‘എരിഞ്ഞടങ്ങും മുമ്പ് അവൻ ബാക്കിവച്ചത് ആ താലിച്ചരട് മാത്രം’: കണ്ണുനനയിച്ച് ഈ ഫൊട്ടോ സ്റ്റോറി: വൈറൽ ചിത്രങ്ങൾ

viral-shoot
SHARE

ചില ക്യാമറക്കണ്ണുകൾ വളരെ മനോഹരമായി കഥ പറയാറുണ്ട്. അതിവൈകാരികത നിറഞ്ഞ ജീവിതസന്ദർഭങ്ങളെ കോർത്തിണക്കിയെത്തുന്ന ക്യാമറ ക്ലിക്കുകൾ സോഷ്യൽ മീഡിയയുടെ കണ്ണുനിറച്ചത് എത്രയോവട്ടം. പ്രണയവും വിരഹവും മാതൃത്വവുമൊക്കെ മിന്നിമറഞ്ഞുപോയ കഥാചിത്രങ്ങൾക്കിടയിലേക്ക് ഇതാ വീണ്ടുമൊരെണ്ണം കൂടി.

ഫൊട്ടോഗ്രാഫർ അരുൺ രാജ് ആർ നായരാണ് ജീവിതഗന്ധിയായ ചിത്രങ്ങൾ പകർത്തിയത്. അമ്മ, ജീവനായി കൈപിടിച്ചേൽപ്പിച്ച കുഞ്ഞു പെങ്ങളുടെ ജീവിതത്തിൽ പ്രണയം കടന്നു വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പെങ്ങളോടുള്ള അമിത വാത്സല്യവും കരുതലും കൊണ്ടാകണം, അവൾ കണ്ടെത്തിയ പ്രണയത്തെ സഹോദരനു ഭയമായിരുന്നു. പെങ്ങള്‍ പ്രണയത്തിൽ വീണെന്നറിഞ്ഞപ്പോൾ ഒരു നിമിഷം അയാൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഒടുവില്‍ എല്ലാ എതിർപ്പുകളെയും മറികടന്ന് തന്റെ പ്രണയം സ്വീകരിക്കാൻ പോയ പെൺകുട്ടിക്ക് വിധി കാത്തുവച്ചത് വലിയ വേദന. പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരമാണ് അവൾക്കു മുന്നിലേക്ക് എത്തിയത്

ഒരു സിനിമ പോലെ കണ്ടിരിക്കാവുന്ന ചിത്രം സോഷ്യൽ മീഡിയയും ഏറ്റടുത്തിട്ടുണ്ട്. ബിപിൻ, രാഹുൽ രവീന്ദ്രൻ, ശ്രുതി, ഷൈന വിഷ്ണു എന്നിവരാണ് ക്യാമറയ്ക്കു മുന്നിൽ കഥാപാത്രങ്ങളായെത്തുന്നത്.

ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പ് ഇങ്ങനെ

ഒരേ ഗർഭപാത്രത്തിൽ വിരിഞ്ഞ മൊട്ടുകൾ തമ്മിലുള്ള സ്നേഹം അനിർവചനീയമാണ്. അവിടെ വാത്സല്യം ഉണ്ട്. അതിൽ ഉരിത്തിരിയുന്ന കുറച്ചു നൊമ്പരങ്ങളും. അതുതന്നെയാണ് യാത്ര അവസാനിക്കാൻ നേരം അമ്മ കൈയിലേൽപ്പിച്ച കുഞ്ഞു അനുജത്തി അവനത്രമേൽ പ്രിയപ്പെട്ടതായത്.  അവളിൽ വിരിഞ്ഞ പ്രണയത്തെ അയാൾ വെറുത്തില്ല, ദേഷ്യമല്ല ഭയമായിരുന്നു,  അമ്മയ്ക്ക് അയാൾ നൽകിയ വാക്കിന്റെ നീറ്റൽ ആയിരുന്നു. 

മൊബൈൽ ഫോണിൽ കണ്ണും നട്ടു വഴിവക്കിൽ കാത്തുനിന്നിരുന്ന കാലൻ കഴുകന്മാർ ചീന്തിയേറിഞ്ഞത് എത്രയെത്ര ജീവിതങ്ങൾ. ജീവനറ്റനേരം പുറത്തേക്ക് തെറിച്ചുവീണ താലിയൽ പൊട്ടിത്തകർന്നത് സ്വപ്നങ്ങൾ ആണ്. അവന്റെ തന്നെ വീട്ടുകാരുടെ. എല്ലാം മറന്നു അമ്പലത്തിൽ കാത്തുനിന്ന, സ്വപ്നങ്ങൾ നെയ്തുതുടങ്ങിയ ഒരു പെണ്ണിന്റെ, അവൾക്കെല്ലാമെല്ലാമായ ഏട്ടന്റെ. വിങ്ങിപ്പൊട്ടി പ്രിയനേ അവസാനമായി കണ്ടൊഴിയുമ്പോൾ അവന്റെ അമ്മ കൈയിലേകിയ താലി തീയായി കൈയിലിരുന്നു പൊള്ളുമ്പോൾ, ഇനി ഒരു യുഗം ഇതുമായി ജീവിക്കാൻ അവളെടുക്കുന്ന ശപഥം പഞ്ചാഗ്നിയായ് എരിയുമ്പോൾ, ദൈവങ്ങളേ..തോൽക്കുന്നുവോ, തലകുനിക്കുന്നുവോ നിങ്ങൾ.

English Summary: Viral Photoshoot About Love

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS