കൊച്ചുമകൾ ആലിയയെ പോലെയാണോ? മറുപടിയുമായി നീതു കപൂർ

Mail This Article
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രൺബിർ കപൂറിനും പെൺകുഞ്ഞ് ജനിച്ചത്. ഇപ്പോൾ മുത്തശ്ശിയായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് രൺബിറിന്റെ അമ്മ നീതു കപൂർ. പേരക്കുട്ടിയെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് അവൾ വളരെ ക്യൂട്ടാണെന്നായിരുന്നു നീതുവിന്റെ മറുപടി. പേരക്കുട്ടി ജനിച്ചപ്പോൾ എന്തു തോന്നി എന്നായിരുന്നു ആരാധകരുടെ മറ്റൊരു ചോദ്യം. ‘എന്തിനാണ് നിങ്ങൾ എപ്പോഴും ഈ കാര്യം തന്നെ ചോദിക്കുന്നത്? എപ്പോഴും ഇതു തന്നെ ചോദിച്ചാൽ ഞാൻ എന്താണ് മറുപടി പറയുക? ഞാൻ വളരെ സന്തോഷവതിയാണ്.’– എന്നായിരുന്നു നീതുവിന്റെ മറുപടി.
പേരക്കുട്ടി രൺബിറിനെ പോലെയാണോ അതോ ആലിയയെ പോലെയോ എന്ന് ചില മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘അവൾ വളരെ കുഞ്ഞല്ലേ. ഇന്നാണ് ജനിച്ചത്. അതുകൊണ്ടു തന്നെ അതൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല.’– നീതു പറഞ്ഞു. ആലിയയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും നീതു അറിയിച്ചു.
ഞായറാഴ്ച രാവിലെയായിരുന്നു പ്രസവത്തിനായി ആലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 12മണിയോടെ ആലിയ പെൺകുഞ്ഞിനു ജന്മം നൽകി. ഉച്ചയ്ക്ക് ശേഷം തന്നെ കുഞ്ഞ് ജനിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ ആലിയ ആരാധകരെ അറിയിച്ചു. ‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത. ഞങ്ങളുടെ കുഞ്ഞ് ജനിച്ചിരിക്കുന്നു. എന്ത് വശ്യതയുള്ള പെൺകുട്ടിയാണ് അവൾ. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങൾ മാറി. സ്നേഹം മാത്രം.’– ആലിയ കുറിച്ചു. ആലിയയുടെ പോസ്റ്റ് നീതു കപൂറും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘അനുഗ്രഹം’ എന്ന കുറിപ്പോടെയാണ് നീതു പോസ്റ്റ് പങ്കുവച്ചത്.
English Summary: Neetu Kapoor On Alia Bhatt And Ranbir's Newborn Daughter: "She Is Very Cute"