ADVERTISEMENT

ഭൂരിഭാഗം പെൺകുട്ടികൾക്കും അച്ഛനായിരിക്കും ജീവിതത്തിലെ സൂപ്പർ ഹീറോ. മാനസികമായി ഏറെ അടുപ്പവും ഇവർ കാത്തുസൂക്ഷിക്കും. അവരുടെ ചെറിയ നേട്ടങ്ങളിൽ പോലും അങ്ങേയറ്റം അഭിമാനിക്കുന്ന അച്ഛന്മാർക്ക് പക്ഷേ ഏതു സാഹചര്യത്തിലായാലും മകളെ രണ്ട് ദിവസത്തേക്കെങ്കിലും പിരിഞ്ഞു നിൽക്കേണ്ടി വരുന്ന സാഹചര്യം അങ്ങേയറ്റം സങ്കടകരമാണ്. അത്തരത്തിൽ മകളെ പുതിയ കോളജിലേക്ക് ആദ്യദിവസം എത്തിച്ച ശേഷം മനസ്സിലെ വികാരങ്ങൾ മറച്ചുവയ്ക്കാനാവാതെ പൊട്ടിക്കരയുന്ന ഒരു അച്ഛന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

പ്രേക്ഷാ മോഹിൽ എന്ന പെൺകുട്ടിയാണ് ഹൃദയസ്പർശിയായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഡൽഹി സർവകലാശാലയിലെ പ്രേക്ഷയുടെ ആദ്യ ദിവസമായിരുന്നു അന്ന്. അഡ്മിഷൻ പൂർത്തിയാക്കിയ ശേഷം പ്രേക്ഷയേയും കൂട്ടി അച്ഛനും അമ്മയും ക്യാംപസാകെ  ചുറ്റിക്കാണാൻ ഇറങ്ങി. സർവകലാശാലയിൽ പഠിക്കാനുള്ള അവസരം ലഭിക്കുന്നത് പ്രേക്ഷയെപ്പോലെ തന്നെ അച്ഛനും ഏറെ സ്വപ്നം കണ്ടിരുന്നു. ക്യാംപസിലൂടെ റിക്ഷയിൽ സഞ്ചരിക്കുന്ന സമയത്ത് തന്റെ മകളുടെ നേട്ടമോർത്ത് അദ്ദേഹത്തിന് അങ്ങേയറ്റം അഭിമാനം തോന്നി.

അതേസമയം ഇനി മകളെ  പിരിഞ്ഞു കഴിയേണ്ടി വരുമല്ലോ എന്ന സങ്കടവും കൂടിയായപ്പോൾ പിന്നെ അദ്ദേഹത്തിനു പിടിച്ചുനിൽക്കാൻ സാധിച്ചില്ല. വികാരഭരിതനായി റിക്ഷയിൽ ഇരുന്നുതന്നെ പൊട്ടിക്കരയുകയായിരുന്നു അച്ഛൻ. അദ്ദേഹത്തിന്റെ മനസ് മനസ്സിലാക്കിയിട്ടെന്നപോലെ പ്രേക്ഷയുടെ അമ്മ അദ്ദേഹത്തെ ചേർത്തുപിടിക്കുന്നുണ്ട്. ഈയൊരു ലക്ഷ്യം നേടിയെടുക്കുന്നതിനായി താൻ നടത്തിയ കഠിനാധ്വാനവും ത്യാഗങ്ങളും എല്ലാം എത്രത്തോളം വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് പ്രേക്ഷ കുറിച്ചത്.

അച്ഛനമ്മമാരുടെ സന്തോഷവും അഭിമാനവും കാണാൻ എന്തു ചെയ്യാനും താൻ തയ്യാറാണ് എന്നും പ്രേക്ഷ പറയുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 10 ലക്ഷത്തിൽ പരം ആളുകളാണ് ഹൃദയം നിറയ്ക്കുന്ന ഈ വീഡിയോ കണ്ടത്. വെബ് സീരീസ് താരങ്ങൾ അടക്കം നിരവധി സെലിബ്രിറ്റികൾവരെ വിഡിയോ കണ്ട് പ്രതികരണങ്ങൾ അറിയിച്ചു. ഹൃദയം തുറന്നുള്ള ഈ സ്നേഹം കണ്ട് സന്തോഷം തോന്നി എന്നും ഇന്റർനെറ്റിലെ തന്നെ ഏറ്റവും മികച്ച വീഡിയോയാണിത് എന്നുമാണ് കുറിപ്പുകൾ. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുവരെ വിഡിയോയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

English Summary: Man Tearing Up While Dropping Off His Daughter To College Leaves Internet Emotional

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com