ADVERTISEMENT

വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് ദിനംപ്രതി നിരവധി വാർത്തകൾ എത്താറുണ്ട്. വ്യത്യസ്തമായ ഒരു വാടക ഗർഭധാരണത്തിന്റെ വാർത്തയാണ് യുഎസിലെ യൂട്ടായിൽ നിന്ന് പുറത്തുവരുന്നത്. തന്റെ മകനും മരുമകൾക്കും വേണ്ടി മകന്റെ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ഒരു അമ്മ. മരുമകളുടെ ഗർഭപാത്രം നീക്കം ചെയ്തതിനെ തുടർന്നാണ് മകന്റെ കുഞ്ഞിന് ജന്മംനൽകാൻ അമ്മ തയാറായതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

വാടക ഗർഭധാരണത്തിലൂടെ മകൻ ജെഫ് ഹോക്കിന്റെ കുഞ്ഞിന് ജന്മം നൽകാൻ 56 വയസ്സുള്ള നാൻസി ഹോക്ക്  തയാറാകുകയായിരുന്നു. ജെഫ് ഹോക്ക്–കാമ്പ്രിയ ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിനാണ് അമ്മയായ നാൻസി ഹോക്ക് ജന്മം നൽകിയത്. ‘മനോഹരമായ നിമിഷം. എത്രപേർക്ക് അവരുടെ അമ്മ ഒരു കുഞ്ഞിന് ജന്മം നൽകുന്ന ധന്യമുഹൂർത്തത്തിന് സാക്ഷികളാകാൻ സാധിക്കും?’ എന്ന കുറിപ്പോടെയാണ് വെബ് ഡെവലപ്പറായ ഹോക്ക് ഈ വാർത്ത പുറംലോകത്തെ അറിയിച്ചത്. 

9 മണിക്കൂർ സമയമെടുത്താണ് 56കാരിയായ നാൻസി മകന്റെ കുഞ്ഞിനു ജന്മം നൽകിയത്. ഇത് ആത്മീയ അനുഭവമായിരുന്നു എന്ന് നാൻസി പറഞ്ഞു. കുഞ്ഞിനു ജന്മം നൽകിയതിനു ശേഷം നാൻസി പലതരത്തിലുള്ള വൈകാരിക അവസ്ഥകളിലൂടെ കടന്നുപോയതായും ‘പ്യൂപ്പിൾ’ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കുഞ്ഞിനെ തന്റെ ഒപ്പം കൊണ്ടുപോകില്ലെന്ന് നാൻസി വ്യക്തമാക്കി. ‘വളരെ വലിയ നന്ദിയും ചെറിയ ദുഃഖവും ഈ വേർപാടിൽ എനിക്കുണ്ട്. ’– നാൻസി പറഞ്ഞു. അമ്മയുടെ ആഗ്രഹ പ്രകാരം കുഞ്ഞിനു ഹന്ന എന്നാണ് പേരിട്ടതെന്ന് ഹോക്ക് പറഞ്ഞു.  ഗർഭിണിയായിരിക്കുമ്പോൾ ഒരു ദിവസം അർധരാത്രി ഉറക്കത്തിൽ ‘എന്റെ പേര് ഹന്ന’ എന്ന് നാൻസി പറഞ്ഞിരുന്നു. അതുകൊണ്ടാണ് കുഞ്ഞിന് ആ പേര് തന്നെ നൽകിയതെന്നുേം ഹോക്ക് പറഞ്ഞു. 

യൂട്ടാ സാങ്കേതിക സർവകലാശാലയിൽ ഉദ്യോഗസ്ഥയാണ് നാൻസി. ‘പരിശോധനകൾക്കു മുൻപ് തന്നെ ഗർഭത്തിലുള്ളത് പെൺകുഞ്ഞായിരിക്കുമെന്ന് നാൻസി പറഞ്ഞിരുന്നു. നാൻസിയുടെ ആഗ്രഹപ്രകാരമാണ് കുഞ്ഞിന് ഹന്ന എന്ന പേര് നല്‍കിയത്. അവർ രണ്ടുപേരും സുഖമായിരിക്കുന്നു.’– കാമ്പ്രിയ പറഞ്ഞു. ‘പ്രായം ഒരു പരിധിയും നിശ്ചയിക്കുന്നില്ല. ഒരു മുത്തശ്ശി തന്റെ പേരക്കുട്ടിക്ക് ജന്മം നൽകുന്നത് അസാധാരണമായ സംഭവമാണ്.’– ആശുപത്രി അധികൃതരും അറിയിച്ചു.  

English Summary: 56-Year-Old US Woman Gives Birth To Son And Daughter-In-Law's Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com