ഭർതൃമാതാവിനൊപ്പം ഉള്ളി കൃഷിക്ക് ഇറങ്ങി ജർമൻകാരി മരുമകൾ: വിഡിയോ വൈറൽ

german-onion
screen grab from video∙ namastejuli/instagram
SHARE

വ്യത്യസ്ത സംസ്കാരങ്ങളിൽ ജീവിച്ച് വളർന്നവർ തമ്മിലുള്ള ബന്ധങ്ങൾ എപ്പോഴും മറ്റുള്ളവർക്ക് കൗതുകമായിരിക്കും. അത് രണ്ട് വ്യത്യസ്ത രാജ്യക്കാരാണെങ്കിൽ പറയുകയും വേണ്ട. ജർമനിയിൽ ജനിച്ചു വളർന്നിട്ടും ഇന്ത്യൻ ജീവിതരീതികളോട് സന്തോഷത്തോടെ പൊരുത്തപ്പെട്ട് ഇവിടുത്തെ സംസ്കാരത്തിന്റെ ഭാഗമായി ജീവിക്കുന്ന ഒരു ജർമൻ യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ ഗ്രാമത്തിൽ  അദ്ദേഹത്തിന്റെ അമ്മയ്ക്കൊപ്പം  കൃഷി ചെയ്യാൻ  ഇറങ്ങിയിരിക്കുകയാണ് ജൂലി ശർമ എന്ന യുവതി.

മോഡലും യൂട്യൂബറുമായ ജൂലി വിവാഹ ശേഷം ഭർത്താവിനൊപ്പം ഇന്ത്യയിൽ തന്നെയാണ് കഴിയുന്നത്.  കൃഷിയിടത്തിൽ ഭർതൃമാതാവിനൊപ്പം ഉള്ളി കൃഷി ചെയ്യുന്നതിനിടെ പകർത്തിയ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. മണ്ണിൽ ഉള്ളി നടുന്ന ജൂലിയോട് വിഡിയോ പകർത്തുന്ന വ്യക്തി എവിടെ നിന്നാണ് വരുന്നതെന്ന് ചോദിക്കുന്നുണ്ട്. ജർമനിയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ഇന്ത്യയിൽ ഉള്ളി നടാനായി ഏഴു കടലുകൾ കടന്നെത്തിയതാണോ എന്നായിരുന്നു വിഡിയോ പകർത്തുന്ന വ്യക്തിയുടെ രസകരമായ ചോദ്യം. 

ഏറെ ഇഷ്ടപ്പെടുന്ന ജോലിയാണെന്നും ഒരുപാട് സന്തോഷം തോന്നുന്നു എന്നും ജൂലി മറുപടിയും നൽകുന്നുമുണ്ട്. ഹിന്ദി ഭാഷയിലാണ് യുവതിയുടെ സംസാരം. ജൂലിക്ക് സമീപം തന്നെ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ഭർതൃമാതാവിനെയും വിഡിയോയിൽ കാണാം. ഒടുവിൽ തന്റെ ജോലി ശല്യപ്പെടുത്താതെ മാറിപ്പോകാൻ ആവശ്യപ്പെട്ടുകൊണ്ട് വീഡിയോ പകർത്തുന്ന വ്യക്തിയെ ജൂലി അവിടെനിന്നും പറഞ്ഞുവിടുന്നുമുണ്ട്. 

ജൂലി തന്നെയാണ് രസകരമായ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.  ഒരാഴ്ചകൊണ്ട് ലക്ഷക്കണക്കിന് ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. വിഡിയോയിൽ അമ്മയുടെ പ്രതികരണമാണ് ഏറ്റവും നന്നായത് എന്ന് ജൂലി കുറിക്കുന്നു. കുടുംബത്തോടൊപ്പമുള്ള ഈ ലളിത ജീവിതം താൻ  ആസ്വദിക്കുന്നുണ്ട്. ഒരുമാസമായി ഈ ഗ്രാമത്തിൽ തന്നെയാണ് ജീവിതം. പ്രകൃതിയോടും കുടുംബത്തോടും ഇണങ്ങി ചേർന്നുള്ള ജീവിതത്തിൽ താൻ അങ്ങേയറ്റം സന്തോഷവതിയാണെന്നും യുവതി കുറിച്ചിട്ടുണ്ട്.

ഇന്ത്യൻ സംസ്കാരവുമായി യാതൊരു മടിയും ഇല്ലാതെ ഇത്രവേഗം ഇഴുകിച്ചേർന്നതിന് ജൂലിയെ പ്രശംസിച്ചുകൊണ്ടാണ് പലരും പ്രതികരണങ്ങൾ അറിയിക്കുന്നത്. ജൂലിക്കും ഭർത്താവ് അർജുനും  ആശംസകൾ നേരുന്നവരും കുറവല്ല. എന്നാലിത് ആദ്യമായല്ല ജൂലി ഇന്ത്യയിൽ ജീവിക്കുന്നതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. പരമ്പരാഗത രീതിയിൽ ഭക്ഷണം പാകം ചെയ്യുന്നതിന്റെയും കുടുംബവുമൊത്തുള്ള നിമിഷങ്ങളുടെയുമൊക്കെ ചിത്രങ്ങൾ മുൻപുതന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

English Summary: German woman plants onions with Indian mother-in-law, says it’s fun

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS