‘ഇർഫാൻ, നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു; ഈ രാത്രി എനിക്ക് ഉറങ്ങാന‍് കഴിഞ്ഞില്ല’, ഹൃദയത്തിൽ തൊട്ട് സുതപയുടെ കുറിപ്പ്

supata-irfan
SHARE

‘ഞാനുമായി ബന്ധപ്പെട്ട പല വിശേഷ ചടങ്ങകളും താങ്കൾ മറന്നിട്ടുണ്ട്. അതെല്ലാം പോട്ടെ. എല്ലാറ്റിനും ഞാൻ ക്ഷമിച്ചിരിക്കുന്നു.’–ജൻമദിനത്തിൽ വേർപിരിഞ്ഞുപോയ പ്രശസ്ത നടൻ ഇർഫാൻ ഖാന് സ്‌നേഹത്തിൽ കുതിർന്ന കുറിപ്പെഴുതിയിരിക്കുകയാണ് ഭാര്യയും നടിയുമായ സുതപ സിക്ദർ. മക്കളായ ബബീർ ഖാൻ, ആര്യൻ ഖാൻ എന്നിവർക്കൊപ്പമാണ് ഇത്തവണ സുതപ ജൻമദിനം ആഘോഷിച്ചത്. ചടങ്ങിന്റെ ഒട്ടേറെ ചിത്രങ്ങളും  പോസ്റ്റ് ചെയ്തു.

2020 ഏപ്രിൽ 29 നാണ് ദീർഘനാളത്തെ ചികിത്സയ്‌ക്കൊടുവിൽ എല്ലാവരെയും കണ്ണീരിലാഴത്തി ഇർഫാൻ ഖാൻ യാത്ര പറഞ്ഞത്. നമ്മളൊരുമിച്ചുള്ളപ്പോൾ എന്റെ 32 ജൻമദിനങ്ങൾ കടന്നുപോയി. അവയിൽ 28 എണ്ണവും താങ്കൾ മറക്കുകയായിരുന്നു. പ്രിയപ്പെട്ടവനേ, അവയ്‌ക്കെല്ലാം ഇന്ന് ഞാൻ താങ്കളോട് ക്ഷമിച്ചിരിക്കുന്നു. ഈ ജൻമദിനത്തിനു തലേന്ന് എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. രാത്രി മുഴുവൻ ഞാൻ ഇടനാഴികളിലൂടെ നടക്കുകയായിരുന്നു. ഓർമകളുടെ ഇടനാഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. ഓരോ ജൻമദിനവും വരുമ്പോൾ അവ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല എന്നതിന്റെ കാരണം താങ്കൾ കണ്ടെത്തുമായിരുന്നു. എന്തെങ്കിലും തത്വചിന്ത അവതരിപ്പിക്കുമായിരുന്നു. ഇന്ന് ഞാനും അത് അംഗീകരിക്കുന്നു. ഇന്നലെ രാത്രിയും ഞാൻ എന്നോടുതന്നെ പറഞ്ഞ ഒരു കാര്യമുണ്ട്. എനിക്ക് ആഘോഷങ്ങളോട് പ്രത്യേകിച്ച് പ്രതിപത്തിയൊന്നും ഇല്ല. എന്നാൽ ഏത് ആഘോഷത്തിലും എന്റെ പ്രിയപ്പെട്ടവൻ കൂടെയുണ്ടാകണം എന്നു കൊതിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയും ഞാൻ നിന്നെ ഓർമിച്ചു. നീ ഇന്ന് എന്നോടൊപ്പമില്ല. എന്നാൽ നമ്മുടെ മക്കൾ എന്റെ ജൻമദിനം ഓർമിച്ചു. ഒരുപക്ഷേ നീ അവരുടെ കാതുകളിൽ മന്ത്രിച്ചുകാണും എന്റെ ജൻമദിനം മറക്കല്ലേ എന്ന്. നീയാണവരെ എന്റെ ജൻമദിനം ഓർമിപ്പിച്ചത് എന്നു വിചാരിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കിൽ എങ്ങനെയാണ് അവർ രണ്ടുപേരും ഒരുമിച്ച് ആഘോഷത്തിനുള്ള വട്ടം കൂട്ടി എന്റെ അടുത്തെത്തിയത്. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ വീണ്ടും വീണ്ടും ഓർമിച്ചുപോകുന്നു. അടുത്തില്ലെങ്കിലും നമ്മുടെ മക്കൾ എന്റെ ജൻമദിനം ആഘോഷിക്കുന്നത് നീ സന്തോഷത്തോടെ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്- സുതപ കുറിക്കുന്നു

രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ലണ്ടനിൽ ചികിത്സയ്ക്കു പോയ ഇർഫാൻ ഇടയ്ക്ക് നാട്ടിൽ തിരിച്ചെത്തി അംഗ്രേസി മീഡിയം എന്ന അവസാന ചിത്രത്തിലും അഭിനയിച്ചിരുന്നു. അതിനുശേഷമാണ് സുതപയെയും മക്കളെയും അനാഥരാക്കി, ലോകമെങ്ങുമുള്ള ലക്ഷക്കണക്കിനു പ്രേക്ഷകരെ അഗാധ വിഷാദത്തിലാഴ്ത്തി നടൻ അപ്രതീക്ഷിതമായി വിടവാങ്ങിയത്.

English Summary: 'I finally forgive you Irrfan.' Sutapa Sikdar pens emotional note for late husband on her birthday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA