ADVERTISEMENT

ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം സ്വീകരിച്ചു ദിവസങ്ങള്‍ക്കകം സങ്കടക്കടലില്‍ അകപ്പെട്ട അവസ്ഥയിലായിരുന്നു ഗായിക ജാന്‍കി പരേഖ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗായികയ്ക്കും ഭര്‍ത്താവ് നകുല്‍ മേഹ്തയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നത്. സൂഫി എന്ന് അവര്‍ ഓമനപ്പേരിട്ടു വിളിച്ച ആദ്യത്തെ കണ്‍മണി. എന്നാല്‍ കുട്ടിയെ താലോലിച്ച് കൊതിതീരും മുന്‍പു തന്നെ ജാന്‍കീ പരേഖിനെത്തേടി ദുരന്തവാര്‍ത്തയും എത്തി. സൂഫിക്ക് പ്രത്യേക തരം ഹെര്‍ണിയ ബാധ. ഉടന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാകണം. അതോടെ ജാന്‍കിയുടെ സന്തോഷത്തിനു മേല്‍ കരിനിഴല്‍ വീണ പ്രതീതിയായി. പാടാന്‍ കൊതിച്ച പക്ഷിക്ക് ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ദിവസങ്ങളോളം അവര്‍. തങ്ങളുടെ ആദ്യത്തെ കണ്‍മണിയുടെ രോഗത്തെക്കുറിച്ചും 

ശസ്ത്രക്രിയയെക്കുറിച്ചുമെല്ലാം ആരോടും ഒന്നും പറയേണ്ട എന്നയിരുന്നു ഗായികയുടെ ആദ്യത്തെ തീരുമാനം. അതുവരെ ഓരോ ചെറിയ സന്തോഷ നിമിഷവും സമൂഹ മാധ്യമങ്ങളിലൂടെ അപ്പോഴപ്പോള്‍ അറിയിക്കുന്ന ജാന്‍കി കുട്ടിയെക്കുറിച്ച് ഇനി ഒന്നും എഴുതണ്ട എന്നും തീരുമാനിച്ചു. എന്നാല്‍ അസ്വസ്ഥത കൂടിയതോടെ എല്ലാം എല്ലാവരോടും തുറന്നുപറയാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. 

കുട്ടിയുടെ രോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആദ്യം തളര്‍ന്നുപോയെങ്കിലും പിന്നീട് ധൈര്യം സംഭരിച്ചെന്നു പറയുന്നു ജാന്‍കി. ജീവിതം മുന്നോട്ടുവയ്ക്കുന്ന എല്ലാ വെല്ലുവിളിയും ഏറ്റെടുത്ത് പേടിയില്ലാതെ സന്തോഷമായിരിക്കാന്‍ സൂഫിയെ പഠിപ്പിക്കുന്ന തിരക്കിലാണു താനെന്നും അവര്‍ വെളിപ്പെടുത്തുന്നു. മൂന്നാഴ്ച മുന്‍പു മാത്രമാണ് ഡോക്ടര്‍മാര്‍ കുട്ടിയുടെ 

രോഗാവസ്ഥയെക്കുറിച്ച് ജാന്‍കിയോടു കൃത്യമായി പറയുന്നത്. തുടക്കത്തില്‍ കണ്ണുനിറഞ്ഞു നിര്‍ത്താതെ കരഞ്ഞെങ്കിലും ശസ്ത്രക്രിയയ്ക്കുവേണ്ടി കുട്ടിയെ ഒരുക്കുന്ന തിരക്കില്‍ അവര്‍ പെട്ടെന്നുതന്നെ വ്യാപൃതയായി. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മൂന്നു ദിവസം മുന്‍പു തന്നെ കുട്ടിയുടെ ഉറക്കവും പാലുകുടിയുമെല്ലാം നിയന്ത്രിക്കുന്നതായിരുന്നു ആദ്യത്തെ ചുമതല. ദുഃഖപൂര്‍ണമാണെങ്കിലും ഇപ്പോഴത്തെ രോഗാവസ്ഥയെ തങ്ങള്‍ അതിജീവിക്കുമെന്നു പറഞ്ഞ് സൂഫിക്ക് ആത്മവിശ്വാസം പകരാനും അവര്‍ ശ്രദ്ധിച്ചു. താന്‍ നിരന്തരമായി സംസാരിക്കുമ്പോള്‍ സൂഫി കണ്ണൊന്നടയ്ക്കുകപോലും ചെയ്യാതെ സൂക്ഷ്മമായി ശ്രദ്ധിച്ചുകൊണ്ടിരുന്നു. അല്ലെങ്കില്‍ ശ്രദ്ധിക്കുന്നതുപോലെയാണ് ജാന്‍കീയ്ക്കു തോന്നിയത്. എന്തായാലും ഏഴു മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയെ സൂഫി അതിജീവിച്ചു. അതിനുശേഷം പാലു കൊടുത്തപ്പോള്‍ സൂഫി സമ്മാനിച്ച ചിരിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തെന്നും കണ്ണുനീരോടെ കുറിച്ച കുറിപ്പില്‍ ജാൻകി പറയുന്നു.

നമ്മള്‍ മുതിര്‍ന്നവരേക്കാള്‍ ധൈര്യവും സഹന ശക്തിയുമുള്ളവരാണ് കുട്ടികള്‍. നമ്മുടെ മനസ്സിലുള്ള കാര്യങ്ങള്‍ പോലും അവര്‍ക്കറിയാം. അവര്‍ അതിനോടു പ്രതികരിക്കുകയും ചെയ്യും. ഞാന്‍ നിര്‍ത്താതെ സംസാരിച്ച എല്ലാ വാക്കും എന്റെ സൂഫിക്കു മനസ്സിലായി എന്നുതന്നെയാണു ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണു ചുണ്ടില്‍ ചിരിയുമായി ശസ്ത്രക്രിയാ മുറിയില്‍ നിന്ന് അവനു പുറത്തുവരാന്‍ കഴിഞ്ഞതെന്നും ജാന്‍കീ പറയുന്നു. 

English Summary: Jankee Parekh-Nakuul Mehta’s son Sufi undergoes surgery, she calls him ‘her champion’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com