sections
MORE

വാഗ്ദാനങ്ങൾ പാഴായി, കുഞ്ഞുങ്ങളുമായി വലഞ്ഞ് കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരന്റെ കുടുംബം

Amit-Rana
SHARE

ഒരു വര്‍ഷം മുന്‍പ് കോവിഡ് ബാധിച്ചു മരിച്ച പൊലീസുകാരനു പ്രഖ്യാപിച്ച ധനസഹായം ഇനിയും ലഭിക്കാതെ ഡല്‍ഹിയില്‍ ഒരു വീട്ടമ്മ. ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ സഹായമാണ് ഇനിയും കിട്ടിയിട്ടില്ലെന്നു രണ്ടു കുട്ടികളുള്‍പ്പെട്ട കുടുംബത്തെ പരിപാലിക്കാന്‍ ബുദ്ധിമുട്ടുന്ന യുവതി പറയുന്നത്.

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ പൊലീസുകാരനായിരുന്നു അമിത് റാണ. അന്ന് അദ്ദേഹത്തിന് 31 വയസ് മാത്രമായിരുന്നു. ഹരിയാനയിലെ സോനിപ്പത്തിലാണ് കുടുംബവുമൊത്ത് ജീവിച്ചിരുന്നത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഭാരത് നഗര്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരുക്കുമ്പോഴാണ് കോവിഡ് ബാധിതനായത്. അക്കാലത്തെക്കുറിച്ചു പറയുമ്പോള്‍ അമിത്തിന്റെ ഭാര്യ പൂജയുടെ കണ്ണുകളില്‍ ഇപ്പോഴും കണ്ണീര്‍ നനവ്.

‘അദ്ദേഹം മരിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ഒരു പെണ്‍കുട്ടിയുടെ അമ്മയായത്. ഡല്‍ഹി പൊലീസ് ഞങ്ങള്‍ക്ക് 23 ലക്ഷം രൂപ അനുവദിച്ചു. പരീക്ഷ എഴുതി വിജയിച്ചാല്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ഞാനിപ്പോള്‍ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ്. കുടുംബത്തിന്റെയും ബന്ധുക്കളുടെയും സാമ്പത്തിക സാഹചര്യം അത്ര നന്നാല്ലത്തിനാല്‍ ഞാനിപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണു താമസിക്കുന്നത്- പൂജ പറയുന്നു. 

കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ അമിത്തിന് പനിയിലായിരുന്നു രോഗത്തിന്റെ തുടക്കം. പിന്നീട് അദ്ദേഹത്തിന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. ദീപ് ചന്ദ് ബന്ധു ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും. അവിടെവച്ചാണു കോവിഡ് ബാധിതനായി മരിക്കുന്നത്. വാര്‍ത്ത പുറത്തുവന്ന ഉടന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ധനസഹായം പ്രഖ്യാപിച്ചു. 

സ്വന്തം കുടുംബത്തെപ്പോലും മറന്നാണ് അമിത്  കോവിഡ് കാലത്ത് ഡല്‍ഹിക്കുവേണ്ടി സേവനം അനുഷ്ഠിച്ചത്. ഡ്യൂട്ടിക്കിടെ ബാധിച്ച രോഗം മൂലം അദ്ദേഹം നമ്മളെ വിട്ടുപോയി. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ ഡല്‍ഹി ജനതയ്ക്കു വേണ്ടി ഞാന്‍ വണങ്ങുന്നു. കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കുമെന്നും പ്രഖ്യാപിക്കുന്നു- മുഖ്യമന്ത്രി ട്വിറ്ററില്‍ പ്രഖ്യാപിച്ചു. എന്നാല്‍ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണു പൂജ പറയുന്നത്.

ഭര്‍ത്താവ് അപ്രതീക്ഷിതമായി ഞങ്ങളെ വിട്ടുപോയ സാഹചര്യത്തില്‍ ആകെയുണ്ടായിരുന്ന പ്രതീക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായമാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെയും വാഗ്ദാനം പാലിക്കാന്‍ തയാറായിട്ടില്ല. ചില കുടുംബങ്ങള്‍ക്ക് 10 ദിവസത്തിനകം സഹായം ലഭിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, ഞങ്ങളോടു മാത്രം എന്തിനാണ് ഈ വിവേചനം. എനിക്കു രണ്ടു മക്കളാണ്. ആദ്യത്തെ മകന് നാലു വയസ്സ്. മകള്‍ക്ക് നാലു മാസമേ ആയിട്ടുള്ളൂ. അവരുടെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ നെഞ്ചില്‍ തീയാണ്. മുഖ്യമന്ത്രി വാഗ്ദാനം പാലിക്കുന്നില്ലെങ്കില്‍ എനിക്കു ജീവിതത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും. നീതിക്കു വേണ്ടി ഞങ്ങളുടെ കാത്തിരിപ്പ് തുടരുന്നു- പൂജ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു. പൂജയുടെ അപേക്ഷയോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA