ADVERTISEMENT

ഏറെ ഹൃദയഭേദകമായ ഒരു വാർത്തയാണ് വെനസ്വേലയിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് യാത്രാബോട്ട് തകർന്നതിനെ തുടർന്ന് സ്വന്തം ജീവൻ നൽകി മക്കളെ രക്ഷിച്ചിരിക്കുകയാണ് ഒരമ്മ. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെ ബോട്ട് തകർന്നതിനെ തുടർന്ന് ഇവർ നടുക്കടലിൽ അകപ്പെട്ടു പോവുകയായിരുന്നു. 

തകർന്ന ബോട്ടിന്റെ വെള്ളത്തിൽ ഉയർന്നു കിടന്ന ഒരു ഭാഗത്താണ് മരിലി ഷാകോൺ എന്ന വനിതയും രണ്ടു മക്കളും പരിചാരകയും അടങ്ങുന്ന സംഘം രക്ഷ നേടിയത്. എന്നാൽ ഭക്ഷണമോ വെള്ളമോ കയ്യിൽ ഇല്ലാത്തതിനാൽ ആറുവയസ്സുകാരനായ ജോസ് ഡേവിഡിന്റെയും രണ്ടു വയസ്സുകാരിയായ മരിയയുടെയും ജീവൻ നിർത്തുന്നതിനായി  മരിലി മുലപ്പാൽ നൽകുകയായിരുന്നു. നാലുദിവസം സ്വന്തം മൂത്രം കുടിച്ച് ജീവൻ നിലനിർത്തിയാണ് മരിലി മക്കളെ മുലയൂട്ടിയത്. 

ഒടുവിൽ കടലിൽ അകപ്പെട്ട ബോട്ട് യാത്രക്കാരെ തിരഞ്ഞിറങ്ങിയ രക്ഷാസംഘം ഇവരെ കണ്ടെത്തുമ്പോഴേക്കും കുട്ടികൾ അമ്മയുടെ മൃതദേഹത്തിൽ ചേർന്നിരിക്കുന്ന കാഴ്ചയാണ് കണ്ടത്. മൂത്രം കുടിച്ച് ജീവൻ നിലനിർത്താൻ ശ്രമിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് മരിലി മരിച്ചത്. കുട്ടികൾ ഇരുവരും നിർജലീകരണവും സൂര്യതാപമേറ്റതും മൂലം തികച്ചും അവശരായ നിലയിലായിരുന്നു. കൊടും ചൂടിനെ അതിജീവിക്കാൻ ബോട്ടിന്റെ തകർന്ന ഭാഗത്ത് അവശേഷിച്ച  ചെറിയ ഫ്രിഡ്ജിനുള്ളിലാണ് ഇവർക്കൊപ്പമുണ്ടായിരുന്ന യുവതി രക്ഷ നേടിയത്. 

രക്ഷാസംഘം ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചു. വിശദമായ പരിശോധനയിൽ ഇലക്ട്രോലൈറ്റുകളിൽ കാര്യമായ കുറവ് വന്നതിനെ തുടർന്നാണ് മരിലിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചത് എന്ന് കണ്ടെത്തി. മരിലിയുടെ ഭർത്താവടക്കം ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടികളെ സന്തോഷിപ്പിക്കാനായാണ് സംഘം ദ്വീപിലേക്ക് യാത്ര പുറപ്പെട്ടത് എന്ന് മരിലിയുടെ അച്ഛനായ ഹംബേർട്ടോ പറയുന്നു. ശക്തമായ തിരമാലകളെ തുടർന്നാണ് ബോട്ട് തകർന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതേ സമയം കുട്ടികളുടെ നില ഇപ്പോൾ തൃപ്തികരമാണെന്നും അവർ ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

English Summary: Tragic Venezuelan mother saved her two children after shipwreck by BREASTFEEDING them for four days while she drank her own urine before finally dying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com