ADVERTISEMENT

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പുരസ്കാരത്തിന് അർഹരായവർ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, ഈ സന്തോഷത്തിനൊപ്പം അങ്ങേയറ്റം ദുഃഖം അനുഭവിച്ച ഒരു വ്യക്തിയുണ്ട്. അകാലത്തിൽ വിട്ടുപിരിഞ്ഞ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്‌റെ സഹോദരി ശ്വേത സിങ് കീർത്തി. സ്വർഗത്തിലിരുന്ന് ഈ സന്തോഷം സുശാന്തും കാണുന്നുണ്ടാകുമെന്നാണ് ശ്വേത പറയുന്നത്

‘സുശാന്ത് പുരസ്‌കാര വിതരണചടങ്ങിന് എത്തിയില്ല എന്നതു ശരി തന്നെ.. എന്നാൽ എന്‌റെ സഹോദരന്‌റെ ആത്മാവ് ചടങ്ങിൽ പങ്കെടുത്തു എന്നാണു ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹം നമുക്കൊപ്പമുണ്ട്. ഇപ്പോഴും.. എപ്പോഴും. എന്‌റെ പ്രിയപ്പെട്ട സഹോദരന് പുരസ്‌കാരം സമർപ്പിച്ചപ്പോൾ എന്‌റെ മനസ്സിൽ നിറഞ്ഞുതുളുമ്പുന്ന സന്തോഷവും അഭിമാനവും വളരെ വലുതാണ്. ചിഛോരെയുടെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നു’- ശ്വേത പറഞ്ഞു

സുശാന്തിനൊപ്പമുള്ള ചിത്രങ്ങളും സുശാന്തിന്‌റെ ചിത്രങ്ങളുള്ള സിനിമയുടെ പോസ്റ്ററും സഹോദരി ശ്വേത സിങ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. നിതേഷ് തിവാരിക്കും സാജിദ് നദിയാവാലയ്ക്കും ശ്വേത നന്ദി പറഞ്ഞിട്ടുമുണ്ട്, സന്തോഷത്തിന്‌റെ നിമിഷത്തിലും തന്‌റെ സഹോദരനെ മറക്കാതിരുന്നതിന്‌റെ പേരിൽ. ശ്രദ്ധ കപൂർ ആണ് ചിത്രത്തിൽ സുശാന്തിന്‌റെ നായികയായി അഭിനയിച്ചത്. ഇരുവരുമൊത്തുള്ള ചിത്രങ്ങളും ശ്വേത പങ്കുവച്ചു.

സുശാന്ത് അഭിനയിച്ച ചിഛോരെ എന്ന ചിത്രമാണ് മികച്ച ഹിന്ദി സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായകൻ നിതേഷ് തിവാരി, നിർമാതാവ് സാജിദ് നദിയാവാല എന്നിവരാണ് ചിത്രത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്. എന്നാൽ, പുരസ്‌കാരം സുശാന്ത് സിങ്ങിന് സമർപ്പിക്കുന്നതായി അവർ പ്രഖ്യാപിച്ചു. 

പുരസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത ചിത്രത്തിന്‌റെ സംവിധായകൻ നിതേഷ് സുശാന്തിന്‌റെ ഓർമകളെക്കുറിച്ചു സംസാരിച്ചിരുന്നു. ‘ചിഛോരെ എന്ന ചിത്രത്തിന്‌റെ അവിഭാജ്യ ഭാഗമായിരുന്നു സുശാന്ത്. ഇനിയും അത് അങ്ങനെതന്നെ ആയിരിക്കും. ഞങ്ങൾക്ക് അഭിമാനമുണ്ട്. സുശാന്തും ഈ നിമിഷത്തിൽ അഭിമാനിക്കുന്നുണ്ടാകും- നിതേഷ് പറഞ്ഞു. ഒരു എൻജിനീയറിങ് കോളജിന്‌റെ പശ്ചാത്തലത്തിൽ ഏതാനും വിദ്യാർഥികളിലൂടെ, മത്സര പരീക്ഷകൾ സൃഷ്ടിക്കുന്ന സംഘർഷവും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

രണ്ടു വർഷം സിനിമയിൽ സജീവമായിരുന്ന സുശാന്ത്, വളർന്നുവരുന്ന നടൻ എന്ന വലിയ പ്രതീക്ഷ എല്ലാവരിലും സൃഷ്ടിച്ചെങ്കിലും 34-ാം വയസ്സിൽ മുംബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. വിഷാദ രോഗം അദ്ദേഹത്തിന്‌റെ ജീവനെടുത്തു എന്നാണ് ആരാധകരുടെ വിശ്വാസം. പ്രതിഷേധവും പരാതികളും ഉയർന്നതിനെത്തുടർന്ന് മരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയും ലഹരി ബന്ധത്തിന്‌റെ പേരിൽ താരങ്ങൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. സുശാന്ത് സ്വയം ജീവനൊടുക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ എത്തിച്ചേർന്നിരിക്കുന്നത്. എന്നാൽ, ഇന്നും താരത്തിന്‌റെ വേർപാടിൽ നിന്നു മുക്തരാകാൻ സഹോദരി ശ്വേത ഉൾപ്പെടെയുള്ളവർക്കു കഴിഞ്ഞിട്ടില്ല. 

English Summary: Sushant Singh Rajput's sister is proud after Chhichhore makers dedicate National Film Award to him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com