പ്രായം കഴിഞ്ഞിട്ടും നീ വിവാഹിതയാകാതെ നിൽക്കുന്നതു കണ്ട് ചോദ്യം ചെയ്യുന്നവനെ ഞാൻ ആട്ടും: ഹൃദയം തൊട്ട് അച്ഛന്റെ കുറിപ്പ്

jayaram-daughter
ജയറാം സുബ്രമണിയും മകൾ അവന്തികയും. ചിത്രം∙ സോഷ്യൽ മീഡിയ
SHARE

മക്കളുടെ വിവാഹത്തെ കുറിച്ച് അച്ഛനമ്മമാർക്കു ചില സങ്കൽപങ്ങളുണ്ടാകും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ജയറാം സുബ്രമണി എന്ന അച്ഛന്‍ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗാർഹിക പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ  കേസിൽ വിധി വന്നതിന്റെ പശ്ചാത്തലത്തിലാണ് ജയറാം സുബ്രമണിയുടെ കുറിപ്പ്. 

ജയറാം സുബ്രമണിയുടെ കുറിപ്പ് വായിക്കാം

അവന്തികാ....

ഞാൻ നിന്നെ വളർത്തുന്നത് ഏതോ ഒരുത്തന് നിന്റെ ജീവിതം വച്ച് പന്താടാൻ നിന്നെ ഏൽപ്പിക്കാനല്ല. ഏതോ ഒരുത്തന് ചെലവഴിക്കാൻ വേണ്ടി ഞാൻ ഒരു രൂപ പോലും സേവ് ചെയ്യുകയുമില്ല.

‌ഞാൻ നിനക്ക് വിദ്യാഭ്യാസം തരും.സ്വയം സമ്പാദിക്കാനും സ്വന്തം കാലിൽ നിൽക്കാനും നിന്നെ പ്രാപ്തയാക്കും. നിന്നെ വിവാഹിതയാകാൻ ഞാനായിട്ട് പ്രേരിപ്പിക്കുകയില്ല. കല്ല്യാണപ്രായം എന്നൊരു പ്രായം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്.അത് കവർ ചെയ്ത് നീ വിവാഹിതയാകാതെ നിൽക്കുന്നതു കൊണ്ട് എന്നെ ചോദ്യം ചെയ്യാൻ വരുന്നവനെ ഞാൻ ആട്ടും. കുടുംബത്തിന്റെ സൽപേരിനെ പറ്റി പ്രസംഗിക്കുന്നവരെ അകറ്റും. അതിൽ കുറഞ്ഞ സല്‍പ്പേര് മതി നമുക്ക്. അതിൽ കുറഞ്ഞ ആഢ്യത മതി നമ്മുടെ കുടുംബത്തിന്.

നിനക്ക് നിന്റേതായ വഴി തിരഞ്ഞെടുക്കാനും ചോയ്സസ് എടുക്കാനും സ്വാതന്ത്ര്യമുണ്ട്. നിനക്ക് തോന്നി നിന്റെ ഇഷ്ടപ്രകാരം നീ വിവാഹിതയായാൽ...ഒരു കാര്യം ഉറപ്പിച്ചോളുക. നിനക്ക് ആ ബന്ധം ഡിസ്കംഫർട്ടായി തോന്നുന്നുവെങ്കിൽ..നിന്റെ വ്യക്തിത്വവും കാഴ്ചപ്പാടുമായി ഒത്തു പോകുന്നില്ല ജീവിതമെങ്കിൽ ഒരു നിമിഷം മുൻപ് തിരിച്ച് പോന്നേക്കുക. നീയായിട്ട് തെരഞ്ഞെടുത്ത ഒരു ബന്ധത്തിലെ കല്ലുകടിയും പീഢനങ്ങളും അവമതികളും നീ ജീവിതകാലം മുഴുവൻ സഹിക്കേണ്ടതില്ല. നമ്മുടെ വീടിന്റെ വാതിൽ നിനക്ക് മുന്നിൽ എന്നും തുറന്ന് തന്നെ കിടക്കും.

തിരിച്ചു പോരാൻ കഴിയാത്ത വിധം അകപ്പെട്ടിരിക്കുകയാണെങ്കിൽ വിവരം അറിയിക്കുക. അടുത്ത നിമിഷം ഞാനവിടെത്തും. ഇനി അറിയിക്കാനാകാത്ത വിധമാണ് നിന്റെ സ്ഥിതിയെങ്കിൽ പോലും അത് ഞാനായിട്ടറിഞ്ഞോളാം. അതിനുള്ള വഴികളൊക്കെ എനിക്കറിയാം. വിവാഹിതയായി എന്ന് വച്ച് നീ എന്റെ മകളല്ലാതെയാകുന്നില്ല.

അച്ഛനുമമ്മയും വിഷമിക്കുമെന്ന് കരുതി നീ യാഥാർത്ഥ്യങ്ങൾ മറച്ചു വയ്ക്കുമ്പോൾ ഓർക്കുക...നിന്റെ വേദനയിലും വലുതല്ല ഞങ്ങളുടെ വിഷമം.നീ ഇല്ലാതാകുന്നതിലും വലുതല്ല വിവാഹിതയായ നീ തിരിച്ചു വന്നാലുണ്ടായേക്കാവുന്ന കുശുകുശുപ്പുകൾ. ഒരു കാരണവശാലും വ്യക്തിത്വവും സ്വാതന്ത്ര്യവും ബലി കൊടുത്ത് നീ ഒരു കുലസ്ത്രീ പട്ടം അണിയേണ്ടതില്ല.തന്റേടിയെന്നോ താന്തോന്നിയെന്നോ പേര് കേൾക്കുമെന്ന് കരുതി സഹിച്ച് സഹകരിച്ച് ഒതുങ്ങി കൂടേണ്ടതുമില്ല. തലയുയർത്തി നടു നിവർത്തി നിൽക്കുക.നിന്റെ ജീവിതം നിന്റെ മാത്രമാണ്.തന്റേടത്തോടെ ജീവിക്കുക. നീ എനിക്ക് ഏറെ വിലപ്പെട്ടവളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA