കുഞ്ഞു പിറക്കാൻ പോകുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് താരദമ്പതിമാരായ ആദിത്യ നാരായണനും ശ്വേത അഗർവാളും, സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഗർഭകാല ഫൊട്ടോഷൂട്ട് ചിത്രങ്ങളിലൂടെയാണ് താരങ്ങൾ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഗർഭിണിയായ ശ്വേതയെ ആദിത്യ ചേർത്തു പിടിച്ചു നിൽക്കുന്നതാണ് ചിത്രം.
ചിത്രം പങ്കുവച്ചു കൊണ്ട് ആദിത്യ കുറിച്ചത് ഇങ്ങനെ:‘ ശ്വേതയും ഞാനും ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്.’ #Baby on the way എന്ന ഹാഷ് ടാഗോടെയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ആദിത്യയുടെ പോസ്റ്റിനു താഴെ പ്രമുഖരും ആരാധകരുമടക്കം നിരവധി പേർ കമന്റുകളുമായി എത്തി. ‘ഇത് വളരെ സന്തോഷം നൽകുന്ന വാർത്തയാണ്. ഇരുവർക്കും അഭിനന്ദനങ്ങൾ എന്നാണ് ഗായിക ശ്രേഷ ഘോഷാൽ കമന്റ് ചെയ്തത്. നേഹ കക്കാർ, അദിതി സിങ് ശർമ, സലിം മെർച്ചന്റ് എന്നിവരും ആശംസകളുമായി എത്തി.
ആദിത്യ പങ്കുവച്ച ചിത്രങ്ങൾ തന്നെ ശ്വേതയും പങ്കുവച്ചു. ‘എനിക്ക് അത്രയേറെ പ്രിയപ്പെട്ട ഒരാൾ അത്രയേറെ പ്രിയപ്പെട്ട മറ്റൊന്നിനെ സമ്മാനിക്കാൻ പോകുന്നു. ആകാംക്ഷ ഏറെയാണ്.’– എന്നായിരുന്നു ശ്വേത പങ്കുവച്ച ചിത്രത്തിനു താഴെ ആദിത്യയുടെ കമന്റ്. സ്നേഹം നിറഞ്ഞ ഹൃദയ ഇമോജിയും ആദിത്യ പങ്കുവച്ചു. ശ്വേതയുടെ ജന്മദിനാഘോഷത്തിനു തൊട്ടടുത്ത ദിവസമായിരുന്നു ഗർഭകാല ചിത്രം പങ്കുവച്ചത്. അടുത്തിടെ ഒന്നാം വിവാഹ വാർഷികത്തിന്റെ ചിത്രങ്ങളും താരങ്ങൾ പങ്കുവച്ചികുന്നു.
English Summary:Aditya Narayan And Shweta Agarwal Make Pregnancy Announcement