ADVERTISEMENT

സ്ത്രീധനം ആവശ്യപ്പെടുന്നതും വിവാഹ ശേഷമുള്ള സ്ത്രീധന പീഡനങ്ങളും തുടർക്കഥയാകുന്നതിനിടെ ഏറെ വിചിത്രമായ ഒരു സംഭവമാണ് മഹാരാഷ്ട്രയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിവാഹത്തിനു മുന്നോടിയായി സ്വർണത്തിനും പണത്തിനും പുറമേ വരൻ വധുവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടത് ഒരു ആമയെയും ലാബ്രഡോർ നായയെയുമാണ്. ഔറംഗബാദ് സ്വദേശിയായ സൈനികനും  കുടുംബവുമാണ് വിചിത്ര ആവശ്യവുമായി പെൺവീട്ടുകാരെ സമീപിച്ചത്. 

ഈ വർഷം ഫെബ്രുവരിയിലാണ് സൈനികനും പെൺകുട്ടിയും  തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിനു മുൻപു തന്നെ രണ്ടു ലക്ഷം രൂപയും 10 ഗ്രാം സ്വർണവും  വധുവിന്റെ വീട്ടുകാർ  സ്ത്രീധനമായി കൈമാറിയിരുന്നു. നിശ്ചയത്തിനു ശേഷം  വിവാഹം നടക്കണമെങ്കിൽ ഒരു ആമയെയും ലാബ്രഡോർ നായയെയും സ്ത്രീധനമായി വേണമെന്ന് വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഭാഗ്യചിഹ്നമായി കരുതുന്ന 21 കാൽ നഖങ്ങളുള്ള ആമയും കറുത്ത നിറത്തിലുള്ള ലാബ്രഡോർ നായയും തന്നെയാവണമെന്ന ഡിമാൻഡും ഇവർ വച്ചിരുന്നു. ഇവയ്ക്കു പുറമേ ഒരു ബുദ്ധപ്രതിമ, നിലവിളക്ക് എന്നിവയും  വധുവിന് സ്ഥിരമായ സർക്കാർ ജോലി വാങ്ങി നൽകാമെന്ന ഉറപ്പിന്മേൽ പത്ത് ലക്ഷം രൂപയും ഇവർ ആവശ്യപ്പെട്ടു. 

21 നഖങ്ങളുള്ള ആമയ്ക്ക് 5 ലക്ഷം മുതൽ 10 ലക്ഷം വരെ വിലമതിക്കും എന്നാണ് കണക്ക്. ഇത്തരത്തിൽ ഒന്നിനെ കണ്ടെത്താൻ വധുവിന്റെ അച്ഛ ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. പണം കൈമാറിയെങ്കിലും ആമയെ കണ്ടെത്താനായില്ല എന്ന വിവരം വരന്റെ ബന്ധുക്കളെ അറിയിച്ചതോടെ അവർ വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാൽ ഇതിനുമുൻപ് കൈമാറ്റം ചെയ്ത് പണവും ആഭരണങ്ങളും തിരികെ കൊടുക്കാൻ വരനോ കുടുംബമോ  തയാറാകാതെ വന്നതോടെ പെൺകുട്ടിയുടെ അച്ഛൻ പോലീസിനെ സമീപിച്ചു. 

വിശ്വാസ വഞ്ചന, കബളിപ്പിക്കൽ എന്നീ  വകുപ്പുകൾ പ്രകാരം വരനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഒസ്മാൻപുര പോലീസ് അറിയിക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്താനാണ് തീരുമാനമെന്നും പൊലീസ് ഇൻസ്പെക്ടറായ സാധ്ന അവ്ഹാദ് അറിയിച്ചു.

English Summary: Army Man Demands Tortoise with 21 Toenails and Black Labrador as Dowry, Booked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com