ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് ജപ്പാൻ രാജകുമാരി മാകോയുടെ വിവാഹം. 2017ലാണ് സുഹൃത്ത് കെയ്കൊമുറോ എന്ന സാധാരണക്കാരനെ വിവാഹം കഴിക്കാൻ രാജകുമാരി തീരുമാനിക്കുന്നത്, തുടർന്ന് അദ്ദേഹത്തെ വിവാഹം ചെയ്യാൻ തന്റെ രാജകീയ പദവികളെല്ലാം തന്നെ മാകോ ഉപേക്ഷിച്ചു. ജപ്പാനിലെ ഹാരിയും മേഗനും എന്നാണ് മാകോയെയും കെയ്കൊമുറോയെയും ഇപ്പോൾ ലോകമാധ്യമങ്ങൾ വാഴ്ത്തുന്നത്. 

അഞ്ചുവർഷം മുൻപ് യൂനിവഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് ഇരുവരും പരസ്പരം കാണുന്നത്. പിന്നീട് സുഹൃത്തുക്കളാകുകയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു. ‘സൂര്യനെ പോലെ തിളങ്ങുന്ന പുഞ്ചിരിയോടെ കോമുറോ എന്റെ ഹൃദയം കീഴടക്കി’ എന്നാണ് പ്രണയത്തെ കുറിച്ച് മാകോ രാജകുമാരി പറയുന്നത്. സാധാരണക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതോടെ മാകോ തന്റെ രാജകീയ പദവികളും ഉപേക്ഷിക്കുകയാണ്. ബ്രിട്ടനിൽ രാജകീയ പദവികൾ ഉപേക്ഷിച്ച ഹാരി–മേഗൻ ദമ്പതികളെ പോലെയാണ് മാകോയും കെയ്കോമുറോയും എന്നാണ് ചിലരുടെ അഭിപ്രായം. ‘ജപ്പാനിലെ മേഗനും ഹാരിയും’ എന്ന് മാകോ–കെയ്കോമുറോ ദമ്പതികളെ വിശേഷിപ്പിക്കുന്നവരും ഉണ്ട്. 

നടിയും മോഡലുമായ മേഗനെ ഹാരി വിവാഹം കഴിക്കുന്നതിനോട് ബ്രിട്ടിഷ് രാജകുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാൽ അവ വകവയ്ക്കാതെ ഹാരി മേഗനെ വിവാഹം കഴിക്കുകയും അധികം വൈകാതെ രാജകീയ പദവികൾ ഉപേക്ഷിക്കുകയും ചെയ്തു. പോണിടെയില്‍ ഹെയർ സ്റ്റൈലും കാഷ്വൽ ലുക്കുമുള്ള കൊമുറോ രാജകുമാരിയെ വിവാഹം കഴിക്കാൻ യോഗ്യനല്ലെന്നു പ്രചരിപ്പിച്ചവരുണ്ടായിരുന്നു. ഒടുവിൽ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച് ഇരുവരും വിവാഹിതരായി. വിവാഹദിനത്തിൽ പോണിടെയിൽ സ്റ്റൈല്‍ മാറ്റി മുടിവെട്ടിയാണ് കോമുറോ എത്തിയത്. താൻ മാകോയെ അതിരില്ലാതെ സ്നേഹിക്കുന്നു എന്നും കോമുറോ പറഞ്ഞു. മാക്കോ മാതാപിതാക്കളോടും സഹോദരിയോടും വസതിക്കുമുന്നില്‍ നിന്ന് യാത്രപറയുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

രാജകീയ വിവാഹത്തിലെ ആചാരങ്ങളൊന്നും പിന്‍തുടരാതെയാണ് മാകോ കൊമുറോയെ വിവാഹം കഴിച്ചത്. രാജകീയ കുടുംബത്തിലെ സ്ത്രീകൾ വിവാഹിതരാകുമ്പോൾ 1.3 മില്യൺ ഡോളർ തുകയും മാകോ നിരസിച്ചു. ജപ്പാൻ രാജകുടുംബത്തിന്റെ പരമ്പരാഗത ആചാരങ്ങൾ ലംഘിച്ച ആദ്യ വനിതയാണ് മാകോ. രാജകുടുംബത്തെ നിഷേധിച്ച് വിവാഹം കഴിച്ചവൾ എന്ന രീതിയിൽ മാകോ സൈബർ ആക്രമണങ്ങൾക്കും ഇരയായിരുന്നു. അമിത സമ്മര്‍ദത്തെ തുടർന്ന് മാകോ മാനസിക ബുദ്ധിമുട്ട് നേരിടുന്നതായും വാർത്തകൾ ഉണ്ടായിരുന്നു. കാമുറോ സാമ്പത്തിക തട്ടിപ്പില്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന രീതിയിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു. ഭാവിയിൽ കാമുറോ വലിയ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇതിലൊന്നും പിന്മാറാൻ മാകോ തയ്യാറായില്ല. 

നിലവിലെ ഭരണാധികാരിയുടെ ഇളയ സഹോദരൻ അകിഷിനോ രാജകുമാരന്റെ ആദ്യപുത്രിയാണ് മുപ്പതുകാരിയായ മാകോ.രാജകീയ കുടുംബത്തിന്റെ ആചാരങ്ങൾ പിന്തുടർന്നിരുന്ന മാകോ രാജകുടുംബം വിദ്യാഭ്യാസം പൂർത്തിയാക്കാറുള്ള ​ഗാകുഷുയിൻ സ്കൂളിലാണ് പഠനം നടത്തിയത്. പക്ഷേ പിന്നീട് സർവകലാശാല പഠനത്തിനായി മാകോ ആചാരം മറികടന്നു. ടോക്കിയോവിലെ ഇന്റർനാഷനൽ ക്രിസ്റ്റ്യൻ യുനിവഴ്സിറ്റിയിൽ ആർട്ട് ആന്റ് കൾച്ചറൽ ഹെറിറ്റേജിനായിരുന്നു മാക്കോ പഠിച്ചത്. പിന്നീട് ലസിസ്റ്റര്‍ സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ്സ് നേടുകയും ചെയ്തു. 

English Summary: Japan Princess Mako Give Up Her Royal Status For Love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com