കഠിനപ്രയത്നത്തിലൂടെ നിയമബിരുദം നേടി, താങ്ങായി അച്ഛനമ്മമാർ; ഇന്ത്യയിലെ ആദ്യ ഡെഫ് അഡ്വക്കേറ്റിന്റെ വിജയ കഥ

sarah-main-image
അഭിഭാഷകയായി സാറ
SHARE

സാറ എന്നാൽ ഹീബ്രുവിൽ രാജകുമാരിയെന്നാണ് അർഥം. ഇരട്ടപ്പെൺകുഞ്ഞുങ്ങളിലൊരാൾക്ക് സാറ എന്ന പേരു സമ്മാനിച്ചതിനൊപ്പം കോട്ടയം സ്വദേശികളായ ചാർട്ടേഡ് അക്കൗണ്ടന്റ് സണ്ണിയും ഭാര്യ ബെറ്റിയും അവൾക്കു മുന്നിൽ തുറന്നിട്ടത് ചരിത്രത്തിൽ സ്വന്തം പേരെഴുതിച്ചേർക്കാനുള്ള അവസരം കൂടിയായിരുന്നു. ഇന്ത്യയിലെ ആദ്യ ഡഫ് അ‍ഡ്വക്കേറ്റ് എന്ന വിലാസം ചേർത്തുവച്ചാണ് സാറ ചരിത്രത്താളിൽ തന്റെ പേരെഴുതിയിട്ടത്. ഏറെ പരീക്ഷണങ്ങൾക്കൊടുവിൽ, സാറ എന്ന രാജകുമാരിയിലൂടെ ദൈവം സമ്മാനിച്ച അഭിമാന നിമിഷങ്ങളെക്കുറിച്ചോർക്കുമ്പോൾ, പോയ കാലത്തെ കനൽവഴികളെ മറന്ന് സണ്ണിയും ബെറ്റിയും മനസ്സു തുറന്നു ചിരിക്കുന്നുണ്ട്. മൂന്നു മക്കൾക്കും കേൾവിയുടെ ലോകം അന്യമാണെന്നറിഞ്ഞപ്പോൾ തളർന്നുപോകാതെ, ദൈവത്തിന്റെ കൈപിടിച്ച് ആത്മവിശ്വാസവും പോസിറ്റീവ് എനർജിയും ഉള്ളിൽ നിറച്ച് അവരെ സ്വയം പര്യാപ്തരാക്കിയതിന്റെ നേരനുഭവങ്ങൾ മനോരമ ഓൺലൈൻ വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് ആ അച്ഛനും അമ്മയും.

സംശയം ചോദിച്ചും തർക്കിച്ചും സാറ വക്കീലായ കഥ

മകൻ പ്രതിക് ജനിച്ച് എട്ടുവർഷത്തിനു ശേഷം പിറന്ന ഇരട്ടപ്പെൺകുഞ്ഞുങ്ങൾ– സാറയും മറിയയും. മറിയ പൊതുവേ ശാന്തശീലയാണ്. സാറ നേരേ തിരിച്ചും. കളിക്കൂട്ടുകാരോടു തർക്കിച്ചും മുതിർന്നവരോട് ഇടതടവില്ലാതെ സംശയം ചോദിച്ചും കുഞ്ഞുസാറ വളർന്നപ്പോൾ അച്ഛനമ്മമാർ പറഞ്ഞിരുന്നു– ‘ഇവൾ വലുതാവുമ്പോൾ വക്കീലാവും’. അച്ഛനമ്മമാരുടെ ആ നീരീക്ഷണം അണുവിട തെറ്റിയില്ല. ശ്രവണവൈകല്യം ഒരു പരിമിതിയായി കാണുന്നവരെ അമ്പരപ്പിച്ചുകൊണ്ട് സാറ നിയമത്തിന്റെ വഴിയേ പഠിച്ചു മുന്നേറി. ക്ലൂണി കോൺവെന്റ് സ്കൂളിലായിരുന്നു സാറയും മറിയയും 10–ാം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു സെന്റ് ക്ലാരറ്റ് സ്കൂളിൽ. ജ്യോതിനിവാസ് കോളജിൽ നിന്ന് ബികോം പാസാകുന്നതുവരെ ഇരട്ടകൾ ഒരുമിച്ചാണ് പഠിച്ചത്. പിന്നെ മറിയ അച്ഛന്റെ വഴിയായ ചാർട്ടേഡ് അക്കൗണ്ടിങ് തിരഞ്ഞെടുത്തപ്പോൾ, താൻ പഠിക്കേണ്ടത് നിയമമാണെന്നതിൽ സാറയ്ക്ക് സംശയമേയില്ലായിരുന്നു.

മുൻമാതൃകകൾ ഇല്ലാതിരുന്നിട്ടും മകളെ പിന്തുണച്ചു

‘സാറ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവളുടെ സ്വപ്നത്തിന്റെ വഴിയേ സഞ്ചരിച്ചത്. അവൾക്കു കൃത്യമായ പദ്ധതികളുണ്ടായിരുന്നു. അതിനനുസരിച്ചുള്ള വിഷയങ്ങളാണ് അവൾ സ്പെഷലൈസേഷനായി തെരഞ്ഞെടുത്തതും. മുൻ മാതൃകകൾ ഇല്ല എന്നത് ഒരു കനത്ത വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ സാറയുടെ ആത്മവിശ്വാസം അതിനെല്ലാം മുകളിലായിരുന്നു. അതുകൊണ്ടുതന്നെ അവൾക്കിഷ്ടപ്പെട്ട കരിയർ തിരഞ്ഞെടുക്കാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതുവരെ അവൾക്കൊപ്പം നിൽക്കാനും ഞങ്ങൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.’ – സണ്ണിയും ബെറ്റിയും പറയുന്നു.

sara1
സാറയും മറിയയും മാതാപിതാക്കളായ ബെറ്റിക്കും സണ്ണി കുരുവിളയ്ക്കും ഒപ്പം

സാറാസ് ഡ്രീംസ്

‘നിയമം എന്ന വിഷയത്തോടുള്ള താൽപര്യംകൊണ്ടു മാത്രമല്ല സാറ ഈ കരിയർ തിരഞ്ഞെടുത്തത്. കേൾവിയുടെ ലോകം അന്യമായ അവളെപ്പോലെയുള്ള ആളുകൾക്ക് ഒരു പ്രചോദനമാകാൻ കൂടിയാണ്. കോൺസ്റ്റിറ്റ്യൂഷനൽ ലോ, ഡിസബിലിറ്റി ലോ, ഹ്യൂമൻ റൈറ്റ്സ് ലോ എന്നീ വിഷയങ്ങളിൽ ആഴത്തിലുള്ള അവഗാഹം നേടണം, ശേഷം ഭിന്നശേഷിയുള്ളവരുടെ കേസുകൾ കോടതിയിൽപ്പോയി വാദിക്കണം, അവരെപ്പോലെയുള്ള ആളുകൾ ഈ മേഖലയിലേക്ക് കൂടുതലായി കടന്നു വരണം എന്നീ ആഗ്രഹങ്ങളാണ് സാറയ്ക്കുള്ളത്. ശ്രവണവൈകല്യം ഉള്ള ഒരാൾ എങ്ങനെ കോടതിയിൽ വാദിച്ച് നീതിപീഠത്തെ സത്യം ബോധ്യപ്പെടുത്തും എന്നു ചോദിച്ചാലും സാറയ്ക്ക് കൃത്യമായ ഉത്തരമുണ്ട്– ഒരു ഇന്റർപ്രട്ടറെ വച്ച്  വാദിക്കും. സ്വപ്നങ്ങൾക്കു പരിധി നിശ്ചയിക്കാൻ ഒന്നിനുമാവില്ലെന്ന് സ്വന്തം ജീവിതം കൊണ്ടു തെളിയിക്കാനാണ് സാറയുടെ ശ്രമം.’

sara5

സാറ എങ്ങനെ നിയമം പഠിക്കും

‘നിയമപഠനമെന്നു സാറ ഉള്ളിലുറപ്പിച്ചതു മുതൽ ഏതു കോളജിൽ പ്രവേശനം തേടണം, സാറയുടെ കാര്യങ്ങൾ അറിഞ്ഞാൽ അവർ എങ്ങനെ പ്രതികരിക്കും എന്നൊക്കെ ചിന്തിച്ചിരുന്നു. ആദ്യം ഒരു ലോ കോളജിൽ പ്രവേശനത്തിന്റെ കാര്യം അന്വേഷിച്ചപ്പോൾ അവർ എന്തോ ഫേവർ ചെയ്യാൻ ശ്രമിക്കുന്നതുപോലെ തോന്നിയതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് സെന്റ്ജോസഫ് ഇൻസ്റ്റിറ്റ്യൂഷൻ ലോ കോളജ് ആരംഭിച്ചപ്പോൾ ആദ്യ ബാച്ചിൽത്തന്നെ സാറയ്ക്ക് പ്രവേശനം ലഭിച്ചു. സാറ എങ്ങനെ നിയമം പഠിക്കും എന്ന അവരുടെ സംശയത്തെ ഒന്നാം ക്ലാസ് മുതൽ ബിരുദം വരെ സാധാരണ സ്കൂളിൽ പഠിച്ചു വന്ന അവളുടെ അക്കാദമിക മികവുകൊണ്ട് ദൂരീകരിച്ചു. ശ്രവണവൈകല്യത്തെ ഒരു പരിമിതിയായി കാണാതെ ഐസിഎസ്ഇ സിലബസ് പഠിച്ച് നിയമ വിഷയങ്ങളിൽ മികച്ച മാർക്ക് വാങ്ങി മുന്നേറിയ അവളുടെ കഠിനാധ്വാനത്തെയും അവളുടെ വേറിട്ട ആഗ്രഹത്തെയും കുറിച്ചറിഞ്ഞപ്പോൾ അവർ ആദ്യ ബാച്ചിൽത്തന്നെ അവൾക്ക് പ്രവേശനം നൽകി. ക്ലാസിൽ അവൾക്കു കൂട്ടായി പഴയൊരു സഹപാഠിയുമുണ്ടായിരുന്നു. അങ്ങനെ സാധാരണ കുട്ടികൾക്കൊപ്പം പഠിച്ചാണ് അവൾ നിയമ ബിരുദം നേടിയത്. കോവിഡ് മൂലം പരീക്ഷ നീണ്ടുപോയതിനാൽ 2021 ഫെബ്രുവരിയിലാണ് പരീക്ഷാഫലം വന്നത്. അതിനുശേഷം കർണാടക ബാർ കൗൺസിലിൽ അവൾ എൻറോൾ ചെയ്തു.’

ഇന്ത്യയിലെ ആദ്യ ഡെഫ് അഡ്വക്കേറ്റ്

‘സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടു വയ്ക്കുന്നതിൽ സാറ വിജയിച്ചപ്പോൾ ഈ മേഖലയിൽ സമാനമായ വിജയം കൈവരിച്ച മറ്റാരെങ്കിലുമുണ്ടോയെന്ന് ഞങ്ങൾ അന്വേഷിച്ചു. ആ അന്വേഷണം ഞങ്ങളെയെത്തിച്ചത് ഡൽഹിയിലെ ആക്സസ് മന്ത്ര എന്ന സ്ഥാപനത്തിലാണ്. ശ്രവണവൈകല്യമുള്ള ആളുകളെ പ്രമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ആക്സസ് മന്ത്രയുടെ പ്രവർത്തനം. ശ്രവണ വൈകല്യമുള്ള ഒരു വ്യക്തിയാണ് അതിന്റെ സ്ഥാപകൻ. അവിടെ അന്വേഷിച്ചപ്പോൾ ഇതിന് മുൻപ് ആരും ഡെഫ് അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്തിട്ടില്ല എന്നറിയാൻ കഴിഞ്ഞു. അങ്ങനെയാണ് അക്കാര്യം സ്ഥിരീകരിക്കുന്നത്.’

