sections
MORE

കോവിഡ് രോഗിയായ ഭർതൃപിതാവിനെ ചുമലിലേറ്റി ആശുപത്രികൾ കയറിയിറങ്ങി മരുമകൾ; സഹായത്തിന് ആരുമെത്തിയില്ല

woman-father
SHARE

കോവിഡ് വ്യാപനത്തിന്റ രണ്ടാം തരംഗം എത്രത്തോളം രൂക്ഷമാണ് എന്ന് എടുത്തുകാട്ടുന്ന സംഭവമാണ് അസമിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ബാധിതനായ ഭർതൃപിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനായി ചുമലിലേറ്റി നടക്കുന്ന  മരുമകളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. നിഹാരിക എന്ന യുവതിയാണ് സഹായത്തിന് ആരും എത്താതെ വന്നതോടെ 75 കാരനായ ഭർതൃപിതാവിനെ  ചുമലിലേറ്റിയത്.

ജൂൺ രണ്ടിനായിരുന്നു സംഭവം. നിഹാരികയുടെ ഭർതൃപിതാവായ തുലേശ്വർ ദാസിന് കോവിഡ് ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഭർത്താവ് സൂരജ് ഇതേസമയം ജോലിസംബന്ധമായി സിലിഗുരിയിൽ ആയിരുന്നതിനാലാണ് തുലേശ്വർ ദാസിന്റെ പരിചരണം നിഹാരിക ഏറ്റെടുത്തത്. 

ഭർതൃപിതാവ് എഴുന്നേറ്റു നിൽക്കാൻ പോലുമാവാത്ത അവസ്ഥയിലാകുന്നത്  കണ്ടതോടെ രണ്ടു കിലോമീറ്റർ അകലെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോകാൻ നിഹാരിക  ഓട്ടോറിക്ഷ വിളിച്ചിരുന്നു. എന്നാൽ ഇവരുടെ വീടിനടുത്തേക്ക്  വാഹനം എത്താനുള്ള സൗകര്യങ്ങളില്ലാത്തതിനാൽ   ഭർതൃപിതാവിനെ ചുമലിലെടുത്താണ് ഓട്ടോയിലേക്ക് എത്തിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം ലഭിച്ചു. എന്നാൽ അവിടെ ആംബുലൻസോ സ്ട്രെച്ചറോ ലഭ്യമല്ലാതിരുന്നതിനാൽ  വീണ്ടും സ്വകാര്യ വാഹനം വിളിച്ചുവരുത്തി അതിലേക്കും തുലേശ്വറിനെ ചുമലിലേറ്റി എത്തിക്കുകയായിരുന്നു.

ഈ കാഴ്ചകൾ കണ്ടു നിന്നവരാണ് ചിത്രങ്ങൾ പകർത്തിയത്. എന്നിട്ടും കോവിഡ് ഭയന്ന് ആരും അടുത്തുവരികയോ സഹായിക്കുകയോ ചെയ്തില്ല എന്ന് നിഹാരിക പറയുന്നു. അബോധാവസ്ഥയിലായ പിതാവിനെ തനിച്ചയക്കാൻ  കഴിയാത്തതിനാൽ നിഹാരികയ്ക്കും ഒപ്പം പോകേണ്ടിവന്നു. എന്നാൽ അവിടം കൊണ്ടും തീർന്നില്ല  നിഹാരികയുടെ ദുരിതപർവം. കോവിഡ് ആശുപത്രിയിൽ നിന്നും ഇവരെ നാഗോൺ സിവിൽ ആശുപത്രിയിലേക്ക് അയച്ചു.  ഹോസ്പിറ്റലിലെ പടവുകളടക്കം തുലേശ്വറിനെ ചുമലിലേറ്റിയാണ് നിഹാരിക നടന്നുകയറിയത്. 

ഭർതൃപിതാവിന്റെ ജീവൻ രക്ഷിക്കാൻ ഇത്രയധികം ശ്രമങ്ങൾ നിഹാരിക നടത്തിയെങ്കിലും കഴിഞ്ഞദിവസം ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെട്ടു. നിലവിൽ നിഹാരികയും കോവിഡ് പോസിറ്റീവാണ്. അന്നേ ദിവസം ചുരുങ്ങിയത് രണ്ട് കിലോമീറ്ററെങ്കിലും താൻ പിതാവിനെയും എടുത്തുകൊണ്ട്   നടന്നുകാണുമെന്ന് നിഹാരിക പറയുന്നു.  സംഭവം വൈറലായതോടെ അസമിന്റെ പലഭാഗത്തും ആരോഗ്യമേഖലയിൽ  വേണ്ടത്ര സൗകര്യങ്ങളില്ല എന്ന തരത്തിൽ ചർച്ചകളും സജീവമാണ്.

 English Summary:'No One Offered Help': Grim Reality Behind 'Inspiring' Assam Woman Carrying Covid-19 Positive Father-in-law

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA