിവാഹ ഫോട്ടോഗ്രാഫി ഫോട്ടോഗ്രാഫർമാർക്ക് ഏറെ വെല്ലുവിളി ഉണർത്തുന്നതുമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വിവരിക്കുന്ന വിഡിയോയാണ്. ഇന്ത്യൻ വിവാഹത്തിന്റെ വിഡിയോ ആണിത്.
വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രാഫർ ഇവിടെ. വരനെ മാറ്റിനിർത്തി സർവാഭരണ ഭൂഷിതയായ വധുവിലെക്കു ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയിൽ വരൻ മാറി നിന്നുകൊടുക്കുന്നതാണ് വിഡിയോയിൽ. പക്ഷേ അൽപ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫർ വധുവിന്റെ മുഖം പിടിച്ചുയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിക്കുന്നു.
ഇതോടെ വരന്റെ സ്വഭാവം മാറി. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു.വരൻ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി. വധുവിനെ സ്പർശിച്ചതിൽ ഉണ്ടായ അലോസരമാണ് കാരണം. എന്നാൽ ഇത് കണ്ട വധു ഞെട്ടിയില്ല. പകരം വലിയ തമാശ സംഭവിച്ച മട്ടിൽ നിലത്തു വീണു കിടന്ന് പൊട്ടിച്ചിരിക്കുകയാണ്. ഇതോടെ വരനും ഫോട്ടോഗ്രാഫറു ചിരിക്കുന്നുണ്ട്.