ADVERTISEMENT

ബുധനാഴ്ചയും പുലർന്നു, എന്റെ പിറന്നാളാണ്. എനിക്കൊരുത്സാഹവും തോന്നിയില്ല. അന്ന് നെല്ലളവ് കൊടുക്കുന്ന ദിവസമാണ്. രാവിലെ പെട്ടിപ്പത്തായം തുറന്നു. അമ്മാവൻ അകത്തേക്ക് വിളിച്ചു, ആരാവടെ? അമ്മ കൊട്ടയുമെടുത്ത് പത്തായപ്പുരയിലേക്കു ചെന്നു. ഉമ്മറത്തെ പടിഞ്ഞാറേയറ്റത്തെ ചിതൽ പിടിച്ച് നിൽക്കുന്ന തൂണുംചാരി ഞാനിരിക്കുകയാണ്. കിളിവാതിലിലൂടെ നോക്കുമ്പോൾ അമ്മാവൻ നെല്ലളന്നിടുന്നത് കാണാം. മൂന്ന് വടിപ്പൻ അളന്നശേഷം അമ്മാവൻ പത്തായമടയ്ക്കാൻ തുടങ്ങുമ്പോൾ അമ്മ പതുക്കെ പറഞ്ഞു,

ഇന്ന് കുഞ്ഞീഷ്ണന്റെ പെറന്നാളാ. 

 

എന്റെ ഹൃദയം തുടിച്ചു... ഞാൻ വിചാരിച്ചതു പോലെയല്ല എന്റെ അമ്മ. എത്രനല്ല അമ്മയാണ്...അതിന്...മാനോക്കാവില് അരക്കൂട്ട് പായസംകൂടി നേർന്നിട്ടുണ്ട്...നാലെടങ്ങഴീംകൂടി...

ഇടിവെട്ടുന്ന സ്വരത്തിൽ അമ്മാവൻ പറഞ്ഞു, ആരേ പറഞ്ഞത് നേരാൻ...നേർന്നിട്ട്ണ്ടെങ്കില് നേർന്നോര് കഴിച്ചോളണ്ട്...ഓന് ദെണ്ണം പിടിച്ചപ്പോ നേർന്നതാ...ഓന്റെ തന്തോട് ചെന്ന് പറ...കാക്കാശിന് അയാളെക്കൊണ്ട് ഉപകാരണ്ടോന്റെ ഇഷ്ടത്തിന് നടത്തീതല്ലല്ലോ...എന്നേടി ബടെ പെണ്ണ്ങ്ങള് കാര്യം പറയാന്‍ തൊടങ്ങീത്...

 

ഓപ്പോടല്ലാതെ പിന്നാരോടാ പറയ്യ....ഓപ്പട കുട്ട്യാച്ചാൽ....ഒരുമ്പെട്ടോളെ....നെന്നെ ഞാൻ.....ഒരടിപൊട്ടുന്ന ശബ്ദം... കിളിവാതിലിലൂടെ നോക്കുമ്പോൾ അമ്മ പത്തായത്തിന്റെ മുകളിലേക്ക് കമഴ്ന്നു വീഴുന്നു... എന്റമ്മേ...ഞാനറിയാതെ നിലവിളിച്ചുപോയി... അകത്തുള്ളവരെല്ലാം ഉമ്മറവാതിൽക്കൽവന്ന് പത്തായപ്പുരയിലേക്ക് നോക്കി തിരിച്ചുപോയി...മുത്തശ്ശിമാത്രം രണ്ടുവട്ടം ഉച്ചത്തിൽ ജപിച്ചു..നാരായണാ... നാരായണാ...കുറച്ചുകഴിഞ്ഞപ്പോൾ നെല്ലുകൊട്ടയുമെടുത്ത് അമ്മ പത്തായപ്പുരയുടെ ഒതുക്കുകളിറങ്ങിവന്നു. അപ്പോൾ കവിൾത്തടങ്ങളിലൂടെ കണ്ണീർ ഒഴുകിയിരുന്നു. ഇടത്തേ പുരികത്തിനു മുകളിൽ ചോരയും. ആ പിറന്നാൾ ദിവസം ഞാൻ കുളിച്ചില്ല. അമ്മയെന്നെ നിർബന്ധിച്ചതുമില്ല. 

 

ഒരു പിറന്നാളിന്റെ ഓർമ, എംടി വാസുദേവൻ നായർ

 

സ്ത്രീകൾക്കു സ്വത്തവകാശം എന്നതാണ് എല്ലാക്കാലത്തും തുല്യതയുടെ രീതിയായി കണക്കാക്കുന്നത്. അമ്മവഴിക്കുള്ള സ്വത്തവകാശം; കേൾക്കുമ്പോൾ വളരെ സുന്ദരവും സംസ്കാര സമ്പന്നവുമായ വഴി. സ്ത്രീകൾക്കു പ്രാധാന്യം നൽകുന്ന, സ്ത്രീകളിലൂടെ സ്വത്തിനു തുടർച്ചയുണ്ടാകുന്ന രീതിയെന്നൊക്കെ പുറമേക്ക് മേനിപറയുമ്പോഴും അകം മുഴുവൻ ദുഷിച്ച ഒരു വ്യവസ്ഥയായിരുന്നു മരുമക്കത്തായം. മരുമക്കത്തായ നിരോധനത്തിന് 45 വയസ്സ് തികയുകയാണ് ഈ മാസം. കേരളം പുരോഗമിച്ചതിനൊപ്പം 1976 ഡിസംബറിൽ കൂട്ടുകുടുംബവും മരുമക്കത്തായവും കേരളത്തിൽ നിയമം മൂലം നിരോധിച്ചു. ഈഴവ ആക്ട് അടക്കമുള്ള 12 നിയമങ്ങൾ അങ്ങനെ കുഴിച്ചുമൂടപ്പെട്ടു. സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇതിനുള്ള നടപടികളെടുത്തത്. 

 

കേരളത്തിലെ നായർ, ഈഴവ, അമ്പലവാസി, മലബാർ മേഖലയിലെ മാപ്പിള വിഭാഗങ്ങളിലും ചില ഗോത്രവിഭാഗങ്ങളിലുമാണു മരുമക്കത്തായ സമ്പ്രദായം കൂടുതലും പിന്തുടർന്നിരുന്നത്. 1932ലെ മദ്രാസ് മരുമക്കത്തായം ആക്ട്, 1933ലെ മദ്രാസ് ആക്ട് നമ്പർ 22 എന്നിവ പ്രകാരമാണ് മരുമക്കത്തായം നിയമപരമായി നിലവിലെത്തുന്നത്. അതിനുമുൻപ് 1925ലെ നായർ റെഗുലേഷൻ ആക്ട് പ്രകാരവും അമ്മവഴിക്കുള്ള ദായക്രമം നിയമപരമാക്കിയിരുന്നു. 

 

ഭാര്യയെയും മക്കളെയുമല്ല, പെങ്ങളെയും അനന്തരവന്മാരെയുമാണു പുരുഷന്മാർ സംരക്ഷിക്കേണ്ടതെന്നതായിരുന്നു പണ്ടത്തെ രീതി. എന്റെ കാർന്നോമ്മാരുണ്ടാക്കിയത് ഞാൻ അനുഭവിക്കുന്നുവെന്നതടക്കമുള്ള ചൊല്ലുകളും രീതികളുമൊക്കെ ഇതിൽ നിന്നുണ്ടായതാണ്. വീട്ടിലെ അവകാശം പെൺമക്കൾക്കാണെന്നു പറയുമ്പോഴും കാരണവർ എപ്പോഴും പുരുഷനായിരുന്നു. കാരണവരായിരുന്നു എല്ലാറ്റിനും അവകാശി, അവസാനവാക്ക്... പത്തായത്തിലെ നെല്ലളക്കുന്നത് മുതൽ ആര് എന്ത് പഠിക്കണമെന്നും എവിടെപ്പോകണമെന്നും അടുക്കളയിൽ ആർക്ക് എന്ത് വേവണമെന്നുപോലും തീരുമാനിക്കുന്നത് പ്രതാപിയായ അമ്മാവനായിരുന്നു.

 

ആഴ്ചച്ചെലവുകണക്കാക്കി നെല്ലളക്കുന്നത് അൽപമൊന്നു കൂട്ടിക്കിട്ടാൻ അമ്മാവന്റെ കാലുപിടിക്കേണ്ടതായിരുന്നു കാലഘട്ടം. ഇന്ദുലേഖ മുതലിങ്ങോട്ടുള്ള ധാരാളം നോവലുകളിൽ പ്രതാപികളായ അമ്മാവന്മാർ ഓരോ കാലഘട്ടത്തിന്റെയും പ്രതിനിധികളായി വന്നിട്ടുമുണ്ട്. എംടിയുടെ കഥകളിലൂടെയും നോവലുകളിലൂടെയുമായിരിക്കും ഇന്നത്തെ തലമുറ കൂട്ടുകുടുംബവും മരുമക്കത്തായവുമൊക്കെ അറിയുന്നത്. വീട്ടിലെ സദ്യയെല്ലാം വല്യമ്മാവന്റെയോ അമ്മാവന്മാരുടെയോ പിറന്നാളുകൾക്കോ മറ്റു വിശേഷങ്ങൾക്കോ ആയിരിക്കും. വല്യമ്മാവന്റെ മക്കൾക്കായിരുന്നു എന്നും മുൻഗണന. തിളങ്ങുന്ന ഉടുപ്പുകളും നല്ല പേനയും പുസ്തകങ്ങളുമൊക്കെ അവർക്കായിരുന്നു. 

 

ഏട്ടന്മാരെയും അവരുടെ ഏടത്തിയമ്മമാരെയും ഭയന്നായിരുന്നു വീടുകളിലെ ‘പിടിപ്പില്ലാത്ത’ െപങ്ങന്മാരുടെ ജീവിതം. ഏട്ടന്മാരും കാരണവന്മാരും കണ്ടെത്തുന്നവരാണല്ലോ, അവരുടെ ഭർത്താക്കന്മാർ. അവരാണെങ്കിലോ അവരുടെ പെങ്ങന്മാരുടെയും അനന്തരവരുടെയും സ്വന്തവുമായിരിക്കും. ഫലത്തിൽ ആരുമില്ലാത്തവരായിരുന്നു അക്കാലത്തെ വലിയൊരുവിഭാഗം കുട്ടികളും. ഞങ്ങളെങ്ങനെ മോശക്കാരായെന്ന ചിന്തയിലൂടെയാണ് അന്നു മിക്ക കുട്ടികളും കടന്നുപോകുന്നത്. 

 

സ്വത്തുവീതിക്കുമ്പോഴും ഈ വലിപ്പച്ചെറുപ്പം എന്നും പ്രകടമായി. തറവാട്ടിലെ കണ്ണായ സ്വത്തുക്കളെല്ലാം അമ്മാവന്റെ പേരിലായിരുന്നു. അവർ വിവാഹം കഴിക്കുന്നത് പ്രബലമായ തറവാടുകളിൽ നിന്നും. അവരുടെ സ്വത്തിൽ പ്രധാന പങ്കെല്ലാം സ്വന്തം ഭാര്യയ്ക്കും മക്കൾക്കുമാകും. സഹോദരിമാർക്ക് കിട്ടിയാലായി. അവരുടെ ഭർത്താക്കന്മാരുടെ സ്വത്ത്, അനന്തരവർക്കു കൃത്യമായി പോവുകയും ചെയ്യും. അതല്ല, നല്ല അമ്മാവന്മാരാണെങ്കിൽ അവരുടെ സ്വത്ത് മരുമക്കൾക്ക് കിട്ടും. അപ്പോൾ പുറത്താകുന്നത് സ്വന്തം മക്കൾ. അവർക്ക് അമ്മാവന്മാരുടെ സ്വത്ത് ഉറപ്പാക്കാനുള്ള വഴികളൊന്നും അച്ഛന്മാർക്കില്ലതാനും.

 

നമ്പൂതിരി കുടുംബങ്ങളിലെ മൂത്തയാള്‍ക്കുമാത്രം വിവാഹവും മറ്റുള്ളവർക്കു സംബന്ധവുമെന്നതായിരുന്നു അന്നത്തെ രീതി. എന്നാൽ ഈ ബന്ധത്തിലുള്ള കുട്ടികൾക്ക് പിതൃസ്വത്തിൽ അവകാശവുമില്ലായിരുന്നു. സംബന്ധം നടക്കുന്ന കാലത്തുമാത്രം അംഗീകാരമെന്നതായിരുന്നു ഇതിന്റെ മറ്റൊരുവശം. സ്ത്രീകൾക്ക് ജീവിതപങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യമെന്ന് പറയുമ്പോഴും പലപ്പോഴും പുരുഷന്മാരുടെ സ്വത്ത്, അധികാരക്കൈമാറ്റങ്ങളുടെ കരുക്കൾ മാത്രമായിരുന്നു സ്ത്രീകൾ. തീരുമാനങ്ങളെടുക്കുന്നതിൽ സ്ത്രീകൾ വരുന്നതേയില്ലെന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത. 

 

വളരെച്ചുരുക്കം പേർക്കാണ് സ്വത്തും അവകാശവും സംബന്ധിച്ച ധാരണയുണ്ടായിരുന്നതും അതനുസരിച്ചു മുന്നോട്ടുവന്നിരുന്നതും. ബാക്കി 90 ശതമാനം വനിതകളും സംബന്ധം ഒഴിവായ നമ്പൂതിരി നൽകിയ മക്കളുമായി പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്നതായിരുന്നു അന്നത്തെ കാഴ്ചകൾ. സ്ത്രീകൾക്കു വിദ്യാഭ്യാസമോ സാമൂഹികബോധമോ നൽകുന്നതിനുള്ള രീതികളൊന്നും അന്നു കുടുംബങ്ങളിലുണ്ടായിരുന്നില്ല. ഭാഗവതമോ രാമായണമോ വായിക്കാനോ കേട്ടു പറയാനോ പറ്റിയാൽ മതിയെന്നതായിരുന്നു വയ്പ്. 

 

വച്ചുണ്ടാക്കാനും പ്രസവിക്കാനുമാകുന്ന പ്രായത്തിൽ മറ്റൊരു വീട്ടിലേക്കയയ്ക്കുക. ഭർത്താവിന്റെ പ്രായമോ ജോലിയോ ഒന്നും അതിനു പ്രതിബന്ധമായിരുന്നില്ല. മരുമക്കത്തായ പ്രകാരം സ്വന്തം വീട്ടിൽ താമസിക്കുമ്പോഴും വല്ലപ്പോഴും വന്നുപോകുന്ന ഭർത്താവിന്റെ നിഴലായിരുന്നു അന്നും ഭാര്യ. ചോദിച്ചുവാങ്ങാൻ പ്രാപ്തിയില്ലാത്ത സഹോദരിമാർക്ക് വല്ലതും എഴുതിക്കൊടുത്ത് കണ്ണായ സ്വത്തെല്ലാം സഹോദരന്മാരും കുടുംബത്തിലെ മറ്റ് പുരുഷന്മാരും സ്വന്തമാക്കുന്നതും അന്നത്തെ രീതിയായിരുന്നു. കേരള സംസ്ഥാനത്തിന് 20 വയസ്സായപ്പോഴായിരുന്നു സാമൂഹികമായി ‘പ്രായപൂർത്തിയായ’ ഈ നിർണായക തീരുമാനങ്ങള്‍. 

 

മക്കൾക്ക് സ്വത്തവകാശം, സംബന്ധം പോലുള്ള രീതികളുടെ നിരോധനം തുടങ്ങിയ മാറ്റങ്ങളും ഇതിനൊപ്പമുണ്ടായി. എന്നാൽ ഇതിനു ശേഷവും പല ആചാരങ്ങളിലും മറ്റും മരുമക്കത്തായ രീതി പിന്തുടർച്ചാവകാശമായി തുടർന്നുപോരുന്നുണ്ട്. അതേസമയം, പയ്യന്നൂരിലെ തിരുമുമ്പുമാർ മരുമക്കത്തായ സമ്പ്രദായമാണു പിന്തുടർന്നുപോന്നിരുന്നത്. വർഷങ്ങൾക്കിപ്പുറം 2011ൽ ആണു പയ്യന്നൂർ ഗ്രാമസമാജത്തിലെ തിരുമുമ്പുമാർ മക്കത്തായ സമ്പ്രദായം സ്വീകരിക്കുന്നത്. പരശുരാമ പ്രതിഷ്‌ഠിതമായ കേരളത്തിലെ 32 ഗ്രാമങ്ങളിൽ ഒന്നാമത്തെ ഗ്രാമമാണു പയ്യന്നൂർ ഗ്രാമം എന്നാണ് ഐതീഹ്യം. പരശുരാമൻതന്നെ കുടിയിരുത്തിയതെന്നു പുരാവൃത്തമുള്ള 16 ബ്രാഹ്‌മണ കുടുംബങ്ങളാണ് മരുമക്കത്തായ സമ്പ്രദായം ആചരിച്ചിരുന്നത്. 

 

മറ്റു ഗ്രാമങ്ങളിൽ മുഴുവൻ മക്കത്തായ സമ്പ്രദായം നിലനിൽക്കവെയാണ് 16 കുടുംബങ്ങൾ മരുമക്കത്തായ സമ്പ്രദായം പിന്തുടർന്നത്. ഈ ബ്രാഹ്‌മണ കുടുംബങ്ങൾക്കകത്തുമാത്രമാണ് പണ്ടുകാലത്ത് വിവാഹബന്ധം നിലനിന്നിരുന്നത്. എന്നാൽ അൻപതു വർഷത്തോളം മുൻപ് ഇതിലും മാറ്റമുണ്ടായി. മരുമക്കത്തായ സമ്പ്രദായത്തിൽനിന്നു മക്കത്തായത്തിലേക്കു മാറ്റം പ്രകടമായെങ്കിലും ഇത്തരം ബന്ധങ്ങൾക്ക് വൈദിക പിൻബലമില്ലായിരുന്നു. മരുമക്കത്തായ സമ്പ്രദായത്തിന്റെ തുടർച്ച മൂലം 16 കുടുംബങ്ങളിൽ ആറു കുടുംബങ്ങൾ അന്യം നിന്നു. ഇതിനും പിന്നാലെയാണ് ദായക്രമമാറ്റം നടപ്പാക്കുന്നത്.

 

English Summary: 43 Years after Abolishing Marumakkathayam in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com