ADVERTISEMENT

പലതരത്തിലുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ വൈറലാകാറുണ്ട്. അക്കൂട്ടത്തിൽ വൈറലായ ഒരു ചിത്രം നെറ്റിസൺസിന്റെ കണ്ണുനിറയ്ക്കുകയാണ്. മരിച്ചു പോയ തന്റെ ഭാര്യയുടെ ഓർമകളുമായി ഭർത്താവ് പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയുടെ ഹൃദയം നിറയ്ക്കുന്നത്. ജെയിംസ് അൽവാരസ് എന്നു പേരായ വ്യക്തിയും അദ്ദേഹത്തിന്റെ ഒരുവയസ്സുള്ള മകളുമാണ് ഹൃദ്യമായ ഈ ചിത്രത്തിലെ താരങ്ങൾ. മരിച്ചു പോയ ഭാര്യയുടെ ഓർമയിൽ ഒരു വയസ്സുള്ള മകള്‍ അഡാലിനുമായി ജെയിംസ് നടത്തിയ മെറ്റേണിറ്റി ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

ഒരു വർഷം മുൻപാണ് ജെയിംസ് അൽവാരസിന്റെ ഭാര്യ യസ്‌നിയ അഗ്വൈലർ കാറപകടത്തിൽ മരിച്ചത്. റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു അപകടം. വിധിയുടെ ക്രൂരത എന്നല്ലാതെ മറ്റൊന്നും ഈ അപകടത്തെ കുറിച്ച് പറയാനാകില്ലെന്ന് ജെയിംസ് തന്നെ പറയുന്നു. അന്ന് പൂർണ ഗർഭിണിയായിരുന്നു യസ്നിയ. അടിയന്തര ശസ്ത്രക്രിയയിലൂടെ 35 ആഴ്ച പ്രായമുള്ള കുഞ്ഞു അഡലിനെ അമ്മയുടെ ഉദരത്തിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തു. അപകടത്തിൽ നിന്ന് അദ്ഭുതകരമായാണ് കുഞ്ഞ് രക്ഷപ്പെട്ടത്. എന്നാല്‍ യസ്നിയക്കായുള്ള ജെയിംസിന്റെ പ്രാർഥനകൾ വിഫലമായി. കുഞ്ഞ് അഡലിനെയും ജെയിംസിനെയും തനിച്ചാക്കി യസ്നിയ മരണത്തിനു കീഴടങ്ങി. 

പ്രിയപ്പെട്ടവളുടെ മനോഹരമായ ഓർമകളുമായി ഒരു വർഷത്തിനു ശേഷം മകൾക്കൊപ്പം  ജെയിംസ് മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയത്. ഗർഭിണിയായിരുന്നപ്പോൾ യസ്നിയയുമൊത്ത് മേറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയ സ്ഥലത്തു വച്ചു തന്നെ കുഞ്ഞുമായി എത്തി മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ജെയിംസ്. അഡലിന്റെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിന്റെ സമയത്ത് അമ്മ ധരിച്ചിരുന്നതു പോലെയുള്ള മനോഹരമായ പിങ്ക് വസ്ത്രമാണ് അഡലിനു ധരിച്ചിരിക്കുന്നത്. 

‘അഡലിൻ, നിന്റെ അമ്മ ഇവിടെയുണ്ടെന്ന് എനിക്ക് അറിയാം. ജീവിച്ചിരുന്നെങ്കിൽ അവൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമായിരുന്നു ഇത്. നിന്റെ ഒന്നാം പിറന്നാൾ എങ്ങനെ ആഘോഷിക്കുമെന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ആകാംക്ഷ അവൾക്കായിരിക്കും. അഡലിന്റെ പിറന്നാൾ വരികയാണ്. നിർഭാഗ്യവശാൽ അവളുടെ ജന്മദിനം എന്റെ ഭാര്യയെ എനിക്ക് നഷ്ടമായ ദിവസം കൂടിയാണ്. എന്റെ ഭാര്യയുടെ ഓര്‍മയിൽ മകളുടെ ജന്മദിനം അവിസ്മരണീയമാക്കാൻ ഞാൻ തീരുമാനിച്ചു. പിങ്ക് വസ്ത്രങ്ങൾ ധരിച്ച കുഞ്ഞ് അഡലിനുമായി അവളുടെ അമ്മയ്ക്കൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയ സ്ഥലത്തേക്ക് ഞാൻ പോയി. അന്നത്തേതു പോലെ മനോഹരമായ ചിത്രങ്ങളെടുക്കാൻ സാധിച്ചെന്നു വിശ്വസിക്കുന്നു.’– ജെയിംസ് കുറിച്ചു. 

English Summary: Man pays emotional tribute to late wife, recreates maternity pics with daughter. Viral post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com