ADVERTISEMENT

കഴിഞ്ഞ 19നാണ് പ്രശസ്ത താരം കാജൾ അഗർവാളിനു കുഞ്ഞ് ജനിച്ചത്. ഇപ്പോൾ പ്രസവ സമയത്തെ തന്റെ അനുഭവം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ആ സമയത്തു നേരിട്ട ബുദ്ധിമുട്ടുകളും കുഞ്ഞുണ്ടായപ്പോൾ അനുഭവിച്ച സന്തോഷവും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദമായ കുറിപ്പാണ് കാജൾ അഗർവാൾ പങ്കുവച്ചത്. 

‘അത്യാഹ്ലാദത്തോടെയും അദ്ഭുതത്തോടെയും എന്റെ മകൻ നീലിനെ ഈ ലോകത്തേക്കു സ്വാഗതം ചെയ്യുകയാണ്. ദൈർഘ്യമേറിയതും അദ്ഭുതകരവും സന്തോഷം നൽകുന്നതുമായിരുന്നു അവന്റെ ജനനം. ഗർഭസ്ഥസ്രവത്തിലും പ്ലാസെന്റയിലും പൊതിഞ്ഞെത്തിയ അവൻ നിമിഷങ്ങൾക്കകം എന്റെ നെഞ്ചിൽ ചേർന്നപ്പോൾ എനിക്കുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു. അഗാധമായ സ്നേഹവും സന്തോഷവും എന്താണെന്ന് ആ നിമിഷത്തിൽ എനിക്കു മനസ്സിലായി. എന്റെ ഹൃദയം ഇപ്പോൾ ശരീരത്തിനു പുറത്താണെന്ന്  തോന്നി. അല്ല ഇനി വരുംകാലവും അതങ്ങനെയായിരിക്കും.’– കാജൾ തന്റെ ഹൃദ്യമായ കുറിപ്പില്‍ പറയുന്നു. 

പ്രസവത്തിനു മുൻപുള്ള ഉറക്കമില്ലാത്ത രാത്രികളെ കുറിച്ചും കാജൾ വിവരിക്കുന്നുണ്ട്. ‘ഉറക്കമില്ലാത്ത ആ മൂന്ന് രാത്രികൾ എളുപ്പമായിരുന്നില്ല. രക്തം വാർന്നു പോകുന്ന സമയം, വലിഞ്ഞു മുറുകിയിരിക്കുന്ന വയറ്, നനഞ്ഞ പാഡുകൾ, ബ്രെസ്റ്റ് പമ്പുകൾ, അനിശ്ചിതത്വം, എല്ലാം ശരിയായ രീതിയിൽ നടക്കുമോ എന്ന ആകുലത, കൂടാതെ മരുന്നുകൾ നൽകുന്ന ഉത്കണ്ഠ ഇതെല്ലാം ഉണ്ടായിരുന്നു. എന്നാൽ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ കൂടിയായിരുന്നു അത്. മധുരമുള്ള ആലിംഗനങ്ങളും ഉമ്മകളും നിറഞ്ഞ പ്രഭാതങ്ങൾ, ഞങ്ങൾ രണ്ടുപേരും മാത്രമുള്ള ശാന്തമായ നിമിഷങ്ങൾ, ഒരുമിച്ചു വളരുന്നു, ഒരുമിച്ചു പഠിക്കുന്നു, മനോഹരമായ അനുഭവങ്ങൾ പരസ്പരം ഉണ്ടാകുന്നു. വാസ്തവത്തിൽ പ്രസവാനന്തരം ആകർഷകമല്ല. പക്ഷേ, മനോഹരമാക്കാൻ നമ്മൾ ശ്രമിക്കണം. ’– കാജൾ കുറിച്ചു. 

2020 ഒക്ടോബർ ഇരുപതിനായിരുന്നു ബിസിനസുകാരനായ  ഗൗതം കിച്ച്‌ലുവിനെ കാജൾ അഗർവാൾ വിവാഹം ചെയ്തത്. ഏപ്രിൽ 19ന് ഇരുവർക്കും ആദ്യത്തെ കുഞ്ഞു പിറന്നു. നീൽ കിച്ച്‌ലു എന്നാണ് കുഞ്ഞിന്റെ പേര് .

English Summary: Kajal Aggarwal's First Post After Birth Of Son: "Postpartum Isn't Glamorous But Can Be Beautiful"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com