ADVERTISEMENT

വിവാഹമോചനങ്ങൾ  ഇന്നൊരു പുതുമയല്ല. വിവാഹബന്ധത്തിൽ പങ്കാളികൾക്ക് സന്തോഷത്തോടെ മുന്നോട്ടുപോകാനാവുന്നില്ല എന്ന് തിരിച്ചറിഞ്ഞാൽ  സ്വതന്ത്രമായ ജീവിതം തിരഞ്ഞെടുക്കാൻ മുൻകാലങ്ങളെ അപേക്ഷിച്ച്  സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പര്യാപ്തത നേടി കഴിഞ്ഞു. എന്നാൽ ചിലപ്പോഴെങ്കിലും സന്തോഷകരമായ  ദാമ്പത്യം നയിക്കാവുന്ന സാഹചര്യങ്ങളിലുള്ളവർ നിസ്സാര കാര്യങ്ങളുടെ പേരിൽ വിവാഹമോചനത്തിലേക്ക് എത്താറുണ്ട്. ഒന്നു മനസ്സുവെച്ചാൽ  ദാമ്പത്യബന്ധങ്ങൾ സുന്ദരമായി   കൊണ്ടുപോകാൻ ഇക്കൂട്ടർക്ക് സാധിച്ചെന്നു വരാം. അതിനു സഹായകമായ ചില മാർഗ്ഗങ്ങൾ നോക്കാം. 

ഉത്തരവാദിത്തം തന്റേതു കൂടിയാണ് എന്ന തിരിച്ചറിവ്.. 

വിവാഹ ബന്ധം വേർപെടുത്തണമെന്ന് ചിന്തിക്കുന്ന പലരും പങ്കാളിയുടെ കുറ്റമോ കുറവോ മൂലമാണ് അത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത് എന്ന് സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനുമാവും ശ്രമിക്കുക. എന്നാൽ ദാമ്പത്യം എന്നത് കൂട്ടായ ഉത്തരവാദിത്തമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. വിവാഹജീവിതത്തിൽ സംഭവിക്കുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളിലും പങ്കാളികൾക്ക് തുല്യ ഉത്തരവാദിത്വമാണുള്ളത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ പങ്കാളിയെ പ്രതിക്കൂട്ടിലാക്കാതെ തന്റെ ഭാഗത്തെ തെറ്റുകൾ എന്താണെന്ന് ആത്മപരിശോധന നടത്തുകയാണ് ആദ്യപടി. 

പ്രശ്നങ്ങൾക്ക് ചെവി കൊടുക്കാം.. 

ബന്ധത്തിന് ഉലച്ചിൽ തട്ടിയാൽ പിന്നീട് പങ്കാളികൾക്കിടയിൽ വാക്കുതർക്കങ്ങൾ നിത്യസംഭവമായിരിക്കും. ഒരുപക്ഷേ പങ്കാളിയെ എത്രത്തോളം പ്രകോപിപ്പിക്കാനാവുമോ അത്രത്തോളം മനസ്സിൽ തട്ടുന്ന വാക്കുകൾ അറിയാതെതന്നെ നാവിൽ നിന്ന് പുറത്തുവന്നെന്നും വരാം. ഒരിക്കൽ സ്നേഹത്തോടെ ശരീരവും മനസ്സും പങ്കിട്ടവർ  ശത്രുക്കളായി തീരുന്ന കാഴ്ച. ഇത്തരം ഘട്ടങ്ങളിൽ ആത്മസംയമനം വീണ്ടെടുത്ത് പങ്കാളിയുടെ ഭാഗം കേൾക്കാൻ അൽപസമയം നീക്കിവെച്ചാൽ ചിലപ്പോൾ നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ്  തങ്ങൾക്കിടയിൽ ഉള്ളത് എന്ന് തിരിച്ചറിയാനാവും. 

മനസ്സിൽ കടന്നുകൂടിയ വിഷമങ്ങൾ പലപ്പോഴും ദേഷ്യമായോ വാശിയായോ ഒക്കെയാവും പുറത്തുവരിക.അല്‍പം സമചിത്തതയോടെ തുറന്നു സംസാരിച്ചു പങ്കാളിയുടെ ഭാഗം കേൾക്കാൻ ശ്രമിച്ചാൽ യഥാർത്ഥ കാരണം തിരിച്ചറിയാനും വലിയ വഴക്കുകൾ ഒഴിവാക്കാനും സാധിക്കും. 

അല്പം വിട്ടുവീഴ്ചയാവാം.. 

