അലക്സ് പുള്ളിൻ മരിച്ച് 15 മാസത്തിനു ശേഷം അദ്ദേഹത്തിന്റെ കുഞ്ഞിന് ജന്മം നൽകി ഭാര്യ; ഹൃദ്യമെന്ന് സോഷ്യൽ മീഡിയ

el-pullin
SHARE

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് പല ദമ്പതിമാര്‍ക്കും ഒരു കുഞ്ഞിനെ ലഭിക്കുന്നത്. കുഞ്ഞിനായി കാത്തിരിക്കുന്നതിനിടെ അത്രയേറെ പ്രിയപ്പെട്ടവൻ ലോകത്തോടു തന്നെ വിട പറഞ്ഞു പോകുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം തീവ്രമായ വേദനയുണ്ടാക്കുന്ന കാര്യമാണ്. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഒളിംപ്യൻ അലക്സ് പുള്ളിന്റെ ഭാര്യ എല്ലിഡി പുള്ളിൻ. 

അലക്സ് മരിച്ച് 15 മാസത്തിനു ശേഷം ഒരു പെൺകുഞ്ഞിനു ജന്മം നൽകിയിരിക്കുകയാണ് എല്ലിഡി. മിന്നി അലക്സ് പുള്ളിൻ എന്നാണ് കുഞ്ഞിന്റെ പേര്. ഒക്ടോബർ 25നാണ് അലക്സിന്റെ കുഞ്ഞിന് ജന്മം നൽകിയതെന്നും എല്ലിഡി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 

സ്നോബോർഡറിൽ രണ്ടുതവണ ലോകചാംപ്യനായിരുന്ന അലക്സ്,  32–ാം വയസ്സിൽ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലുണ്ടായ അപകടത്തിൽ മരിച്ചു. 2020 ജൂലൈയിലായിരുന്നു അലക്സ് പുള്ളിന്‍ മരിച്ചത്. ഐവിഎഫ് ചികിത്സയിലൂടെയാണ് താൻ ഗർഭിണിയായതെന്ന് എല്ലിഡി പറഞ്ഞു. ‘മരണാനന്തരം അലക്സിന്റെ ബീജം ശേഖരിച്ചു. അതിൽ ഏറ്റവും പ്രത്യുൽപാദന ക്ഷമതയുള്ള ബീജം ശേഖരിച്ച് അണ്ഡവുമായി ചേർക്കുകയായിരുന്നു. ’– എല്ലിഡി പുള്ളിൻ വ്യക്തമാക്കി. 

കഴിഞ്ഞ ജൂണിൽ താൻ ഗർഭിണിയാണെന്ന് എല്ലിഡി അറിയിച്ചിരുന്നു. വർഷങ്ങളായി ഇരുവരുടെയും സ്വപ്നമായിരുന്നു കുഞ്ഞെന്നും എല്ലിഡി അന്ന് പറഞ്ഞിരുന്നു. കുഞ്ഞിനു വേണ്ടി ശ്രമിക്കുന്നതിനിടെയായിരുന്നു അലക്സ് പുള്ളിന്റെ അകാല മരണം. ‘അലക്സ് മരിച്ച മാസം ഞാൻ ഗർഭിണിയാകുമെന്ന് ഞങ്ങൾ കരുതിയിരുന്നു. ഞങ്ങൾ ഒരു കുഞ്ഞിനു വേണ്ടി ശ്രമിക്കുകയായിരുന്നു. കുഞ്ഞിനായി ഐവിഎഫ് ചികിത്സ ആരംഭിക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് പ്രിയപ്പെട്ട അലക്സിനെ എനിക്ക് നഷ്ടമായത്. ഞങ്ങളുടെതായ ഒരു കുഞ്ഞ് വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ’ – എന്ന കുറിപ്പോടെയായിരുന്നു അലക്സിന്റെ കുഞ്ഞിന് അമ്മയാകാൻ പോകുകയാണെന്ന വാർത്ത എല്ലിഡി ലോകത്തെ അറിയിച്ചത്. 

ഗർഭകാലത്ത് അലക്സിനെ കുറിച്ചുള്ള ഓർമകളും കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങളും എല്ലിഡി നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ‘ഇതാണ് ഭാവിയിലേക്കുള്ള ഞങ്ങളുടെ സമ്പാദ്യം. ഇത് ഞാൻ കാത്തു സൂക്ഷിക്കും. പെട്ടന്നു തന്നെ അലക്സിന്റെ ഒരു കഷ്ണം എന്റെ കൈകളിലേക്ക് വീണ്ടും എത്തും..’– ഗര്‍ഭിണിയായിരിക്കുമ്പോൾ എല്ലിഡി ഇങ്ങനെ കുറിച്ചു. 

English Summary: Olympian's Widow Welcomes Baby Girl 15 Months After His Death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA