sections
MORE

ഇന്ത്യയിൽ നിന്ന് 5 പെൺകുട്ടികളെ ദത്തെടുത്ത് യുഎസ് വനിത; നന്മ നിറഞ്ഞ അമ്മയായി ക്രിസ്റ്റൈൻ; അഭിനന്ദന പ്രവാഹം

christian
SHARE

അമ്മയാകാൻ ഗർഭം ധരിക്കണമെന്നോ പ്രസവിക്കണമെന്നോ ഇല്ലെന്ന് ഒരിക്കല്‍ കൂടി ലോകത്തെ ഓർപ്പിക്കുകയാണ് യുഎസ് സ്വദേശിയായ ക്രിസ്റ്റൈൻ വില്യംസ്. 39–ാമത്തെ വയസ്സിലാണ് ഇവർ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. അമ്മയാകുന്നതിനെ കുറിച്ച് എപ്പോഴും ചിന്തിച്ചിരുന്നതായും പങ്കാളിയില്ലാത്തതിനാൽ അത് നഷ്ടപ്പെടരുതെന്ന് ആഗ്രഹമുണ്ടായിരുന്നതായും ക്രിസ്റ്റ്യൻ വില്യംസ് പറയുന്നു. ഹ്യുമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിലാണ് യുഎസിലെ സിൻസിനാറ്റി സ്വദേശിയായ ക്രിസ്റ്റൻ തന്റെ ജീവിത കഥ പറയുന്നത്. അനാഥാലയത്തിൽ ജീവിക്കുന്നതിനെക്കാൾ സന്തോഷത്തോടെയായിരിക്കും ഓരോ കുഞ്ഞും വീട്ടിൽ കഴിയുന്നതെന്നും അവര്‍ പറഞ്ഞു. 

ഒരു സിംഗിൾ മദറായതിനാൽ കുഞ്ഞിനെ ദത്തെടുക്കാൻ അവരുടെ മുന്നിലുള്ള വഴി ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. അതിനാൽ യുഎസിനു പുറത്തുള്ള രാജ്യങ്ങളിലേക്ക് അവരുടെ അന്വേഷണം നീണ്ടു. നേപ്പാളിലേക്ക് അപേക്ഷ നൽകി. 28000 ഡോളറും കൈമാറി. എന്നാൽ യുഎസ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റ് നേപ്പാളിൽ നിന്നുള്ള ദത്തെടുക്കൽ നടപടി തടഞ്ഞു. പണം നഷ്ടമായതിനേക്കാളും ക്രിസ്റ്റൈൻ വില്യംസിനെ  വിഷമിപ്പിച്ചതു കുഞ്ഞിനെ ലഭിച്ചില്ല എന്നതാണ്. പിന്നെയും കുറെ നാൾ അവർ കാത്തിരുന്നു. അതിനിടെയാണ് ഇന്ത്യയിലെ ഒരു ദത്തെടുക്കൽ ഏജൻസിയിൽ നിന്നും ക്രിസ്റ്റൈനെ തേടി ഒരു ഫോൺകോൾ എത്തിയത്. ഇന്ത്യയിൽ നിന്നും കുഞ്ഞിനെ ദത്തെടുക്കാൻ തടസ്സങ്ങളില്ലെന്ന് അറിയിച്ചു കൊണ്ടുള്ള ഒരു ഫോൺകോൾ ആയിരുന്നു അത്. എന്നാല്‍ പ്രത്യേക പരിഗണന ആവശ്യമുള്ള കുഞ്ഞിനെ മാത്രമേ ദത്തു നൽകൂ എന്ന ഒരു ഉപാധിയുണ്ടായിരുന്നു. 

ആ ഫോൺ സന്ദേശം തന്നെ വല്ലാതെ ആശങ്കാകുലയാക്കി എന്നും ക്രിസ്റ്റ്യൻ പറയുന്നു. തൊട്ടു പിന്നാലെ മറ്റൊരു ഫോൺകോൾ കൂടി ക്രിസ്റ്റൈനെ തേടിയെത്തി. അത് അവരുടെ അമ്മയായിരുന്നു. താൻ ഭിന്നശേഷിക്കാരിയായ ഒരു കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു എന്ന് ക്രിസ്റ്റൈൻ അമ്മയോട് പറഞ്ഞു. ആ നിമിഷം താൻ കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചതായും ക്രിസ്റ്റൈൻ വ്യക്തമാക്കി. 

രണ്ടാഴ്ചകള്‍ക്കുശേഷമാണ് അഞ്ചുവയസ്സുകാരിയായ മുന്നിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ക്രിസ്റ്റെനു കിട്ടിയത്. മുമ്പ് അവളെ നോക്കിയവരില്‍നിന്ന് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ മുന്നിയുടെ പെരുമാറ്റ രീതിയിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ, അവളുടെ മുഖത്തെ പുഞ്ചിരി തന്നെ ആകർഷിച്ചതായും അങ്ങനെ അവളെ ദത്തെടുക്കാൻ ക്രിസ്റ്റൈൻ തീരുമാനിക്കുകയായിരുന്നു. 2013ലെ പ്രണയദിനത്തിലായിരുന്നു മുന്നി ക്രിസ്റ്റൈന്റെ കൈകളിൽ എത്തിയത്. എന്നാൽ മുന്നി വളർന്നപ്പോൾ അവൾക്കൊരു കൂട്ട് വേണമെന്ന് ക്രിസ്റ്റൈന് തോന്നി. അങ്ങനെ രണ്ടാമത്തെ കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചു. ഒരാഴ്ചയ്ക്കു ശേഷം ഏജന്റ് വിളിച്ച് ഒരു കുട്ടിയുണ്ടെന്നും 22 മാസമാണെന്നും പക്ഷേ, കുഞ്ഞിനു മൂക്കില്ലെന്നും ക്രിസ്റ്റൈനോട് പറഞ്ഞു. ഒരു വർഷത്തിനു ശേഷം രൂപ എന്നു പേരിട്ട ആ കുട്ടിയും ക്രിസ്റ്റൈനൊപ്പം യൂഎസിലേക്ക് പോയി. എന്നാൽ പെട്ടന്നുണ്ടായ മാറ്റം ഉൾക്കൊള്ളാൻ രൂപയ്ക്ക് സാധിച്ചില്ല. ഒരാഴ്ചയോളം അവള്‍ കരഞ്ഞു. താൻ എന്തെങ്കിലും തെറ്റു ചെയ്തിട്ടാണോ അവൾ കരഞ്ഞതെന്ന് സംശയിച്ചെന്നും ക്രിസ്റ്റൈൻ വ്യക്തമാക്കി. എന്നാൽ, പതുക്കെ മുന്നിയും രൂപയും കൂട്ടുകാരായി മാറി. 

പിന്നീട് രണ്ടു വർഷത്തിനുള്ളിൽ മോഹിനി എന്നും സൊനാലി എന്നും പേരായ രണ്ടു പെൺകുട്ടികളെ കൂടി ക്രിസ്റ്റൈൻ ദത്തെടുത്തു. കുടുംബം വലുതായതോടെ അധ്യാപികയായ അവർക്ക് ചിലവുകള്‍ അധികമായി. തുടർന്ന് അധ്യാപനം വിട്ട് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് അവർ കടന്നു. കുട്ടികളെ പിരിഞ്ഞിരിക്കാൻ കഴിയാത്തതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങി. അതുകൊണ്ടും കുഞ്ഞുങ്ങളോടുള്ള ആഗ്രഹം ക്രിസ്റ്റൈൻ വിട്ടില്ല. ഡൗൺ സിൻഡ്രോം ബാധിച്ച കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി. 2020ൽ നിഗ്ധ എന്നു പേരായ പെൺകുഞ്ഞു കൂടി അവരുടെ കൈകളിലെത്തി. അവൾ പുതിയ സാഹചര്യവുമായി ഇണങ്ങി വരുന്നതേയുള്ളൂ എന്ന് ക്രിസ്റ്റൈൻ പറഞ്ഞു. നന്മനിറഞ്ഞ ജീവിത കഥ കേട്ടതോടെ നിരവധി പേരാണ് ക്രിസ്റ്റൈനെ അഭിനന്ദിച്ചത്. 

English Summary: Meet The US Woman Who Adopted 5 Girls From India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA