ADVERTISEMENT

വിവാഹം കഴിഞ്ഞു നാലുവർഷത്തിനു ശേഷം ഭർത്താവിന്റെ പെട്ടന്നുണ്ടായ മരണത്തെ കുറിച്ചു പറയുകയാണ് മുംബൈയിലെ റേഡിയോ ജോക്കിയായ രാമനാഥൻ. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രോഹിണി സ്വന്തം ജീവിതത്തെ കുറിച്ചു പറഞ്ഞത്. നാലുവർഷം മുൻപായിരുന്നു രോഹിണിയുടെ ഭർത്താവ് കൗശികിന്റെ മരണം. ഭർത്താവിന്റെ മരണമുണ്ടാക്കിയ മാനസികാഘാതത്തിൽ തകർന്നു പോയ തനിക്ക് ദീർഘനാളത്തെ ചികിത്സ വേണ്ടി വന്നതായും രോഹിണി വ്യക്തമാക്കി

‘ഞങ്ങളുടെ പൊതുവായ സുഹൃത്തുക്കളിൽ നിന്നാണ് ഞാൻ കൗശികിനെ പരിചയപ്പെടുന്നത്. അദ്ദേഹം ഒരു എഴുത്തുകാരനായിരുന്നു. ഒരു റേഡിയോ ജോക്കിയായതിനാൽ എനിക്ക് കഥകേൾക്കാൻ വലിയ ഇഷ്ടമായിരുന്നു. ഞങ്ങള്‍ പെട്ടന്ന് സൗഹൃദത്തിലാകുകയും പരസ്പരം അടുക്കുകയും ചെയ്തു.’– രോഹിണി പറയുന്നു. സൗഹൃദത്തിലാകുകയും പിന്നീട് ഡേറ്റിങ്ങും ആരംഭിച്ചു. മൂന്നു വർഷത്തിനു ശേഷം കൗശിക് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. 

‘എല്ലാ അർഥത്തിലും നമ്മൾ ദമ്പതികളെ പോലെയാണ് ജീവിക്കുന്നത്. നമ്മൾ വിവാഹിതരാകുന്നതിൽ സമ്മതമാണോ? കൗശിക് ചോദിച്ചു. സമ്മതമാണെന്ന് ഞാൻ മറുപടി പറഞ്ഞു. അടുത്ത നാലുവർഷം ഞങ്ങളുടെ ജീവിതം അതിമനോഹരമായിരുന്നു. ധാരാളം യാത്രകൾ ചെയ്തു. ഇഫേല്‍ ടവറിനു താഴേ നിന്നു ചുംബിച്ചു. ജീവിതം മുഴുവൻ പ്രണയമായിരുന്നു. ന്യൂയോർക്കിലേക്ക് പോകുകയായിരുന്നു ഞങ്ങളുടെ സ്വപ്നം. കൗശികിന്റെ പ്രിയപ്പട്ട നഗരമാണ് ന്യൂയോർക്ക്. പക്ഷേ, വിവാഹം കഴിഞ്ഞു നാലുവർഷം കഴിഞ്ഞപ്പോൾ കൗശിക് മരിച്ചു. അത് സംഭവിച്ചത് വളരെ പെട്ടന്നായിരുന്നു.’– രോഹിണി പറയുന്നു. 

ഭർത്താവിന്റെ പെട്ടന്നുണ്ടായ മരണം രോഹിണിയെ ആകെ തകർത്തു. ‘കൗശികിന്റെ മരണം എനിക്ക് വലിയ മാനസികാഘാതം ഉണ്ടാക്കി. വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെയായി. അനാവശ്യമായി ആളുകളോട് ദേഷ്യപ്പെടും. ദുഃഖം താങ്ങാനാകതെ ഒരുതരം നിർവികാരതയിലേക്ക് ഞാൻ വീണു. 14 ദിവസത്തിനു ശേഷം വീണ്ടും ഞാൻ ജോലിക്ക് പോകാൻ തുടങ്ങി. എന്നാൽ ജോലിക്ക് എത്തിയപ്പോഴുണ്ടായ അനുഭവം വ്യത്യസ്തമായിരുന്നു. ഭർത്താവ് മരിച്ച ശേഷം ഇത്രയും വേഗം ഒരു സ്ത്രീക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുമോ എന്ന രീതിയിലുള്ള കുത്തുവാക്കുകൾ അസഹനീയമായിരുന്നു. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ ജോലിചെയ്തു. കൗശികിന്റെ മരണവും പുറത്തുനിന്നു കേൾക്കേണ്ടി വന്ന കുത്തുവാക്കുകളും എനിക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. 

പത്തുമാസത്തോളം ഈ അവസ്ഥതുടർന്നു. തുടർന്ന് ചികിത്സ തേടാൻ തീരുമാനിച്ചു. മാസങ്ങൾക്കു ശേഷമാണ് എനിക്ക് എന്നെ തന്നെ തിരിച്ചു പിടിക്കാൻ‍ സാധിച്ചത്. പക്ഷേ, മുന്നോട്ടു പോകുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ചെറിയകാര്യം പോലും എന്നെ വേദനിപ്പിക്കും. ഒരു അപേക്ഷ പൂരിപ്പിക്കുമ്പോൾ ‘Single' ‘Married' എന്ന കോളം കാണുമ്പോൾ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്കറിയില്ല. കൗശികില്ലാതെ ന്യൂയോർക്ക് സന്ദർശിച്ചതായിരുന്നു എനിക്ക് ഏറ്റവും വിഷമമുണ്ടാക്കിയ അനുഭവം. കൗശികിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്ത് ഇനിയൊരിക്കലും ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ല എന്നത് എന്നെ അഘാതമായ ദുഃഖത്തിലാഴ്ത്തി. എന്നാൽ ഞാൻ ദുഃഖിക്കുന്നത് കൗശികിന് ഒരിക്കലും ഇഷ്ടമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇപ്പോഴുള്ള വൈകാരിക അവസ്ഥകളിൽ നിന്നും ഞാൻ പതുക്കെ പുറത്തു കടക്കാൻ ആഗ്രഹിച്ചു തുടങ്ങി. അതിനായി ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയും ചെയ്തു. കവിത കേൾക്കുമ്പോൾ, തമാശകൾ പറയുമ്പോഴെല്ലാം കൗശികിന്റെ സാമിപ്യം ഞാൻ അറിഞ്ഞു. അനാഥാലയത്തിലായിരുന്നു കൗശികിന്റെ ഓരോ ജന്മദിനവും ഞങ്ങൾ ആഘോഷിച്ചിരുന്നത്. കാരണം അദ്ദേഹത്തിന് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമായിരുന്നു. കൗശികുമൊത്ത് ഏഴുവർഷത്തെ ജീവിതം  മറക്കാനാകാത്ത ഓർമകളാണ് എനിക്കു സമ്മാനിച്ചത്.’– രോഹിണി രാമനാഥൻ പറയുന്നു. ‌

English Summary: RJ Rohini Ramnathan About Husband's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com