ADVERTISEMENT

പെണ്‍കുട്ടികളെ ഭാരമായി കരുതുന്നവരുടെ സമൂഹത്തിലാണ് ഇന്നും നമ്മൾ കഴിയുന്നത് എന്നത് ഖേദകരമായ യാഥാർഥ്യമാണ്. ആൺകുട്ടികൾക്കാണ് മിക്കവരും പ്രാധാന്യം നൽകുന്നത്. അങ്ങനെയുള്ള സമൂഹത്തിലേക്കാണ് വ്യത്യസ്തമായ ഒരു വാർത്ത എത്തുന്നത്. 35 വർഷങ്ങളായി പെൺകുട്ടികളില്ലാതിരുന്ന കുടുംബത്തില്‍ കഴിഞ്ഞ ദിവസം ജനിച്ച പെൺകുഞ്ഞിനെ ഹെലികോപ്ടറിലാണ് വീട്ടിലേക്ക് സ്വാഗതം ചെയ്തത്. അല്‍പം കൗതുകം നിറഞ്ഞ വാർത്ത കണ്ട് കയ്യടിക്കുകയാണ് ലോകം

രാജസ്ഥാൻ സ്വദേശികളായ ഹനുമാൻ പ്രജാപതിനും ചുകി ദേവിക്കും കഴിഞ്ഞ മാസമാണ് ഒരു പെൺകുഞ്ഞ് പിറന്നത്. നഗൗർ ജില്ലാ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ആശുപത്രിയിൽ നിന്ന് ചുകി ദേവി കുഞ്ഞുമായി ഹർസോലാവ് ഗ്രാമത്തിലെ സ്വന്തം വീട്ടിലേക്ക് പ്രസവ ശുശ്രൂഷയ്ക്കായി പോയി. ഒരുമാസത്തിനു ശേഷം 40 കിലോമീറ്റർ ദൂരെയുള്ള ഭർതൃഗൃഹത്തിലേക്ക് അമ്മയും കുഞ്ഞും എത്തിയത് ഹെലിക്കോപ്ടറിൽ. 35 വർഷത്തിനു ശേഷം ജനിച്ച പെൺകുഞ്ഞിനെ സ്വീകരിക്കാൻ ഹനുമാന്‍ പ്രജാപതിന്റെ കുടുംബം ഹെലികോപ്ടർ ഏർപ്പെടുത്തുകയായിരുന്നു. 

ആഘോഷങ്ങൾക്ക് നാലരലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. ഹെലികോപ്ടറിൽ എത്തുന്ന അമ്മയുടെയും കുഞ്ഞിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഹനുമാൻ പ്രജാപത്, ഭാര്യ ചുകി ദേവി, കുഞ്ഞ്, മൂന്ന് ബന്ധുക്കൾ എന്നിവരായിരുന്നു ഹെലികോപ്ടറിലെ യാത്രക്കാർ. പേരക്കുട്ടിയെ സ്വീകരിക്കുന്നതിനായി തന്റെ പിതാവ് മദൻലാൽ കുമാറിന്റെ ആശയമായിരുന്നു ഇതെന്ന് ഹനുമാൻ പ്രജാപത് പറഞ്ഞു. കാത്തിരുന്ന് കിട്ടിയ പെൺകുഞ്ഞിന് അവർ റിയ എന്ന് പേരിട്ടു. 

English Summary: Rajasthan family books helicopter to bring home first girl child born in 35 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com