സിനിമയെ വെല്ലും വിധമാണ് 33കാരനായ ഒരു യുവാവിന്റെ നാടുവിടലും തുടർന്നുണ്ടായ സംഭവങ്ങളും. തന്റെ പണം മോഷ്ടിച്ച് ഭർത്താവ് നാടുവിട്ടു എന്ന യുവതിയുടെ പരാതിയെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ആന്ധ്രാപ്രദേശിലെ മംഗൾഗിരിയിലാണ് സംഭവം
തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ വിവിധയിടങ്ങളിലായി ആറു വിവാഹം കഴിച്ചതായി തെളിഞ്ഞു. ആരും അറിയാതെയാണ് അഞ്ച് വിവാഹങ്ങൾ നടത്തിയതെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 2015ല്‍ പുറത്തിറങ്ങിിയ ‘കിസ് കിസ്കോ പ്യാർ കരൂം’ എന്ന സിനിമ പോലെയാണ് ഈ സംഭവം.
അഡപ ശിവശങ്കര ബാബു എന്നു പേരായ ഇയാളെ വിശാഖപട്ടണത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചനാകുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാട്രിമോണിയൽ സൈറ്റിൽ നിന്ന് 2021ലാണ് ഇയാളെ കണ്ടെത്തി വിവാഹം കഴിച്ചതെന്ന് പരാതിക്കാരിയായ യുവതി പൊലീസിനോട് പറഞ്ഞു. 20 ലക്ഷം രൂപ വിലമതിപ്പുള്ള ആഭരണങ്ങളുമായാണ് ഇയാൾ കടന്നു കളഞ്ഞതെന്നും ഭാര്യ നൽകിയ പരാതിയിൽ പറയുന്നുണ്ട്. പ്രതിയുടെ വിവാഹതട്ടിപ്പിന് കൂടുതൽ സ്ത്രീകൾ ഇരയായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
English Summary: Man in Hyderabad held for marrying 6 women