ADVERTISEMENT

രാജ്യാന്തര യോഗ ദിനവുമായി ബന്ധപ്പെട്ട് വ്യത്യസ്തവും എന്നാല്‍ യോഗയുടെ പ്രാധാന്യം പൂര്‍ണമായി ബോധ്യപ്പെടുത്തുന്നതുമായ കുറിപ്പുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. തനിക്ക് അടുത്തു പരിചയമുള്ളതും തന്റെ കുടുംബത്തിലെ തന്നെ ഒരംഗവുമായി ബന്ധപ്പെട്ട, ഹൃദയസ്പര്‍ശിയായ ഒരു ജീവിതാനുഭവമാണ് നടി പറയുന്നത്. നഷ്ടപ്പെട്ട ജീവിതം യോഗയിലൂടെ തിരിച്ചുപിടിച്ച തന്റെ പ്രിയപ്പെട്ട സഹോദരിയെക്കുറിച്ച്. മുന്‍പ് പലപ്പോഴും രാഷ്ട്രീയവും സമകാലിക സംഭവങ്ങളുമൊക്കെയായിരുന്നു കങ്കണയുടെ പോസ്റ്റുകളില്‍ നിറഞ്ഞു നിന്നതെങ്കതില്‍ ഇത്തവണ ആരെയും ആകര്‍ഷിക്കാന്‍ കഴിവുള്ള ജീവിതകഥയാണ് അവര്‍ അവതരിപ്പിക്കുന്നത്. 

സഹോദരി രംഗോലിയെക്കുറിച്ചാണു കങ്കണ പറയുന്നത്. യൗവനത്തിന്റെ തുടക്കത്തില്‍ തന്നെ ക്രൂരമായ ആസിഡ് ആക്രമണത്തിനു വിധേയയായ വ്യക്തിയാണ് രംഗോലി. 21 വയസ്സുള്ളപ്പോഴാണ് വഴിയരികില്‍ നിന്ന ഒരാള്‍ രംഗോലിക്കെതിരെ ആസിഡ് ആക്രമണം നടത്തുന്നത്. മുഖം ഭാഗികമയി പൊള്ളിപ്പോയി. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഒരു ചെവിക്കു പരുക്ക് പറ്റിയതിനൊപ്പം മാറിടത്തിലും മാരകമായി പൊള്ളലേറ്റു. അടുത്ത മൂന്നാഴ്ചയ്ക്കകം 52 ശസ്ത്രക്രിയയ്ക്കാണ് രംഗോലി വിധേയയായത്. എന്നാല്‍ അതിനേക്കാളും ഭീകരമായത് മാനസികമായി സംഭവിച്ച 

ഞെട്ടലായിരുന്നു. രംഗോലി സംസാരിക്കുന്നതു നിര്‍ത്തി. ചുറ്റും എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ കാണാന്‍ വന്നാലും ആരോടും ഒരു വാക്കുപോലും പറയാതെ അവര്‍ ശൂന്യമായ കണ്ണുകളോടെ 

എവിടെയോ നോക്കിക്കൊണ്ടിരിക്കും. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനുമായി രംഗോലിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ആക്രമണം നടന്നതിനു ശേഷം ഒരിക്കല്‍ക്കൂടി അയാള്‍ രംഗോലിയെ കാണാന്‍ വന്നു. ഒന്നേ നോക്കിയുള്ളൂ. അയാള്‍ മടങ്ങി. പിന്നീടൊരിക്കലും തിരിച്ചെത്തിയിട്ടുമില്ല. അപ്പോഴും ആ കണ്ണുകളില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ പോലും തൂവിയില്ല. ഞെട്ടലിന്റെ ഒരു സൂചനയും ആ മുഖത്ത് ഉണ്ടായിരുന്നുമില്ല. മാനസിക ആഘാതമാണു കാരണമെന്നു ഡോക്ടര്‍മാര്‍ പറ‍ഞ്ഞു. മരുന്നും ചികിത്സയുമെല്ലാം തുടര്‍ന്നു. എന്നാല്‍ ഒരു മാറ്റവും രംഗോലിക്കു സംഭവിച്ചില്ല. 

അന്നു കങ്കണയ്ക്ക് 19 വയസ്സ് മാത്രം. സഹോദരിയെ എങ്ങനെ സഹായിക്കണം എന്നുപോലും അറിയില്ലായിരുന്നു. എങ്ങനെയെങ്കിലും സംസാരിപ്പിക്കുക എന്നതായിരുന്നു ആദ്യത്തെ കടമ. ഈ ലക്ഷ്യത്തോടെ കങ്കണ എവിടെപ്പോകുമ്പോഴും സഹോദരിയെയും കൂടെ കൂട്ടുമായിരുന്നു. അങ്ങനെയാണ് നടി പങ്കെടുക്കുന്ന യോഗ ക്ലാസ്സിലും കങ്കണ രംഗോലിയെ കൊണ്ടുപോയത്. അധികം താമസിയാതെ രംഗോലിയും യോഗ പരിശീലിച്ചു തുടങ്ങി. അതോടെ നാടകീയ മാറ്റങ്ങളും കണ്ടുതുടങ്ങി. അതുവരെ ഒന്നിനോടും പ്രതികരിക്കാതിരുന്ന വ്യക്തി വേദനയോടു പ്രതികരിച്ചു തുടങ്ങി. കങ്കണ പറയുന്ന നിസ്സാരമായ തമാശകള്‍ കേട്ടു പൊട്ടിച്ചിരിച്ചു തുടങ്ങി. കണ്ണിന്റെ കാഴ്ചശക്തിയും ക്രമേണ തിരിച്ചുകിട്ടി. 

രംഗോലി മാത്രമല്ല, കങ്കണയുടെ കുടുംബത്തിലെ എല്ലാവരും യോഗ ചെയ്യുന്നവരാണ്. അച്ഛനും അമ്മയും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും എല്ലാം. ഏതാനും വര്‍ഷം മുന്‍പ് അമ്മ പെട്ടെന്നു രോഗക്കിടക്കയിലായി. ഉയര്‍ന്ന പ്രഷറും ഷുഗറും കൊളസ്ട്രോളും എല്ലാം കൂടി ആക്രമിച്ചതോടെ അമ്മയുടെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ തീര്‍ത്തുപറ‍ഞ്ഞു. അമ്മയുടെ ഹൃദയശസ്ത്രക്രിയയെക്കുറിച്ച് കങ്കണയ്്ക്ക് ആലോചിക്കാന്‍ പോലും ആവില്ലായിരുന്നു. തനിക്ക് രണ്ടു മാസം തരാന്‍ അവര്‍ ഡോക്ടര്‍മാരോടു പറഞ്ഞു. ആ രണ്ടു മാസം കൊണ്ട് അമ്മ യോഗ 

പരിശീലിച്ചു. ഇപ്പോള്‍ ഒരു മരുന്നു പോലും കഴിക്കാതിരിന്നിട്ടും അമ്മ ആരോഗ്യത്തോടെയിരിക്കുന്നു- കങ്കണ യോഗ നല്‍കിയ ആത്മവിശ്വാസത്തോടെ പറയുന്നു. 

English Summary: Kangana Ranaut About Yoga

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com