ADVERTISEMENT

വിവാഹ ശേഷമുള്ള ആദ്യകാലം  ഏറ്റവും സന്തോഷത്തോടെ ചിലവിടുന്നവരാണ് അധികവും.  എന്നാൽ പരസ്പരം ഏറെ സ്നേഹത്തോടെ ജീവിതം ആരംഭിച്ച് ഏതാനും മാസങ്ങളോ വർഷങ്ങളോ പിന്നിടുമ്പോൾ ആദ്യത്തെ സന്തോഷവും സമാധാനവും കൈവിട്ടു പോകുന്നവരുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദാമ്പത്യ ജീവിതം തുടക്കത്തിലെന്നപോലെ എന്നെന്നും സന്തോഷത്തോടെ കൊണ്ടുപോകാൻ സാധിക്കും.

അഡ്ജസ്റ്റ് ചെയ്യാൻ സമയം കൊടുക്കാം

ആലോചിച്ചുറപ്പിച്ച വിവാഹമാണെങ്കിൽ പങ്കാളികൾക്ക് പരസ്പരം മനസ്സിലാക്കാനുള്ള സമയം പലപ്പോഴും പരിമിതമായിരിക്കും. അതിനാൽ ജീവിതം ആരംഭിച്ച ശേഷം പരസ്പരം നന്നായി മനസ്സിലാക്കാനായി അൽപം സമയം നീക്കി വയ്ക്കുക. തുടക്കതിൽ തന്നെ പങ്കാളിയെ പറ്റി മനസ്സിൽ ഉണ്ടാക്കിവയ്ക്കുന്ന ധാരണ ചില അവസരങ്ങളിലെങ്കിലും ശരിയാവണമെന്നില്ല. അത് പിന്നീട് പ്രശ്നങ്ങൾക്കു തുടക്കമാകാൻ കാരണമായി വരാം. പങ്കാളിയുടെ ജീവിതരീതിയും സ്വഭാവവും എല്ലാം നന്നായി മനസ്സിലാക്കാൻ ശ്രമിക്കുക.

തുറന്നു സംസാരിക്കാം

വിവാഹത്തിന്റെ ആദ്യ നാളുകളിൽ പരസ്പരം സന്തോഷിപ്പിക്കാൻ മാത്രമാവും പങ്കാളികളുടെ ശ്രമം. അതിനാൽ ചെറിയ ചെറിയ പൊരുത്തക്കേടുകൾ കണ്ടില്ലെന്നുവച്ചെന്നും വരാം. എന്നാൽ ഇത് നല്ല പ്രവണതയല്ല. പരസ്പരമുള്ള ചെറിയ പ്രശ്നങ്ങൾ പോലും തുറന്ന് സംസാരിച്ചു ശീലിക്കുക. പ്രശ്നങ്ങൾ ഇരുവരും ചേർന്ന് പരിഹരിക്കാൻ കൂടി ശ്രമിക്കുന്നതോടെ തുടക്കത്തിൽ തന്നെ ശക്തമായ ദാമ്പത്യബന്ധം പടുത്തുയർത്താനാകും.

ജീവിതത്തെക്കുറിച്ചുള്ള പദ്ധതികൾ പങ്കുവയ്ക്കുക

ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ പദ്ധതികൾ എന്താണെന്നുള്ളത് ഇരുവരും പരസ്പരം മനസ്സിലാക്കി വയ്ക്കേണ്ടത് അത്യാവശ്യമാണ്. തന്റെ ജീവിത ലക്ഷ്യത്തെപ്പറ്റി തുറന്നു പറയുന്നതിനൊപ്പം പങ്കാളിയുടെ ലക്ഷ്യം എന്താണെന്ന് കേട്ട് മനസ്സിലാക്കാനും സമയം നൽകുക. ഇത്തരത്തിൽ പങ്കുവയ്ക്കുന്ന കാര്യങ്ങളിൽ  എന്ത് പിന്തുണയാണ് പങ്കാളിക്ക് നൽകാൻ പറ്റുക എന്ന് ചിന്തിച്ച് തുടങ്ങാനും ശ്രദ്ധിക്കുക. ജീവിതം സുന്ദരമാക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്.

യാഥാർത്ഥ്യ ബോധത്തോടെ മാത്രം ചിന്തിക്കുക

വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവർ സങ്കല്‍പങ്ങൾ കാത്തുസൂക്ഷിക്കുന്നത് സാധാരണമാണ്. എന്നാൽ സങ്കൽപത്തിൽ കണ്ട സവിശേഷതകളുള്ള പങ്കാളിയെ ലഭിച്ചാൽ പോലും സാഹചര്യങ്ങൾ കൊണ്ട് ചിലപ്പോൾ ജീവിതം വിചാരിച്ചിത്ര  സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണമെന്നില്ല. സാമ്പത്തികവും കുടുംബപരവുമായ സാഹചര്യങ്ങൾ മൂലം ആഗ്രഹിച്ച ജീവിതത്തിൽ അല്‍പം മാറ്റങ്ങൾ ഉണ്ടായെന്നു വരാം. ഇത് ഉൾക്കൊള്ളാനും വിട്ടുവീഴ്ചാ മനോഭാവത്തോടെ പെരുമാറാനുമുള്ള മനഃസ്ഥിതി തുടക്കത്തിൽ തന്നെ വളർത്തിയെടുക്കുക. 

ഓർക്കുക, സുന്ദരമായ ഒരു ദാമ്പത്യ ബന്ധം ഒരാളുടെ മാത്രം ബാധ്യതയല്ല. കയറ്റിറക്കങ്ങൾ ഒരുപോലെ ഉള്ളതാണ് ജീവിതമെന്നും പ്രശ്നങ്ങളെ ഒരുമിച്ച് അഭിമുഖീകരിക്കാനും സന്തോഷം ഒരുമിച്ചു പങ്കിടാനും സാധിക്കുന്നിടത്ത് സ്നേഹവും സമാധാനവും നിലനിൽക്കുമെന്നും മനസ്സിലാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com