കണ്ണകന്നാൽ മനസ്സകലില്ല: ‘ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻസ്’ വിജയകരമാക്കാൻ അഞ്ചു വഴികൾ

Zodiac-Relationship-Photo-Credit-StockImageFactory-com
Photo Credit : StockImageFactory.com / Shutterstock.com
SHARE

പ്രണയമായാലും ദാമ്പത്യജീവിതമായാലും പരസ്പരം അകന്നു ജീവിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ എപ്പോഴും സങ്കടകരമാണ്.  ദാമ്പത്യബന്ധത്തിന്റെ ആദ്യനാളുകളിലാണെങ്കിൽ ഈ സങ്കടം ഇരട്ടിക്കുകയും ചെയ്യും.   അകന്നിരുന്ന് ഇത്തരം ബന്ധങ്ങൾ തുടരുമ്പോൾ പങ്കാളികൾക്കിടയിൽ പ്രശ്നങ്ങൾ കടന്നുകൂടുന്ന പ്രവണതയും  ഏറെയാണ്. പരസ്പരം പറഞ്ഞുകേട്ടു മാത്രമറിയുന്ന സാഹചര്യങ്ങൾ ഇരുകൂട്ടർക്കും മനസ്സിലാക്കാനാവാത്തതാണ് പൊരുത്തക്കേടുകളിലേക്ക് നയിക്കുന്നത്. എന്നാൽ  എത്ര അകലത്തിലാണെങ്കിലും  ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്താൻ സാധിക്കും. അതിനുള്ള ചില വഴികളിതാ. 

ദൂരം കുറയ്ക്കാൻ സംസാരം അധികം ആവണമെന്നില്ല 

പങ്കാളിയിൽ നിന്നും അകലെയല്ല എന്ന തോന്നൽ ഉണ്ടാവാൻ  കിട്ടുന്ന  ഫ്രീ ടൈം മുഴുവൻ പരസ്പരം സംസാരിക്കുന്നവരാണ് ഏറെയും. ഇത് ബന്ധം നല്ല രീതിയിൽ തുടരാൻ ആവശ്യമാണെന്ന തെറ്റിദ്ധാരണയാണ് മണിക്കൂറുകൾ  സംസാരത്തിനായി നീക്കിവയ്ക്കുന്നതിന്റെ കാരണം. തുടക്കത്തിൽ ഈ സംസാരം മൂലം ഇരുകൂട്ടർക്കും സന്തോഷം ഉണ്ടാകുമെങ്കിലും പോകപ്പോകെ പരസ്പരമുള്ള വഴക്കിന്റെ പ്രധാനകാരണവും ഇതു തന്നെയായി തീരുന്നതാണ് കണ്ടുവരുന്നത്. എത്ര മണിക്കൂർ സംസാരിച്ചു എന്നതിലല്ല മാനസിക പിന്തുണയും സാമിപ്യവും ആവശ്യമായ സമയത്ത് വിളിപ്പുറത്ത് ഉണ്ടോ എന്നതാണ് പ്രാധാന്യം. 

പ്രണയത്തിന്റെ ആഴം അളക്കാനുള്ള അവസരമായി കരുതാം 

അകന്നിരിക്കുന്നത് മാനസിക അകലം കൂട്ടുമോ എന്ന് ആശങ്കപ്പെടുന്നതിന് പകരം  ബന്ധത്തിന് എത്രത്തോളം ആഴമുണ്ട് എന്നു തിരിച്ചറിയാനുള്ള അവസരമായി ഇതെടുക്കാം. അകന്നിരിക്കുന്ന അനുഭവത്തിലൂടെ  മനസ്സുകളുടെ അടുപ്പം കൂടും എന്ന ചിന്തയാണ്  വളർത്തിയെടുക്കേണ്ടത്. പരസ്പരം കൂടുതൽ മനസ്സിലാക്കാനുള്ള അവസരമായും ഇതിനെ കാണാം. 

അമിത പ്രതീക്ഷകൾ ആപത്ത് 

രണ്ടിടങ്ങളിലേക്ക് മാറുന്നതിനു മുൻപ് പങ്കാളിയിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്താണ് എന്ന് തുറന്ന് സംസാരിക്കാം.  ഇവയിൽ സാധ്യമാകുന്ന കാര്യങ്ങളെപ്പറ്റി ഒരു മുൻധാരണ ഉള്ളതും നല്ലതാണ്. പിന്നീട് ദൂരസ്ഥലങ്ങളിൽ എത്തിപ്പെട്ട ശേഷം അവിടുത്തെ സാഹചര്യങ്ങൾ കൃത്യമായി പങ്കാളിയോട് തുറന്നു പറയേണ്ടതുണ്ട്. പങ്കാളിയെ സന്തോഷിപ്പിക്കാനായി  സാഹചര്യങ്ങൾ മറച്ചുവച്ച് അഡ്ജസ്റ്റുമെന്റുൾക്ക് മുതിർന്നാൽ എപ്പോഴും അത് പാലിക്കാനാവാതെ പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങും. 

ദിനവും സംസാരിക്കാൻ ശ്രമിക്കുക 

എത്ര തിരക്കിലാണെങ്കിലും ദിവസത്തിൽ എപ്പോഴെങ്കിലും അല്പം സമയം പങ്കാളിക്കായി  മാറ്റി വെക്കേണ്ടതുണ്ട്. പ്രണയബന്ധങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഭാര്യാ ഭർത്താക്കന്മാരിൽ പലരും പങ്കാളി സാഹചര്യം മനസ്സിലാക്കി പെരുമാറണമെന്ന് ശഠിച്ച് തിരക്കുകളിൽ പൂർണ്ണമായി മുഴുകി പോകാറുണ്ട്.  ഇത് പങ്കാളിക്ക് തന്നെക്കുറിച്ച് കരുതൽ ഇല്ല എന്ന് എന്ന ധാരണ വളർത്താൻ മാത്രമേ ഉപകരിക്കു.

ഒരുമിച്ച് ഉണ്ടെന്ന തോന്നൽ ഉണ്ടാക്കാം 

സാങ്കേതികവിദ്യ വളർന്നതോടെ വീഡിയോ കോളിലൂടെ പരസ്പരം കാണാനുള്ള അവസരങ്ങൾ ധാരാളമുണ്ട്. എന്നാൽ അതിൽ മാത്രം ഒതുങ്ങി പോകാതെ ഒരുമിച്ച് പങ്കെടുക്കാവുന്ന ഓൺലൈൻ ഗെയിമുകൾ കളിച്ചോ ഒരു സിനിമ ഒരേസമയം കണ്ടോ ഒക്കെ ഒഴിവു സമയം ചിലവിടാവുന്നതാണ്.  സാധിക്കുമ്പോൾ ഒക്കെ ഇത്തരത്തിൽ ചെയ്യുന്നത് പങ്കാളി തന്നിൽനിന്നും അകന്നിട്ടില്ല എന്ന തോന്നൽ ഇരുവർക്കും ഉണ്ടാകാൻ ഉപകരിക്കും. 

ഇതിനെല്ലാം പുറമേ കിട്ടുന്ന ഒഴിവുസമയങ്ങൾ അത്രയും പങ്കാളിക്ക് വേണ്ടി മാത്രം നീക്കി വയ്ക്കണം എന്ന് കരുതേണ്ട ആവശ്യവുമില്ല. സാധാരണപോലെ കുടുംബത്തിനും കൂട്ടുകാർക്കു മായി സമയം നീക്കി വയ്ക്കേണ്ടത് അത്യാവശ്യമാണ്. ബന്ധത്തിൽ സത്യസന്ധത പുലർത്തിയും രണ്ടുപേരുടെയും ദിനചര്യകൾ പരസ്പരം മനസ്സിലാക്കിയും പെരുമാറിയാൽ ആശങ്കകളില്ലാതെ  എത്ര അകലത്തിൽ ഇരുന്നുള്ള ബന്ധവും മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.

English Summary: 5 Best Tips to Make a Long-Distance Relationship Work

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS