ADVERTISEMENT

പെൺകുട്ടികൾ വീട്ടുജോലികൾ ചെയ്യണമോ? ഇതാണ് ട്രെൻഡിങ് ആയ ഇപ്പോഴത്തെ ചർച്ച. വിവാഹിതരായ സ്ത്രീകളോട് ഭർത്താവിന്റെ വീട്ടുകാർ വീട്ടിലെ ജോലി ചെയ്യാൻ പറഞ്ഞാൽ അത് ദ്രോഹമല്ലെന്നും വേലക്കാരോടു പെരുമാറുന്നതിൽനിന്ന് അത് വ്യത്യസ്തമാണെന്നുമാണ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം നടന്ന വാദത്തെത്തുടർന്ന്, അടിവരയിട്ടു പറഞ്ഞത്. വർഷങ്ങളായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയമെന്ന നിലയിൽ ഈ പ്രസ്താവന ചർച്ച ചെയ്യപ്പെടേണ്ടതാണ്. സ്ത്രീകൾ ഭർത്താവിന്റെ വീട്ടിലെ അടുക്കളപ്പണിക്കാരായി മാറുന്നത് എങ്ങനെയാണ് എന്ന ചോദ്യം ആദ്യം തന്നെ ചോദിക്കേണ്ടതുണ്ട്. മലയാളത്തിൽ ഇത്തരുണത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട, ജിയോ ബേബി സംവിധാനം ചെയ്ത ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമ ഈ വിഷയം അത് അർഹിക്കുന്ന ആഴത്തിൽ പരാമർശിച്ചിരുന്നു.

 

പെൺകുട്ടികളെ കുട്ടിക്കാലം മുതൽ ‘പ്രോഗ്രാം’ ചെയ്തു വച്ചിരിക്കുന്ന ഒരു ഭാഷയുണ്ട്. ‘നീ പെൺകുട്ടിയാണ്, അടുക്കളപ്പണി പഠിക്കണം’, ‘നീയൊരു പെണ്ണല്ലേ, എന്നും മുറ്റം അടിച്ചു വാരണം, എന്നാലേ മഹാലക്ഷ്മി വരൂ’, ‘വീട്ടിലെ സ്ത്രീകളാണ് ലക്ഷ്മി’ തുടങ്ങി, കേൾക്കുമ്പോൾ സ്ത്രീകളുടെ മഹിമയും ദൈവികതയും വാനോളം വാഴ്ത്തുന്നതെന്ന രീതിയിലുള്ള പ്രസ്താവനകൾ ആവോളം നമ്മുടെ പഴമക്കാർ ഇറക്കിയിട്ടുണ്ട്. സ്ത്രീയെ ദേവിയായി ചിത്രീകരിക്കുമ്പോൾ അവർക്കു തോന്നുന്ന ഒരു ആത്മനിർവൃതിയുണ്ട്. താനാണ് ഒരു കുടുംബം നോക്കേണ്ടത്, അതിന്റെ ഉത്തരവാദിത്തം തന്റെ ബാധ്യതയാണ് എന്നീ ആശയങ്ങൾ കുട്ടിയായിരിക്കെത്തന്നെ മനസ്സിൽ ഉറയ്ക്കുമ്പോൾ, ഇതൊക്കെ വളരെ "കൂൾ" ആയി കൊണ്ടുനടക്കുന്ന അമ്മയുടെ ജീവിതം അവൾ മാതൃകയാക്കുകയും ചെയ്യും. എന്തൊക്കെ വന്നാലും അതൊക്കെ പെണ്ണിന്റെ മിടുക്കു കൊണ്ട് അല്ലെങ്കിൽ പോരായ്ക കൊണ്ട് എന്നൊരു വിധി ഉള്ളതുകൊണ്ടുതന്നെ മിടുക്കു കാണിക്കാൻ അങ്ങേയറ്റം ശ്രമിക്കുകയും ചെയ്യും. അത്തരം അനവധി ശീലങ്ങളുടെയും മിടുക്കു കാണിക്കലുകളുടെയും ആകെ തുകയാണ് ഇപ്പോഴും സ്ത്രീകൾ നേരിടുന്ന ഈ അവസ്ഥ.

the-great-indian-kitchen-movie-poster

 

ആണത്തം ആഘോഷിക്കുന്ന പലതുകളിൽ ഒന്നാണ് ഇത്തരത്തിൽ സന്ധ്യയ്ക്ക് വീടുകളിലിരിക്കാതെ പുറത്തിറങ്ങി ആഘോഷിക്കുന്ന ‘ആണുങ്ങൾ’

ഇനി മുതൽ താൻ‌ താമസിക്കേണ്ട ഭർത്താവിന്റെ വീട് വിവാഹത്തിനു മുൻപ് കാണാൻ പോലും അനുവാദമില്ലാത്ത പെൺകുട്ടികൾക്കു മുന്നിൽ അമ്മായിയമ്മ ആദ്യം പരിചയപ്പെടുത്തുന്നതു പോലും വീട്ടിലെ അടുക്കള തന്നെയാവും. ചില നാടുകളിൽ അമ്മായിയമ്മയും മരുമകളും തമ്മിൽ മത്സരങ്ങൾ നടത്തുന്ന ആചാരങ്ങൾ പോലുമുണ്ടായിട്ടുണ്ട്. അതും അടുക്കളയിൽ ഭക്ഷണം തയാറാക്കുന്ന കാര്യത്തിലാണെന്ന് എടുത്തു പറയണം. ഏറ്റവുമാദ്യം, രുചികരമായി ആരുണ്ടാക്കുന്നു എന്നതാണ് മൽസരം. എന്നാൽ പലയിടത്തും ഇപ്പോൾ ഇത് ഇല്ലാതായിട്ടുണ്ട്. പക്ഷേ അടുക്കളയിൽ മരുമകള്‍ ഭക്ഷണം തയാറാക്കുന്നത് മുഷിഞ്ഞ മുഖത്തോടെ നോക്കിനിൽക്കുന്ന ഭർതൃ വീട്ടുകാർ ഇപ്പോഴും നിലനിൽക്കുന്ന ‘ആചാരം’ തന്നെയാണ്. ഇത്തരം അവസ്ഥയിലാണ് പെൺകുട്ടികളോട് അടുക്കള ജോലി ചെയ്യണമെന്ന ആവശ്യം വീട്ടുകാർ വയ്ക്കുന്നത് ചർച്ചയാകുന്നത്.

 

ഭക്ഷണം മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ അവനവന്റെ ഏറ്റവും പ്രധാനമായ ആവശ്യമെന്നു കണ്ടു സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും പഠിച്ചിരിക്കേണ്ട ഒന്നാണ് പാചകം. കുടുംബം എന്ന ആശയത്തിലൂന്നി ജീവിക്കുമ്പോൾ ഇത്തരത്തിൽ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുക എന്നത് ന്യായമല്ലെന്നു കാണാം. ഉത്തരവാദിത്തങ്ങൾ പങ്കിട്ട് കൊടുത്തും എടുത്തും ഒക്കെ തന്നെയാണ് കുടുംബമുണ്ടാവുക. പക്ഷേ അതിൽ ആരാണ് പാചകം ചെയ്യേണ്ടത് അല്ലെങ്കിൽ കുട്ടികളെ നോക്കേണ്ടത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വരുമ്പോൾ എല്ലാവരും നോക്കുന്നത് വീട്ടിലെ സ്ത്രീകളെയായിരിക്കും. കക്കൂസ് കഴുകുന്നതും തുണിയലക്കുന്നതും കുഞ്ഞുങ്ങളെ നോക്കുന്നതും ഭക്ഷണമുണ്ടാക്കുന്നതും ഒന്നും ഒരാൾക്കു വേണ്ടിയല്ല. വീട്ടിലെ ടോയ്‍ലെറ്റുകൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഭക്ഷണം തയാറാക്കുന്നത് എല്ലാവർക്കും കഴിക്കാനാണ്, കുഞ്ഞുങ്ങൾ അമ്മമാരുടെ മാത്രം ജീവനുമല്ല. അവർക്ക് മാത്രം സന്തോഷത്തിനായുള്ളതുമല്ല. അങ്ങനെ ഓരോന്നും എല്ലാവരുടെയും ഉത്തരവാദിത്തമാകുമ്പോൾ അത് പങ്കുവയ്ക്കപ്പെടുന്നതല്ലേ ഏറ്റവും നല്ല മര്യാദ.

 

ഒരു ജോലിയും ഒരാൾക്കു മാത്രമായി മാറ്റി വയ്ക്കപ്പെടേണ്ടതില്ല. ജോലിക്ക് പോകുന്ന ഭാര്യയും ഭർത്താവുമുള്ള വീടുകളിൽ മറ്റുത്തരവാദിത്തങ്ങൾ പങ്കുവയ്ക്കപ്പെടട്ടെ. ഭക്ഷണമുണ്ടാക്കുന്നത് ആരോടും പറഞ്ഞു ചെയ്യിക്കേണ്ട കാര്യമല്ല. ആരാണോ ഓഫിസിൽ നിന്നാദ്യം വരുന്നത്, ഭക്ഷണമുണ്ടാക്കൽ അവർ ചെയ്തു തുടങ്ങട്ടെ, അത് സ്ത്രീ ആയാലും പുരുഷനായാലും. ബാക്കിയുള്ള ഭക്ഷണം പാകം ചെയ്യൽ ഒന്നിച്ചു തന്നെ ചെയ്യാം. അല്ലെങ്കിൽ സമയമുള്ളവർ പരസ്പര ധാരണയിൽ ചെയ്യട്ടെ. അതല്ലാതെ, ‘നീ പെൺകുട്ടിയല്ലേ, പോയി അത്താഴം ഉണ്ടാക്കൂ’ എന്ന് പറയുന്നതാണ് അശ്ലീലം. ‘നിനക്ക് സമയമുണ്ടല്ലോ, അതുകൊണ്ട് ഇന്ന് നീയുണ്ടാക്കൂ’ എന്നു പോലും പറയേണ്ടതില്ല. സമയമുള്ളവർക്ക് ആ ജോലി സ്വയമേറ്റെടുത്ത് ചെയ്യാം. പക്ഷേ എല്ലായ്പ്പോഴും സ്ത്രീകൾ അടുക്കളപ്പണി ചെയ്യാൻ സ്വയം സമയം കണ്ടെത്താറുണ്ട്. ഉദാഹരണത്തിന്, ജോലി കഴിഞ്ഞു വന്നാലും സുഹൃത്തുക്കളെ തേടി പോകുന്ന ഒരുപാട് പുരുഷന്മാരുണ്ട്. വൈകുന്നേരം ക്ലബ്ബിൽ പോവുക, സുഹൃത്തുക്കളോട് സൊറ പറഞ്ഞിരിക്കുക, ചീട്ടു കളിക്കുക, നാട്ടിൻപുറത്ത് കറങ്ങുക, ഫോണിൽ ഏതു സമയവും നിമഗ്നരായിരിക്കുക തുടങ്ങിയ ‘ജോലികൾ’ ചെയ്യുമ്പോൾ അത് അവരുടെ പ്രിവിലേജ് ആണെന്നും അതിനെ ബഹുമാനിക്കണമെന്നും പറയുന്ന പഴയ തലമുറ ഇപ്പോഴുമുണ്ട്.

 

ആണത്തം ആഘോഷിക്കുന്ന പലതുകളിൽ ഒന്നാണ് ഇത്തരത്തിൽ സന്ധ്യയ്ക്ക് വീടുകളിലിരിക്കാതെ പുറത്തിറങ്ങി ആഘോഷിക്കുന്ന ‘ആണുങ്ങൾ’. എന്നാൽ സ്ത്രീകൾക്കും സുഹൃത്തുക്കൾ ഉണ്ടാകാമെന്നും അവർക്കും സിനിമ കാണുകയും പുസ്തകം വായിക്കുകയും വേണമന്നും സ്വന്തം സ്വപ്നങ്ങൾക്ക് വേണ്ടി കുറച്ചു സമയം മാറ്റി വയ്‌ക്കേണ്ടതുണ്ടെന്നും ആരും ഓർക്കാറില്ല. അവിടെ സമയം കൂടുതലുള്ളത് സ്ത്രീകൾക്കായതിനാൽ അടുക്കള ജോലി വീണ്ടും പെണ്ണിന്റെ തലയിൽ തന്നെ വന്നു വീഴും. ‘മഹാലക്ഷ്മി’ എന്ന അടയാളപ്പെടലുള്ളതിനാൽ തന്റെ ഭർത്താവിന്റെ ആണത്തത്തെ ആദരിച്ച് അയാൾക്കു വേണ്ടി എല്ലാ പണിയും അവൾ ചെയ്യുകയും ചെയ്യും. പറയാതെ പറയുന്ന ഇത്തരം പണിയെടുപ്പിക്കലും തെറ്റ് തന്നെയാണ്. സമയം എല്ലാവർക്കും ആവശ്യമുണ്ട്. അവനവന്റെ സ്വപ്നങ്ങൾക്കു വേണ്ടി ജീവിക്കാനും പ്രവൃർത്തിക്കാനും എല്ലാവർക്കും അധികാരമുണ്ട്. അത് ആരിൽനിന്നും തട്ടിയെടുക്കപ്പെടരുത്. 

 

വീടുകളിൽ ഒരു ജോലിയും ആർക്കു വേണ്ടിയും പറഞ്ഞു വച്ചിട്ടില്ല. ഒന്നിച്ചു കൂട്ടുത്തരവാദിത്തത്തോടെ അത് കൊണ്ടുപോവുകയാണ് വേണ്ടത്. ഭർത്താവിന്റെ വീട്ടിൽ ആണെങ്കിൽപോലും വിവാഹം കഴിച്ചു വരുന്ന പെൺകുട്ടിയുടെ മാത്രം ഉത്തരവാദിത്തമല്ല അടുക്കള ജോലി. എല്ലാവർക്കും വേണ്ടുന്ന കാര്യങ്ങൾ എല്ലാവരും ഒന്നിച്ച് തന്നെ ചെയ്യണം. വിശപ്പും വയറും ഓരോരുത്തരുടേതുമാണ്, ഒരാളുടേതു മാത്രമല്ല. 

 

English Summary: 'Why don't you men enter kitchens?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com