ADVERTISEMENT

ഭർത്താക്കന്മാരുടെ മൊബൈൽ ഫോൺ കൈക്കലാക്കി രഹസ്യപരിശോധന നടത്തുന്ന ഭാര്യമാർ സൂക്ഷിക്കുക, സംഭവം കോടതിയിലെത്തിയാൽ 8000 രൂപയോളം (400 ദിർഹം) ആണ് പിഴ. ഇത്തരമൊരു കേസിൽ റാസൽഖൈമ സിവിൽ കോടതി അറബ് യുവതിക്കു 400 ദിർഹം പിഴ ചുമത്തി. വക്കീൽ ഫീസും കോടതി ചെലവുമടക്കം യുവതി ആകെ ഒരു ലക്ഷത്തിലേറെ രൂപ  (5,431 ദിർഹം) യാണ് അടയ്ക്കേണ്ടത്.

ഭർത്താവിനെ മോശക്കാരനാക്കുക ലക്ഷ്യം

തന്റെ മൊബൈൽ  ഫോൺ ഭാര്യ രഹസ്യമായി പരിശോധിക്കുകയും അതിലെ ചിത്രങ്ങളും മറ്റു വിവരങ്ങളും കുടുംബാംഗങ്ങളുടെ ഫോണിലേക്ക് അയക്കുകയും ചെയ്തതിനാൽ നഷ്ടപരിഹാരം വേണമെന്നാണു ഭർത്താവ് കോടതിയിൽ ആവശ്യപ്പെട്ടത്. മറ്റുള്ളവരുടെ മുൻപിൽ തന്നെ മോശക്കാരനാക്കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യം. ഇതുമൂലമുണ്ടായ കടുത്ത മാനസിക സംഘർഷത്താൽ തനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല. ഇതുവഴി ശമ്പളം നഷ്ടമായി. അഭിഭാഷകന്റെ ഫീസും ഭാര്യ നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടു. അതേസമയം, ഭാര്യയെ ഭർത്താവ് ചീത്ത പറഞ്ഞതായും തുടർന്നു യുവതിയെയും മകളെയും ഉപേക്ഷിച്ച് പോയതായും ഭാര്യയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, തെളിവുകൾ പരിശോധിച്ച കോടതി ഭർത്താവിന്‍റെ പരാതി ശരിയാണെന്ന് കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു.

ഭർത്താവ് സന്ദേശങ്ങളയച്ചു; 4 ലക്ഷം പിഴ

അതേസമയം, അൽ െഎനിലുണ്ടായ മറ്റൊരു സംഭവത്തിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്കു സന്ദേശങ്ങൾ അയച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഭർത്താവിന് പ്രാഥമിക കോടതി 4 ലക്ഷത്തോളം രൂപ (20,000 ദിർഹം) നഷ്ടപരിഹാരം നൽകാൻ വിധിച്ചു.

തന്റെ ഫോണിലേക്ക് ടെക്സ്റ്റ് മെസേജുകളയച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും നഷ്ടുപരിഹാരമായി ഒരു ലക്ഷം ദിര്‍ഹം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണു യുവതി കോടതിയെ സമീപിച്ചത്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നാണു യുവാവിന്റെ ആക്ഷേപം. എന്നാൽ യുവതിയെ ഭർത്താവ് ആക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. കോടതി ചെലവടക്കം 20,000 ദിർഹം പിഴ വിധിക്കുകയും ചെയ്തു.

English Summary: Woman fined over one lakh rupees for spying on husband's phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com