പ്രണയം അന്ധമാണെന്ന് തെളിയിക്കുന്ന ചില സംഭവങ്ങളുണ്ടാകാറുണ്ട്്. അത്തരത്തിൽ അപൂർവമായ ഒരു പ്രണയവിവാഹത്തിന്റെ വാർത്തയാണ് രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നും പുറത്തുവരുന്നത്. സ്വന്തം വിദ്യാർഥിയെ വിവാഹം കഴിക്കുന്നതിനായി സ്കൂൾ അധ്യാപിക ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി. അധ്യാപികയായ മീരയാണ് വിദ്യാർഥിയായ കൽപനയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്.
സ്കൂളിലെ കായിക അധ്യാപികയാണ് മീര. കബഡി താരമാണ് കൽപന. മൂന്നുതവണ ദേശീയതലത്തിൽ കളിച്ചിട്ടുണ്ട്. കളിക്കളത്തിലെ സംസാരങ്ങൾ പ്രണയത്തിലേക്കു മാറുകയായിരുന്നു. കൽപനയോട് പ്രണയം തുറന്നു പറഞ്ഞ ശേഷം മീര ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. ശസ്ത്രക്രിയക്കു ശേഷം ആരവ് എന്ന് പേരുമാറ്റി. ഇതിനുശേഷമാണ് ഇരുവരും വിവാഹിതരായത്.
ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് പൂർണസമ്മതവും നൽകി. ‘ജനിച്ചത് സ്ത്രീയായിട്ടാണെങ്കിലും പുരുഷനായി മാറാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ശസ്ത്രക്രിയ നടത്താൻ തീരുാമാനിച്ചത്. 2019 ഡിസംബറിൽ ആദ്യശസ്ത്രക്രിയ നടത്തി.’– ആരവ് പറയുന്നു. ആരവുമായി ഏറെനാളായി പ്രണയത്തിലായിരുന്നെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും വിവാഹം കഴിക്കുമായിരുന്നെന്നും കൽപന പറയുന്നു.
English Summary: Teacher changes gender to marry student in Rajasthan’s Bharatpur