ഞാൻ മുലയൂട്ടുന്നത് ഇങ്ങനെയാണ്: ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് താരം

evlyn-sharma
SHARE

മുലയൂട്ടുന്നതിന്റെ ചിത്രം പങ്കുവച്ച ബോളിവുഡ് താരം എവ്‌ലിൻ ശർമയ്ക്കെതിരെ സൈബർ ആക്രമണം. വിമർശിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി താരം രംഗത്തെത്തി.താൻ ചെയ്തതിൽ പശ്ചാത്തപിക്കുന്നില്ലെന്നും ലോകത്തെ എല്ലാ അമ്മമാരോടും അവർ ഒറ്റയ്ക്കല്ലെന്നും ഒരുമിച്ചാണെന്നും പറയാൻ വേണ്ടിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും അവർ വെളിപ്പെടുത്തി. 

രണ്ടു മാസം മാത്രം പ്രായമുള്ള മകൾ അവ ബിന്ദിയെ മുലയൂട്ടുന്ന ചിത്രങ്ങളായിരുന്നു നടി പോസ്റ്റ് ചെയ്തത്. എന്തിലും ഏതിലും തെറ്റ് കാണുന്ന കുറച്ചുപേർ ചിത്രം അശ്ലീലമാണെന്നു വിശേഷിപ്പിച്ചതോടെയാണ് നടിക്ക് വിശദീകരണം നൽകേണ്ടിവന്നത്. മുലയൂട്ടുന്ന ചിത്രങ്ങൾ ഒരിക്കലും ദൗർബല്യമല്ല. ശക്തിയാണു കാണിക്കുന്നത്. ആ ചിത്രങ്ങൾ മനോഹരം എന്നാണ് എനിക്കു തോന്നിയത്. മുലയൂട്ടുക എന്നത് ആരോഗ്യപരവും ജീവന്റെ നിലനിൽപിന്റെ അടയാളവുമാണ്. മാറിടമുള്ളതുകൊണ്ടാണല്ലോ സ്ത്രീകൾക്കു മുലയൂട്ടാൻ കഴിയുന്നത്. അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത്. നാണിക്കാൻ എന്തിരിക്കുന്നു- താരം ചോദിക്കുന്നു.

കഴിഞ്ഞ ആഴ്ചയാണ് സമൂഹ മാധ്യമത്തിൽ നടി ചിത്രം പോസ്റ്റ് ചെയ്തത്. ഇതാദ്യമല്ല അവർ ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. പലരും വിചാരിക്കുന്നതുപോലെ സുഖകരവും എളുപ്പവുമായ സംഗതിയല്ല മുലയൂട്ടുക എന്നത്. അമ്മ എന്ന നിലയിൽ ആദ്യമായി മുലയൂട്ടുമ്പോൾ അതു നിങ്ങളെ മാനസികമായും ശാരീരികമായും ക്ഷീണിപ്പിക്കും. ഞാൻ ഇങ്ങനെയാണ് മുലയൂട്ടുന്നത് എന്നു കാണിക്കാനും ഇക്കാര്യത്തിൽ ആരും നാണിക്കേണ്ടതില്ലെന്നു പറയാനും വേണ്ടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. അത് നല്ല കാര്യമായും അഭിമാനിക്കത്തക്കതായും എനിക്കു തോന്നുന്നു.

കഴിഞ്ഞ വർഷമാണ് എവ്‌ലിൻ ശർമ- തുഷാൻ ബിന്ദി ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്. ജർമനിയിൽ വേരുകളുണ്ടെങ്കിലും താൻ ഓരോ ശ്വാസത്തിലും ഇന്ത്യക്കാരിയാണെന്ന് നടി പലവട്ടം പറഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നുള്ള ഭർത്താവിന് ഗുജറാത്തിലാണു വേരുകളുള്ളത്. വിവാഹത്തിനു മുൻപു 10 വർഷത്തോളം അവർ തുടർച്ചയായി ഇന്ത്യയിൽ തന്നെയാണു ജീവിച്ചതും. രണ്ടു പേരും വ്യത്യസ്ത സംസ്‌കാരത്തിൽ നിന്നുള്ളവരാണെങ്കിലും എല്ലാ സംസ്‌കാരങ്ങളെയും ബഹുമാനിച്ചുകൊണ്ടാണ് തങ്ങൾ ജീവിക്കുന്നതെന്നും അക്കാര്യത്തിൽ സന്തോഷമുണ്ടെന്നും കൂടി നടി പറയുന്നു.

മുലയൂട്ടുന്നതിനെക്കുറിച്ച് സമൂഹത്തിൽ എന്തെങ്കിലും തെറ്റിധാരണകളോ അശ്ലീമെന്നോ ഉള്ള ചിന്തകൾ ഉണ്ടെങ്കിൽ അവ മാറാൻ കൂടിയാണ് എവ്‌ലിൻ ധീരമായി സ്വന്തം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അവയിൽ മാറിടങ്ങൾ കാണുന്നു എന്നതാണ് ചിലരുടെ കണ്ണിൽ കുറ്റമായത്. എന്നാൽ, വെറുതെ മാറിടങ്ങൾ കാണിക്കുകയല്ല പാലൂട്ടുന്ന ചിത്രങ്ങളാണ് താൻ പരസ്യമാക്കിയതെന്നും അവ കാണുമ്പോൾ സ്‌നേഹവും വാത്സല്യവുമാണ് മനസ്സിൽ നിറയുന്നതെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണു നടി.ഒട്ടേറെപ്പേർ നടിയെ പിന്തുണച്ചു രംഗത്തെത്തി. അപൂർവം പേർ മാത്രമാണ് ചിത്രത്തിൽ അശ്ലീലം കണ്ടതും അതിന്റെ പേരിൽ ആക്രമണം നടത്തിയതും.

English Summary: Evelyn Sharma reacts to getting trolled for breastfeeding pictures: ‘Why be shy?’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA