ADVERTISEMENT

സമൂഹ മാധ്യമങ്ങൾ വ്യാപകമായതോടെ വ്യക്തിജീവിതത്തിലെ പല സംഭവങ്ങളും പലരും സുഹൃത്തുക്കളെപ്പോലും അറിയിക്കുന്നത് സന്ദേശങ്ങളിലൂടെയാണ്. വ്യക്തിപരമായ കാര്യങ്ങൾ പോലും ഇങ്ങനെ സന്ദേശങ്ങളായി അയയ്ക്കാറുണ്ട്. എന്നാൽ ഇത്തരം സന്ദേശങ്ങൾക്കു മറുപടി എന്ന നാട്യത്തിൽ ചിലർ പരിഹസിക്കാനും അപമാനിക്കാനും പോലും മടിക്കാറില്ല. പ്രത്യേകിച്ചും സ്ത്രീകളെ. അവർ മറുപടി പറയില്ലായിരിക്കും എന്ന ധൈര്യത്തിലാണു കമന്റുകൾ എഴുതി നോവിപ്പിക്കുന്നതും അപമാനിക്കുന്നതും. പലരും ഇത്തരം അപമാനങ്ങൾ നിശ്ശബ്ദമായി സഹിക്കുകയാണെങ്കിൽ ചിലർ വേഗം തന്നെ കുറിക്കുകൊള്ളുന്ന മറുപടികളുമായി രംഗത്തുവരും. അതോടെ വിമർശകർ പിൻവാങ്ങേണ്ടിവരും. നടി കാമ്യ പഞ്ചാബിയും ഇത്തരത്തിൽ അപരിചിതനായ വ്യക്തിയുടെ പരിഹാസത്തിന് ഇരയായി. എന്നാൽ ഒട്ടും താമസിയാതെ വ്യക്തവും ശക്തവും മറുപടിയിലൂടെ നടി തന്നെ വിമർശിച്ച വ്യക്തിയുടെ വായടപ്പിച്ചു.

കാമ്യയുടെ ആദ്യത്തെ വിവാഹം പരാജയപ്പെട്ടതിനെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമായിരുന്നു ഒരാൾ മോശം കമന്റിട്ടത്. എന്നാൽ നടിക്ക് അതു സഹിക്കാനായില്ലെന്നു മാത്രമല്ല, കൃത്യമായ ഉത്തരം തന്നെ കൊടുക്കുകയും ചെയ്തു. കമന്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് മറുപടിയും അവർ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ആവശ്യമില്ലാതെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്കു താക്കീതായി. ബണ്ടി നെഗിയുമായിട്ടായിരുന്നു കാമ്യയുടെ ആദ്യത്തെ വിവാഹം. ആ ബന്ധത്തിൽ അവർക്ക് 10 വയസ്സുള്ള പെൺകുട്ടിയുമുണ്ട്.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചായിരുന്നു നടിയുടെ സമൂഹ മാധ്യമത്തിലെ പ്രതികരണം. എന്നാൽ കമന്റിട്ടയാൾ കാമ്യയെ വ്യക്തിപരമായി വിമർശിക്കുകയാണു ചെയ്തത്. 

നിങ്ങളുടെ ആദ്യത്തെ വിവാഹം പരാജയപ്പെട്ടതല്ലേ. നിങ്ങൾക്കു വിവാഹ മോചനവും തേടേണ്ടിവന്നു. പിന്നീട് വീണ്ടും വിവാഹം കഴിച്ചു. ഇതുകൊണ്ടെങ്കിലും നിങ്ങൾ നിർത്തുമോ. ഇതായിരുന്നു കാമ്യയ്ക്ക് ലഭിച്ച കമന്റ്. ഈ വാക്കുകൾ കണ്ട് അവഗണിച്ചുപോകാൻ നടിക്കു തോന്നിയില്ല. അവർ പെട്ടെന്നു തന്നെ മറുപടി കുറിച്ചു.

സന്തോഷത്തോടെ ജീവിക്കാൻ എനിക്ക് അവകാശമില്ലെന്നാണോ നിങ്ങൾ വിചാരിക്കുന്നത്. വിവാഹ മോചനത്തോടെ സ്ത്രീകൾ ജീവിതം അവസാനിപ്പിക്കണം എന്നായിരിക്കും നിങ്ങളുടെ വിചാരം. എന്നാൽ, വിവാഹ മോചനം ജീവിതത്തിന്റെ അവസാനമല്ലെന്നു നിങ്ങൾ തിരിച്ചറിയണം. നിങ്ങളെപ്പോലുള്ള വ്യക്തികളുടെ വൃത്തികെട്ട മാനസിക വൈകൃതങ്ങൾക്കെതിരെ എല്ലാ പെൺകുട്ടികളും ശബ്ദമുയർത്തുകയും വേണം. ഇതാ എന്നെപ്പോലെ. ഞാൻ ദുർബലയാണെന്നു നിങ്ങൾ തെറ്റിധരിക്കണ്ട. ഞാൻ ഒരു സ്ത്രീയാണ്. പൊരുതാനും തിരിച്ചടിക്കാനും എനിക്കു കഴിയും. മറക്കണ്ട. രോഷത്തോടെ കാമ്യ മറുപടി എഴുതി സ്‌ക്രീൻ ഷോട്ട് സഹിതം പോസ്റ്റ് ചെയ്തു.

10 വർഷം നീണ്ട വിവാഹ ജീവിതത്തിനു ശേഷമാണ് കാമ്യ ബണ്ടി നെഗിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടി ശലഭ് ദങ് എന്നയാളെ വിവാഹം കഴിച്ചു. വിവഹമോചനം നടത്തി 7 വർഷത്തിനു ശേഷമായിരുന്നു പുനർവിവാഹം. ശലഭ് ഡൽഹിയിൽനിന്നുള്ള ആളാണ്. ആദ്യത്തെ വിവാഹത്തിൽ അദ്ദേഹത്തിന് ഒരു മകനുമുണ്ട്. ശലഭ് -കാമ്യ ദമ്പതികൾ ആഹ്ലാദത്തോടെ തന്നെ ജീവിക്കുകയാണ്. മിക്ക ദിവസവും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ ദമ്പതികളുടെ സന്തോഷവും സംതൃപ്തിയും പ്രകടമാണ്. എന്നാൽ, ഇതിനിടെയാണ് പഴയ വിവാഹബന്ധത്തെക്കുറിച്ച് ഓർമിപ്പിച്ച് ദുരുദ്ദേശ്യത്തോടെ കമന്റ് വന്നത്. എന്തായാലും നടിയുടെ മറുപടിയോടെ വിമർശകൻ അപ്രത്യക്ഷനായിരിക്കുകയാണ്.

പരിഹാസത്തെയും അപമാനത്തെയും നിശ്ശബ്ദമായി സഹിക്കരുതെന്നും ഉടൻ പ്രതികരിക്കണം എന്നുമുള്ള സന്ദേശമാണ് കാമ്യ തന്റെ പ്രവൃത്തിയിലൂടെ സമൂഹത്തിനു നൽകുന്നത്. സ്ത്രീകളെ ആക്രമിച്ചാൽ അവർ നിശ്ശബ്ദം സഹിക്കുമെന്ന ചിന്താഗതി സമൂഹത്തിന്റെ മനസ്സിൽ നിന്നു മാറണം എന്നും അവർ വിചാരിക്കുന്നു. അല്ലെങ്കിൽ തന്നെ, ഒരു കാരണവുമില്ലാതെ, ഒരു വ്യക്തിയെ അപമാനിക്കാൻ ആർക്കാണ് അവകാശം എന്നും നടി ചോദിക്കുന്നു.

English Summary: Kamya Punjabi gives a fitting reply to a fan who told her to forget Karan Patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com