sara3

മറക്കാനാവില്ല ഈ അംഗീകാരങ്ങൾ

‘സെന്റർ ഫോർ ലോ ആൻഡ് പോളിസി റിസർച്ച് എന്ന നിയമസ്ഥാപനത്തിലാണ് സാറ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. അവർ കൂടുതൽ ഫോക്കസ് ചെയ്ത് പ്രാക്ടീസ് ചെയ്യുന്നത് കോൺസ്റ്റിറ്റ്യൂഷനൽ ലോയും ഡിസബിലിറ്റി ലോയുമാണ്. ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരു സന്തോഷം കൂടി പങ്കുവയ്ക്കാനുണ്ട്. ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷനൽ ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റ്‌വർക്ക് ഓഗസ്റ്റ് 7, 8 തീയതികളിൽ ബെംഗളൂരുവിൽ ഒരു  നാഷനൽ സെമിനാർ സംഘടിപ്പിച്ചിരുന്നു. അതിന്റെ സ്ഥാപകൻ സുപ്രീംകോടതി അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് ആണ്. അവർക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും അഫിലിയേറ്റ്സുണ്ട്. സാറയെക്കുറിച്ചറിഞ്ഞ അവർ അവൾക്കു സെമിനാറിൽ പങ്കെടുക്കാൻ അവസരം നൽകുകയും തുടർന്ന് നാഷനൽ ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റ്‌വർക്കിൽ അംഗമാക്കുകയും ചെയ്തു. 

അതുപോലെ മറക്കാനാകാത്ത അനുഭവം സമ്മാനിച്ച മറ്റൊരു കാര്യവും സാറയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ആക്സസ് മന്ത്രയുടെ ഡെഫ് വുമൺ അച്ചീവേഴ്സ് പ്രോഗ്രാമിലേക്ക് സാറയ്ക്കു ക്ഷണം ലഭിച്ചു. ദേശീയതലത്തിൽ ആ പരിപാടിയിലേക്കു ക്ഷണിക്കപ്പെട്ട മൂന്നു പെൺകുട്ടികളിൽ ഒരാളായിരുന്നു അവൾ. മറ്റു രണ്ടുപേരിൽ ഒരാൾ ചെസ് ചാംപ്യനും മറ്റൊരാൾ സൗന്ദര്യമൽസര ജേതാവുമായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയ വ്യക്തി എന്ന നിലയിലാണ് സാറ തിരഞ്ഞെടുക്കപ്പെട്ടത്. ആ പ്രോഗ്രാമിൽ സാറയെ ഉൾപ്പെടുത്തി ഒരു ഫൈനൽ ഡിസ്കഷനുമുണ്ടായിരുന്നു. അതൊരു വലിയ അംഗീകാരമാണ്. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള 400 പേർ പങ്കെടുത്ത ഓൺലൈൻ മീറ്റിങ്ങിൽ അത്തരമൊരു അംഗീകാരം ലഭിച്ചത് മറക്കാനാവില്ല.’ – സണ്ണി പറയുന്നു.

ചിലങ്കകൾക്കും പറയാനൊരു കഥയുണ്ട്...

‘ഒരു കഴിവു പോലുമില്ലാതെ ഒരു കുഞ്ഞും ഈ ഭൂമിയിലേക്കു പിറന്നു വീഴുന്നില്ല. അതു കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് മക്കൾക്കൊപ്പം അമ്മയും വളരുന്നത്.’ സാറയുടെ അമ്മ ബെറ്റിയുടെ ആ വാക്കുകൾക്കുള്ള ഏറ്റവും വലിയ സാക്ഷ്യം അവരുടെ ജീവിതം തന്നെയാണ്.  കേൾവി പ്രശ്നമുള്ളതുകൊണ്ട് കലയുടെ ലോകം കുഞ്ഞുങ്ങൾക്ക് അന്യമാകുമോയെന്നു ഭയന്ന അമ്മയിൽനിന്ന്, മക്കൾക്കൊപ്പം ആനന്ദത്തോടെ ചുവടുവയ്ക്കാൻ അവസരം ലഭിച്ച അമ്മയാകാൻ കഴിഞ്ഞ സന്തോഷത്തിലാണവർ. മൂന്നു വയസ്സു മുതൽ ബെറ്റി തന്നെ കുഞ്ഞുങ്ങളെ നൃത്തം പഠിപ്പിച്ചുതുടങ്ങി. അമ്മയെ അമ്പരപ്പിച്ചുകൊണ്ട് വളരെവേഗം കുഞ്ഞുങ്ങൾ ചുവടുകൾ പഠിച്ചെടുത്തു. ശ്രവണശക്തിയില്ലാത്ത കുഞ്ഞുങ്ങൾ ടൈമിങ് തെറ്റാതെ, ചുവടു പിഴയ്ക്കാതെ നൃത്തം ചെയ്യുന്നത് അധ്യാപകരും സഹപാഠികളുമടക്കമുള്ള കാണികൾ ആനന്ദക്കണ്ണീരോടെ, കൈയടികളോടെ കണ്ടിരുന്ന നിമിഷങ്ങൾ ആ അമ്മയുടെ കണ്ണിൽനിന്നു മായുന്നില്ല. നൃത്തം പഠിപ്പിക്കുമ്പോൾ പാട്ടിന്റെ വരികളുടെ അർഥം കുഞ്ഞുങ്ങൾക്കു കൃത്യമായി പറഞ്ഞുകൊടുക്കുമായിരുന്നുവെന്നും മുഖഭാവങ്ങൾ കൃത്യമാകാൻ അതവരെ സഹായിച്ചിട്ടുണ്ടാകുമെന്നും ബെറ്റി പറയുന്നു. കഴിഞ്ഞ ചിങ്ങം ഒന്നിന് പെൺമക്കൾക്കൊപ്പം നൃത്തം ചെയ്യാൻ സാധിച്ചത് ദൈവാനുഗ്രഹമായാണ് ആ അമ്മ കാണുന്നത്. ചിത്രരചന, ക്രാഫ്റ്റ്‌വർക്ക്സ്, ബാഡ്മിന്റൻ എന്നിവയിലും മക്കൾ ഒരുപാടു സമ്മാനങ്ങൾ നേടിയിട്ടുണ്ടെന്ന് ആ അമ്മ അഭിമാനത്തോടെ പറയുന്നു. മകൻ പ്രതികിന് താൽപര്യം ക്രിക്കറ്റ് ആയിരുന്നു. സ്കൂളിലും കോളജിലും നൃത്തം ചെയ്തും സഹപാഠികളെ നൃത്തം പഠിപ്പിച്ചും മൽസരങ്ങളിൽ അവർ സമ്മാനങ്ങൾ വാരിക്കൂട്ടുമ്പോൾ നിറഞ്ഞ കണ്ണോടെ ബെറ്റി ദൈവത്തിനു നന്ദിപറയും. കലാരംഗത്തും കായികമേഖലയിലും അവർ കഴിവുതെളിയിച്ചത് ദൈവത്തിന്റെ അദ്ഭുതപ്രവൃത്തിയാണെന്നു വിശ്വസിക്കാനാണ് ആ അമ്മയ്ക്കിഷ്ടം.

dance

സ്വപ്നങ്ങളെത്തിപ്പിടിച്ച മൂവർ സംഘം

സണ്ണി– ബെറ്റി ദമ്പതികളുടെ മകൻ പ്രതിക്  ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങൾക്കുമൊപ്പം ടെക്സസിലാണ്. ഐടി മേഖലയിൽ ജോലിചെയ്യുന്നു. സാറയുടെ ഇരട്ട സഹോദരി സിഎ കഴിഞ്ഞ് ഒരു ഫ്രഞ്ച് ഓഡിറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണിപ്പോൾ.

അതിനെ നിമിത്തമെന്നു വിളിക്കാനാണിഷ്ടം

‘കുടുംബത്തിൽ ആർക്കും ശ്രവണ വൈകല്യങ്ങളില്ല. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ കാര്യമറിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയില്ലായിരുന്നു. ദൈവാനുഗ്രഹവും പോസിറ്റീവ് മനോഭാവവുമാണ് തളരാതെ കാത്തത്. ഇനിയെന്ത് എന്ന അന്വേഷണമാണ് ചെന്നൈയിലെ ബാലവിദ്യാലയത്തിലെത്തിച്ചത്. ആംഗ്യഭാഷയില്ലാത്ത ചെന്നൈ ബാലവിദ്യാലയത്തെക്കുറിച്ച് കേട്ടറിഞ്ഞതും മകൻ പ്രതികിനെ അവിടെ പഠിപ്പിക്കാൻ സാധിച്ചതും നിമിത്തമെന്നു വിശ്വസിക്കാനാണിഷ്ടം. അവിടെനിന്നു കിട്ടിയ പരിശീലനം ഇളയ രണ്ടു കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിൽ ഏറെ സഹായിച്ചിട്ടുണ്ട്. അവിടുത്തെ പരിശീലനത്തിനു ശേഷം പ്രതികിനെ സാധാരണ സ്കൂളിൽ ചേർക്കാൻ കഴിഞ്ഞു. 16 വയസ്സിൽ അവനെ വിദേശത്ത് അയച്ചു. എൻജിനീയറിങ്ങും എംഎസും ചെയ്ത് അവൻ സ്വന്തം കരിയറും കുടുംബവും കെട്ടിപ്പടുത്തു. മൂന്നു കുഞ്ഞുങ്ങളും സാധാരണ കുട്ടികൾക്കൊപ്പം ഐസിഎസ്ഇ സിലബസ് പഠിച്ച് മികച്ച മാർക്ക് നേടി അവരുടെ കരിയർ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു. ഒരു നിയോഗം പോലെ ദൈവം അവരെ ഞങ്ങൾക്കു തന്നപ്പോൾ, അവരെ അതിനു പ്രാപ്തരാക്കാനുള്ള കഴിവും തന്നു.’

പാരന്റിങ്ങിൽ ഫോക്കസ് നൽകിയത് ഈ രണ്ടു കാര്യങ്ങൾക്ക്

ശ്രവണവൈകല്യമുള്ള മൂന്നു കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ എന്ന നിലയിൽ പേരന്റിങ്ങിൽ ഫോക്കസ് നൽകിയത് രണ്ട് പ്രധാന കാര്യങ്ങൾക്കാണെന്ന് സണ്ണിയും ബെറ്റിയും പറയുന്നു– പോസിറ്റീവ് മനോഭാവത്തിനും നിലവാരമുള്ള ജീവിത സാഹചര്യത്തിനും (quality living). ‘കുഞ്ഞുങ്ങളെ ഒന്നിൽനിന്നും മാറ്റി നിർത്താതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്നപ്പോൾ മനസ്സിനു മുറിവേൽപിക്കുന്ന പല പ്രതികരണങ്ങളുമുണ്ടായെങ്കിലും പതറിയില്ല. വെല്ലുവിളികളെ അതിജീവിച്ച്, സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ മൂന്നു കുട്ടികളെയും പഠിപ്പിച്ചു. അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഉന്നത വിദ്യാഭ്യാസം നൽകി. സ്വയം പര്യാപ്തരായി ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യങ്ങളൊരുക്കി. ഹിയറിങ് എയ്ഡ്സ് വച്ച് പൊതുചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ നാണക്കേടു തോന്നാത്ത തരത്തിൽ അവരുടെ ആത്മവിശ്വാസം വർധിച്ചു. കുടുംബത്തിൽ എപ്പോഴും പോസിറ്റീവ് മനോഭാവം നിലനിർത്താനും എല്ലാക്കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കാനും ശ്രദ്ധിച്ചു. പരസ്പരമുള്ള ആശയവിനിമയത്തിന് വളരെ പ്രാധാന്യം നൽകണമെന്നാണ് മറ്റുള്ള മാതാപിതാക്കളോട് ഞങ്ങൾക്ക് പറയാനുള്ളത്.’

sara-with-her-parents

സ്വന്തം ചിറകുവിരിച്ച് അവർ പറക്കട്ടെ

‘കുഞ്ഞുങ്ങളുടെ കഴിവുകളും പോരായ്മകളും ഏറ്റവും നേരത്തേ തിരച്ചറിയാൻ കഴിയുന്ന രണ്ടു കൂട്ടർ മാതാപിതാക്കളും അധ്യാപകരുമാണ്. സ്വന്തം കുഞ്ഞുങ്ങളുടെ പോരായ്മകൾ തുടക്കത്തിലേ മനസ്സിലാക്കുകയും അവർക്കുള്ള കഴിവുകൾ തിരിച്ചറിഞ്ഞ് അതു വളർത്തിയെടുക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയുമാണ് വേണ്ടത്. മാതാപിതാക്കളുടെ സമയമാണ് മക്കൾക്കുവേണ്ടി ഇൻവെസ്റ്റ് ചെയ്യേണ്ടത്. അവർ സ്വയം പര്യാപ്തരായി ജീവിക്കാനുള്ള സാഹചര്യം, അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിദ്യാഭ്യാസം, കരിയർ ഗൈഡൻസ് എന്നിവ നൽകുന്നതിൽ ഒരിക്കലും ഉദാസീനത കാണിക്കരുത്. ദൈവം അവർക്ക് ഏതെങ്കിലും തരത്തിൽ പരിമിതി നൽകിയിട്ടുണ്ടെങ്കിൽ അതിനെ വെല്ലാൻപോന്ന ഒരു കഴിവും നൽകിയിട്ടുണ്ടാകും. അതെന്താണെന്നു കണ്ടെത്തി പ്രോത്സാഹിപ്പിക്കാം. മറ്റുള്ളവരുടെ പരിഹാസം ഭയന്ന് വീട്ടിലടച്ചിരുത്തരുത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അവരും സമൂഹത്തിന്റെ ഭാഗമാണെന്ന ആത്മവിശ്വാസം ഉണ്ടാക്കിക്കൊടുക്കണം. സ്വപ്നങ്ങളുടെ ആകാശത്ത് സ്വന്തം ചിറകുവിരിച്ച് പറക്കാനുള്ള അവസരം അവർക്കുമുണ്ടാകട്ടെ. ഇതാണ് ഏതെങ്കിലും തരത്തിൽ പരിമിതികളുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് ഞങ്ങൾക്ക് നൽകാനുള്ള സന്ദേശം.’

siblings

കരിയറിൽ ചുവടുറപ്പിച്ചു ഇനി കല്യാണം

സാറയും മറിയയും അവർക്കു താൽപര്യമുള്ള മേഖലകളിൽ ചുവടുറപ്പിച്ചു കഴിഞ്ഞു. ഇനിയവർക്ക് യോജിച്ച പങ്കാളികളെ കണ്ടെത്തണം. അതിനുള്ള അന്വേഷണത്തിലാണിപ്പോൾ ഞങ്ങളെന്ന് സണ്ണിയും ബെറ്റിയും. ‘ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. പല മാതാപിതാക്കളും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നൽകാൻ തീരെ താൽപര്യം പ്രകടിപ്പിക്കാറില്ല. അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം ഏതെങ്കിലും തൊഴിലധിഷ്ഠിത കോഴ്സിന് ചേർക്കും. ഒരിക്കലും അവരെ കഴിവു കുറച്ചു കണ്ട് കുറവുകളുടെ പേരിൽ മാറ്റി നിർത്തരുത്. വിദേശത്ത് അവർക്ക് ശോഭിക്കാൻ കഴിയുന്ന നിരവധി തൊഴിലവസരങ്ങളുണ്ട്. കുറവുകളെ കഴിവുകളാക്കി മാറ്റിയാൽ അവർക്കായി അവസരങ്ങളുടെ വലിയൊരു ചക്രവാളം കാത്തിരിപ്പുണ്ട്.’ അനുഭവത്തിന്റെ കനൽത്തരികൾ ആനന്ദത്തിന്റെ നക്ഷത്രങ്ങളാകുന്നത് ജീവിതംകൊണ്ടറിഞ്ഞ ഒരച്ഛന്റെയും അമ്മയുടെയും വാക്കുകളാണിത്; സത്യത്തിന്റെ കരുത്തു തിളങ്ങുന്നത്. 

English Summary: Life Story Of Deff Advocate Sarah

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് കർഷകവിജയമോ? വിശ്വസിക്കാമോ മോദി സർക്കാരിന്റെ നിലപാടുമാറ്റം?

MORE VIDEOS
FROM ONMANORAMA