ADVERTISEMENT

തിരക്കിട്ട ജീവിതത്തിൽ മാനസിക സമ്മർദത്തോടെയാണ് പലരും ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്.  ഉത്തരവാദിത്തങ്ങളും ബാധ്യതങ്ങളും തൊഴിലിടങ്ങളിലെ പ്രശ്നങ്ങളുമെല്ലാം കുടുംബജീവിതത്തിലെ സന്തോഷകരമായ അനുഭവങ്ങൾ ആസ്വദിക്കാൻ പോലുമാവാത്ത നിലയിലേക്ക് പലരെയും കൊണ്ടെത്തിക്കുന്നു.  ചിലരാവട്ടെ ഇത്തരം മാനസികാവസ്ഥയിൽ നിന്ന് രക്ഷനേടാൻ പുതിയ സുഹൃത് വലയങ്ങൾ  തേടിപ്പോവുകയും തെറ്റായ ശീലങ്ങളിലേക്ക് നീങ്ങുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ കുടുംബ ബന്ധങ്ങൾ ആരോഗ്യകരമായി നിലനിർത്തിയാൽ വീടിനോളം സന്തോഷവും സമാധാനവും നൽകുന്ന ഇടം മറ്റൊന്നുണ്ടാവില്ല.  ഇത്തരത്തിൽ കുടുംബത്തിനുള്ളിലെ ബന്ധങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്ത് വീട് സ്വർഗമാക്കാനുള്ള ചില വഴികൾ ഇതാ:

 

ഓരോ ദിവസത്തെയും കഥകൾ പങ്കിടാം

 

ഏറ്റവും നല്ല ബന്ധത്തിനു പ്രധാനമായും വേണ്ട കാര്യം ആശയവിനിമയം തന്നെയാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളോടും പതിവായി സംസാരിക്കുക. ജോലി കഴിഞ്ഞെത്തിയാൽ അല്‍പസമയം ഓരോരുത്തരും അന്നത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന തരത്തിൽ ഒരു ശീലം ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. തീരെ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ വീട്ടിലെത്തിയാൽ ആദ്യം അവർക്കൊപ്പം സമയം പങ്കിടാനായി നീക്കിവയ്ക്കണം. കുടുംബാന്തരീക്ഷത്തിന്റെ സന്തോഷം അറിഞ്ഞു കുട്ടികൾ വളരേണ്ടത് അത്യാവശ്യമാണ്. 

 

ഇതിനുപുറമേ ഇത്തരം ഒരു ശീലം വളർത്തിയെടുക്കുന്നതു കുട്ടികൾക്ക് മാതാപിതാക്കളോടുള്ള അടുപ്പം വർദ്ധിക്കുന്നതിനും എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതിനുമുള്ള സാഹചര്യവും ഒരുക്കും. സന്തോഷമുള്ള നിമിഷങ്ങൾ പങ്കിടാനും വിഷമതകളിൽ സാന്ത്വനിപ്പിക്കാനും കുടുംബമുണ്ട് എന്ന തോന്നൽ ഉണ്ടായാൽ തന്നെ ജീവിതം സന്തോഷം നിറഞ്ഞതാകും.

 

ഒരുമിച്ചുള്ള ദിനചര്യകൾ

 

ഇന്ന് ടിവിയുടെയും മൊബൈൽ ഫോണിന്റെയും കൂട്ടുപിടിച്ച് ആഹാരം കഴിക്കുന്നവരാണ് ഭൂരിഭാഗവും. ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേർന്നിരുന്ന് ആഹാരം കഴിക്കേണ്ടത് അനിവാര്യമാണ്. അവധി ദിനങ്ങളിലാണെങ്കിൽ എല്ലാവരും ചേർന്ന് വ്യത്യസ്തമായ ഭക്ഷണം ഒരുമിച്ച് പാചകം ചെയ്യാനോ അല്ലെങ്കിൽ പുറത്തു പോയി ഭക്ഷണം കഴിക്കാനോ ശ്രമിക്കാം. കുടുംബാന്തരീക്ഷത്തിൽ പുതുമ നിറയ്ക്കാൻ ഇതിലൂടെ സാധിക്കും.

 

ഇതിനുപുറമെ പ്രഭാത നടത്തുമോ സൈക്ലിങ്ങോ ഒക്കെ സാധിക്കുന്ന അവസരങ്ങളിലെല്ലാം ഒരുമിച്ച് തന്നെ ചെയ്യാൻ ശ്രമിക്കുക. കുടുംബാംഗങ്ങൾ പരസ്പരം മുൻഗണന നൽകുന്നതായി തോന്നിയാൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സാധിക്കും.

 

അഭിനന്ദിക്കാനും വിമർശിക്കാനും മടിക്കേണ്ട

 

കുടുംബത്തിലെ ഓരോരുത്തരുടെയും നേട്ടങ്ങൾ കുടുംബത്തിന്റെ ആകെ നേട്ടമായി തോന്നിത്തുടങ്ങുന്നിടത്ത് ബന്ധങ്ങൾ ശക്തവും സന്തോഷകരവുമാകും. ഇതിനായി പരസ്പരം സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കുട്ടികൾക്കോ പങ്കാളിക്കോ ഏതെങ്കിലും കാര്യങ്ങളിൽ സഹായം വേണമെന്ന് തോന്നിയാൽ അവർ അത് ആവശ്യപ്പെടാൻ കാത്തിരിക്കാതെ ഒപ്പം നിൽക്കുക.   മത്സരബുദ്ധിയോടെ മുന്നേറുന്ന സമൂഹത്തിൽ ഒരാൾക്ക് പിന്നിലായി എന്നു തോന്നിയാൽ ആ ചിന്തയെ മറികടക്കാൻ എല്ലാവരുടെയും കൂട്ടായ ശ്രമം ആവശ്യമാണ്. എന്തിനും കുടുംബം ഒപ്പമുണ്ട് എന്ന തോന്നൽ വളർത്തുക. പങ്കാളിയുടെയും മക്കളുടെയും ഓരോ ചുവടുവപ്പിലും മനസ് നിറഞ്ഞ് അഭിനന്ദിക്കാൻ മറക്കരുത്. 

 

ആരോഗ്യകരമായ വിമർശനങ്ങൾ നടത്താനും മടിക്കേണ്ടതില്ല. എന്നാൽ തങ്ങളുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതിയിലേക്ക് ഇത് മാറാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തിൽ ഒരാൾക്കു തെറ്റ് സംഭവിച്ചാൽ അയാളെ ഒറ്റപ്പെടുത്തി നിർത്താതെ അത് കുടുംബാംഗങ്ങളെ ബാധിച്ചിരിക്കുന്നത് അയാളോടുള്ള സ്നേഹം കൊണ്ടുകൂടിയാണ് എന്ന കാര്യം ഓർമ്മപ്പെടുത്തുക. കുടുംബത്തിലുള്ളവർ തന്നെ വിമർശിക്കുന്നത് നന്മയ്ക്കുവേണ്ടിയാണ് എന്ന തോന്നൽ ഉണ്ടാക്കിയെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇത് വാക്കുകളേക്കാൾ ഉപരി പ്രവർത്തിയിലൂടെ ഓരോ കുടുംബാംഗത്തിനും മനസ്സിലാക്കി കൊടുക്കുക.

English Summary: Secrets Of A Happy Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com