തമാശ അതിരു കടന്നു: വിവാഹത്തിനായി വരനെത്തിയത് ശവപ്പെട്ടിയിൽ– വിഡിയോ

groom-vira
Screengrab from video∙ Entertain Scholars/Youtube
SHARE

വിവാഹദിനത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ ഏതറ്റം വരെയും പോകാൻ തയാറാകുന്നവരാണ് ഇന്ന് അധികവും. ചിലർ വിവാഹ വേദിയിൽ പാട്ടും നൃത്തവുമൊക്കെയായി ആഘോഷം പൊടിപൊടിക്കുമ്പോൾ മറ്റു ചിലർ വധുവിനെയോ വരനെയോ പ്രാങ്ക് ചെയ്താണ് ശ്രദ്ധനേടുന്നത്. ഇതിൽ നിന്നെല്ലാം ഒരു പടി കടന്ന് തമാശ കാണിക്കാൻ ഇറങ്ങിപ്പുറപ്പെട്ട് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഏറ്റുവാങ്ങുകയാണ് അമേരിക്കക്കാരനായ ഒരു വരൻ. വിവാഹ വേദിയിലേക്ക് ശവപ്പെട്ടിയിൽ എത്തിയതാണ് വരനെതിരെയുള്ള വിമർശനത്തിന് കാരണം.

വിവാഹ വേദിയിലേക്ക് വരന്റെ കാർ എത്തുന്നതാണ് വിഡിയോയുടെ തുടക്കം. എന്നാൽ കാറിന്റെ പിൻഭാഗം തുറന്ന് വരന്റെയും വധുവിന്റെയും സുഹൃത്തുക്കൾ  ചേർന്ന് ഒരു ശവപ്പെട്ടി പുറത്തേയ്ക്കെടുത്ത് വയ്ക്കുകയായിരുന്നു. വിവാഹത്തിൽ പങ്കെടുത്ത അതിഥികളെല്ലാം ഈ കാഴ്ച കണ്ട് അതിന്റെ ദൃശ്യങ്ങളും പകർത്തി.  സുഹൃത്തുക്കൾ തന്നെയാണ് ശവപ്പെട്ടി ഉയർത്തിയെടുത്ത് വേദിക്കരികിലേയ്ക്ക് എത്തിച്ചത്. പിന്നീട് മറ്റൊരാളുടെ സഹായത്തോടെ ശവപ്പെട്ടി തുറന്നു വരൻ പുറത്തിറങ്ങുന്നതും വിഡിയോയിൽ കാണാം.

പെട്ടെന്ന് വിവാഹ വേദിയിലേയ്ക്ക് ശവപ്പെട്ടി എത്തുന്നത് കണ്ട് ആദ്യം അതിഥികളെല്ലാം അമ്പരന്നു പോവുകയായിരുന്നു. എന്നാൽ പിന്നീട് മാത്രമാണ് ഇത് വരനും സുഹൃത്തുക്കളും ചേർന്നൊപ്പിച്ച ഒരു തമാശയാണെന്ന് ഇവർക്ക് മനസ്സിലായത്. വധുവിന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്നുള്ളത് വിഡിയോയിൽ പകർത്തിയിട്ടില്ല. എന്തായാലും വരന്റെ വ്യത്യസ്തമായ 'എൻട്രി'യുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിട്ടുണ്ട്.

ഇത് ഒരു ശവസംസ്കാര ചടങ്ങാണോ എന്ന സംശയമാണ് പലരും തുടക്കത്തിൽ പങ്കുവച്ചത്. വരന്റെ ഒരു സുഹൃത്ത് തന്നെ ഇത് വിവാഹ ചടങ്ങാണെന്ന വിശദീകരണവുമായി എത്തി. അങ്ങേയറ്റം വികൃതമായ തമാശ എന്നാണ് പലരും പ്രതികരിച്ചത്. ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ നിമിഷത്തെ ഇത്രയും നിന്ദയോടെ സമീപിച്ചതിനാണ് വരനെതിരെ വിമർശനം ഉയരുന്നത്. സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാൻ ഇത്തരത്തിലുള്ള പ്രവർത്തി വേണ്ടിയിരുന്നില്ല എന്ന അഭിപ്രായവും ആളുകൾ പങ്കുവയ്ക്കുന്നു. എന്നാൽ ഇതൊരു തമാശയായി മാത്രം കണ്ടാൽ മതി എന്ന തരത്തിൽ പ്രതികരിക്കുന്നവരും ഉണ്ട്.

English Summary: Groom Arrives In A Coffin, Wedding Stunt Leaves Internet Fuming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS