ADVERTISEMENT

 

കൊച്ചുമകനെയോ മകളെയോ കയ്യിലെടുക്കുമ്പോൾ മുത്തച്ഛനോ മുത്തശ്ശിക്കോ ഉണ്ടാകുന്ന ആഹ്ലാദത്തിന് അതിരുകളുണ്ടാകില്ല. ആ സന്തോഷം അപൂർവമാണ്. മറ്റൊരു തലമുറയുടെ ചിരിയും കരച്ചിലും പോലും മുതിർന്നവർക്ക് നൽകുന്നത് കണക്കുകൂട്ടാൻ കഴിയാത്ത വികാരങ്ങളാണ്. ഇപ്പോൾ, സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഒരു വിഡിയോയിലെ മുത്തശ്ശിയുടെ അഹ്ലാദം വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. എല്ലാ മുത്തശ്ശിയെയും പോലെ അവരും ആഹ്ലാദത്തിന്റെ നിലയില്ലാ കയത്തിലാണ്. കൊച്ചുമകളെ വാരിയെടുത്തപ്പോൾ. 

 

എന്നാൽ, സാധാരണമായ ഒരു കഥയല്ല ഈ മുത്തശ്ശിയുടേത്. ആ കഥ പൂർണമായി അറിയുമ്പോഴേ അവരുടെ കണ്ണീരിന്റെയും കണ്ണുനിറഞ്ഞ ചിരിയുടെയും അർഥം മനസ്സിലാകൂ.

വിഡിയോയിൽ ഒരു വീടിനു സമീപത്തു നിൽക്കുന്ന വയോധികയെ കാണാം. അവരുടെ അടുത്തേക്ക് ഒരു യുവാവ്  നവജാതശിശുവുമായി എത്തുന്നു. സ്ത്രീയെ അടുത്തുകാണുമ്പോൾ മാത്രമാണ് അവർക്ക് കാഴ്ചശക്തിയില്ലെന്നു മനസ്സിലാകുന്നത്. യുവാവ് കൊച്ചുകുട്ടിയെ സ്ത്രീയുടെ കയ്യിൽ കൊടുക്കുന്നു. അതോടെ സ്ത്രീ, സന്തോഷം കൊണ്ടു കരയുകയാണ്. കുട്ടിയെ വാരിയെടുത്ത് ഉമ്മകൾ കൊണ്ടു പൊതിയുകയാണ്.

 

മുത്തശ്ശി ആദ്യമായാണ് കൊച്ചുമകളെ കാണുന്നത്. അതും അവരുടെ ജൻമദിനത്തിൽ. എന്നാൽ മകൻ കുട്ടിയുടെ ജനനവിവരം അവരോട് വെളിപ്പെടുത്തിയിരുന്നില്ല. ജൻമദിനത്തിൽ പൂക്കളുമായി മകൻ വരുന്നു എന്നു മാത്രമാണ് അറിയിച്ചിരുന്നത്. അപൂർവമായ ജൻമദിന സമ്മാനം എന്നുമാത്രമേ അവരും കരുതിയിരുന്നുള്ളൂ. എന്നാൽ മകന്റെ കയ്യിൽനിന്ന് സമ്മാനം ഏറ്റുവാങ്ങിയപ്പോൾ മാത്രമാണ് പൂക്കളല്ല കൊച്ചുമകളാണെന്നു മനസ്സിലാകുന്നത്. അതോടെ, ഇല്ലാത്ത കണ്ണുകൾ കൊണ്ട് അവർ  പുതിയ തലമുറയെ മനസ്സ് നിറയെ കാണുകയായിരുന്നു.

 

‘എന്റെ അമ്മ അന്ധയാണ്. പൂക്കളാണെന്ന ധാരണയിൽ അമ്മയുടെ കയ്യിൽ ഞാൻ കൊടുത്തത് അവരുടെ കൊച്ചുമകളെയാണ്. അതാണ് ഈ സന്തോഷത്തിനു കാരണം.

അമ്മ കുട്ടിയെ എടുത്ത് കരയുന്നതു കണ്ടോ. ഇതല്ലേ സ്‌നേഹം. യഥാർഥ സ്‌നേഹം. കാഴ്ച പോലും അപ്രസസ്‌കമാക്കുന്ന സ്‌നേഹത്തിന്റെ നിറവ്.’–  വിഡിയോയുടെ അടിക്കുറിപ്പിൽ യുവാവ് വിശദീകരിക്കുന്നു. ഇതിനോടകം 60 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടതും ഇഷ്ടപ്പെട്ടതും. പലരും ഷെയർ ചെയ്യുന്നുണ്ട്. മിക്കവരും വിഡിയോയ്ക്ക് താഴെ സ്‌നേഹം നിറയുന്ന വാക്കുകൾ എഴുതുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com