വ്യക്തിത്വം പണയപ്പെടുത്തി ബന്ധം നിലനിർത്തുന്നത്  തികച്ചും ദോഷകരം തന്നെയാണ്. എന്നാൽ പങ്കാളിക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങളിൽ ചെറിയ വിട്ടുവീഴ്ചകൾ  വരുത്തുന്നത് ഗുണം മാത്രമേ ചെയ്യു. ഇത്തരം വിട്ടുവീഴ്ചകൾ പൂർണ്ണമനസ്സോടെ ചെയ്യാൻ  ആർക്കും സാധിച്ചെന്നുവരില്ല.  ചെറിയ ചെറിയ താൽപര്യങ്ങൾക്കാണോ പങ്കാളിക്കാണോ നിങ്ങളുടെ മനസ്സിൽ കൂടുതൽ പ്രാധാന്യമുള്ളത് എന്ന് ചിന്തിച്ചു വേണം ഇത്തരം വിട്ടുവീഴ്ചകൾക്ക് തയ്യാറെടുക്കാൻ . ഒരുപക്ഷേ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനോളം ബുദ്ധിമുട്ട് ചെറിയ ഇഷ്ടങ്ങൾ വേണ്ടെന്ന് വയ്ക്കുന്നതിനുണ്ടാവില്ല. 

കൗൺസിലിങിന് പോകാൻ മടിക്കേണ്ടതില്ല.. 

മറ്റൊരാൾക്ക് തങ്ങളെ സ്വാധീനിക്കാൻ കഴിയില്ല എന്ന ചിന്ത ഉള്ളവരാണ് ഭൂരിഭാഗവും. അതിനാൽ  വിദഗ്ധരുടെ ഉപദേശം തേടാൻ  മടിക്കുകയും ചെയ്യും.  ബന്ധുക്കളുമായോ കൂട്ടുകാരുമായോ മാത്രം പ്രശ്നങ്ങൾ പങ്കുവച്ചാൽ പലപ്പോഴും ഒരാളുടെ പക്ഷം ചേർന്നുള്ള അഭിപ്രായങ്ങളാവും തിരികെ ലഭിക്കുക.  അത് നിങ്ങളുടെ തീരുമാനത്തെ കാര്യമായി സ്വാധീനിക്കണമെന്നില്ല. എന്നാൽ രണ്ട് വ്യക്തികളോടും പ്രത്യേക താല്പര്യമില്ലാത്ത മൂന്നാമതൊരാളുടെ ഇടപെടൽ വലിയ മാറ്റങ്ങൾ വരുത്തി എന്നും വരാം. ബന്ധത്തിൽ വിള്ളലുണ്ടാവാൻ സ്വന്തം ഭാഗത്തുനിന്നും എന്തെങ്കിലും  തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തുറന്നു പറയാനുള്ള ഒരു അവസരവും ഇത്തരത്തിൽ തുറന്നുകിട്ടും. സ്വന്തം നിലയിൽ കാര്യങ്ങൾ തീരുമാനിച്ചു പോകുന്നവരെ അപേക്ഷിച്ച് കൗൺസിലിംഗിന് വിധേയരാകുന്നവരുടെ ബന്ധങ്ങൾ  പ്രശ്നങ്ങൾ പരിഹരിച്ച്  സുഖമായി മുന്നോട്ടു പോകുന്ന സംഭവങ്ങൾ ഏറെയാണ്. 

തീരുമാനം നിങ്ങളുടേത് മാത്രം ആകട്ടെ.. 

പ്രശ്നങ്ങളില്ലാതെ പോകുന്ന  ദമ്പതികൾക്കിടയിൽ പോലും ചിലപ്പോൾ ബാഹ്യശക്തികളുടെ പ്രേരണകൊണ്ട്  പ്രശ്നങ്ങൾ ഉടലെടുത്തെന്നു വരാം. നിങ്ങളുടെ ജീവിതത്തെ പറ്റി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്ന അഭിപ്രായങ്ങൾ ഒരിക്കലും നിങ്ങളെ സ്വാധീനിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. പങ്കാളിയെ പറ്റി മറ്റൊരാൾ പറഞ്ഞല്ല നിങ്ങൾക്ക്  അഭിപ്രായം ഉണ്ടാവേണ്ടത് എന്ന് ആദ്യം തിരിച്ചറിയുക. ദമ്പതികൾക്കിടയിൽ  ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾ മറ്റുള്ളവർക്ക് മുൻപിൽ തുറന്ന പുസ്തകമാക്കി വെച്ച് അവരുടെ അഭിപ്രായങ്ങൾ വഴി തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് ബന്ധം വഷളാക്കാനേ സഹായിക്കു. സ്നേഹത്തോടെ കഴിഞ്ഞ നാളുകൾ ഓർത്തെടുക്കുകയും പ്രശ്നങ്ങൾ  തുടങ്ങിയത് എവിടെ നിന്നെന്ന് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തുകയുമാണ് വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com