sections
MORE

മക്കളുടെ മൃതദേഹങ്ങൾക്കു പകരം അച്ഛൻ കണ്ടത് പാവകളെ: അന്വേഷണത്തിൽ തെളിഞ്ഞത് സിനിമയെ വെല്ലുന്ന കഥ!

boy-burried
SHARE

തനിക്ക് ജനിച്ച ഇരട്ട കൺമണികൾ മരണപ്പെട്ടതിന്റെ സങ്കടത്തിലായിരുന്നു റഷ്യൻ സ്വദേശിയായ ദാവൂദ് എന്ന പിതാവ്. ആശുപത്രിയിൽ നിന്നു പൊതിഞ്ഞ നിലയിൽ ലഭിച്ച നവജാതശിശുക്കളുടെ മുഖം അദ്ദേഹത്തിന് കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ അടക്കം ചെയ്യുന്നതിനു മുൻപായി മക്കളെ ഒരു തവണയെങ്കിലും കാണണമെന്ന ആഗ്രഹത്തെ തുടർന്ന് അവരെ പൊതിഞ്ഞിരുന്ന തുണി മാറ്റിയ അദ്ദേഹം കണ്ടത് അമ്പരപ്പിക്കുന്ന ഒരു കാഴ്ചയാണ്. തന്റെ രണ്ട് ആൺമക്കളുടെ സ്ഥാനത്ത് വെറും പാവകൾ മാത്രമാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ ഉണ്ടായിരുന്നത്.

കുട്ടികളുടെ ഡയപ്പർ ധരിപ്പിച്ച് യഥാർത്ഥ ശിശുക്കൾ എന്ന് തോന്നും വിധമാണ്  രണ്ട് കുഞ്ഞുങ്ങളെയും പൊതിഞ്ഞിരുന്നത്.അവ പാവകളാണ് എന്ന് തിരിച്ചറിഞ്ഞതോടെ മക്കൾ ജീവനോടെ ഉണ്ടാവാം എന്നും ആശുപത്രി അധികൃതർ ശിശുക്കളെ കടത്തിയതാവാമെന്നും ദാവൂദ് ചിന്തിച്ചു. തുടർന്ന് ദാവൂദും ബന്ധുക്കളും പോലീസിന്റെ സഹായം തേടി. എന്നാൽ  പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ദാവൂദിന്റെ ഭാര്യയായ ലോറ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നില്ല എന്ന് കണ്ടെത്തുകയായിരുന്നു.

സിനിമയെ വെല്ലുന്ന തരത്തിൽ ലോറ കൃത്രിമ ഗർഭം അഭിനയിച്ച് ഇക്കാലമത്രയും ദാവൂദിനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്ന് വിഷമത്തിലായിരുന്ന ദാവൂദിനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി താൻ ഗർഭിണിയാണ് എന്ന് ലോറ കള്ളം പറയുകയായിരുന്നു. ഭർത്താവും ബന്ധുക്കളും എല്ലാം അത് വിശ്വസിച്ചതോടെ പിന്നീട് മാറ്റി പറയാൻ തനിക്ക് തോന്നിയില്ല എന്നും സ്വയം ഗർഭിണിയാണ് എന്ന് വിശ്വസിച്ചു ജീവിക്കുകയായിരുന്നുവെന്നുമാണ് ലോറ പോലീസിനോട് വെളിപ്പെടുത്തിയത്.

ഭർത്താവിനെ വിശ്വസിപ്പിക്കുന്നതിനായി കഴിഞ്ഞമാസം കുഞ്ഞുങ്ങളെ കിടത്താനുള്ള കിടക്കകൾ  വരെ ലോറ  തയ്യാറാക്കിയിരുന്നു. ആശുപത്രിയിലേക്ക് പോകാനുള്ള സൗകര്യം കണക്കാക്കി തെക്കൻ റഷ്യയിലെ ഒരു ആശുപത്രിക്ക് സമീപം വീടും വാടകയ്ക്കെടുത്ത് താമസമാക്കി.ഇതിനിടെ രണ്ട് പാവകളെയും വാങ്ങി സൂക്ഷിച്ചുവെച്ചു.ദാവൂദ് ജോലിസ്ഥലത്തായിരുന്ന സമയത്ത് ആശുപത്രിയിൽ വച്ച് താൻ രണ്ട് ആൺ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും എന്നാൽ ഏതാനും ദിവസങ്ങൾക്കു ശേഷം സെറിബ്രൽ ഹെമറേജിനെ തുടർന്ന് അവർ മരണപ്പെട്ടു എന്നും ലോറ തന്നെ അറിയിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ മൃതശരീരങ്ങൾക്കൊപ്പം തന്നെ വീട്ടിലേക്ക് വിട്ടു എന്നും എത്രയുംവേഗം വീട്ടിൽ എത്തണം എന്നും ലോറ അറിയിച്ചതിനെ തുടർന്നാണ് ദാവൂദ് മടങ്ങിയെത്തിയത്.

തുണിയിൽ പൊതിഞ്ഞിരുന്നതിനാൽ കുഞ്ഞുങ്ങളെ അപ്പോഴും അദ്ദേഹത്തിന് കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ മതാചാരപ്രകാരം അടക്കം ചെയ്യുന്നതിനു മുൻപായി മുഖം കാണേണ്ടതുണ്ട് എന്ന് ബന്ധുക്കൾ പറഞ്ഞതോടെ  തുണി അഴിച്ചു മാറ്റിയപ്പോഴാണ് ലോറ രചിച്ച കള്ളക്കഥ വെളിവായത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ലോറ ചികിത്സതേടി എന്ന് അവകാശപ്പെട്ട ആശുപത്രിയിൽ അങ്ങനെയൊരു രോഗിയെക്കുറിച്ചോ കുഞ്ഞുങ്ങൾ മരണപ്പെട്ടതായോ ഉള്ള രേഖകളില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.

English Summary: Shocking moment Russian ‘father’ discovers his ‘dead newborn twins’ are actually DOLLS… then learns his wife has LIED about being pregnant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA