ADVERTISEMENT

മരണം തമാശയല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ലൈക്കും വ്യൂസും കിട്ടാന്‍ ശ്രമിക്കുന്നവര്‍ക്കു മരണവും ഒരു വൈറല്‍ കണ്ടന്റ് മാത്രം. സ്വന്തം ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം നൃത്ത ചുവടുകളോടെ സോഷ്യല്‍മീഡിയയില്‍ അവതരിപ്പിച്ചതിനെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയരുകയാണ്.  ജസിക്ക ആയേഴ്‌സ് എന്ന ട്വിറ്റര്‍ ഉപഭോക്താവിനെതിരെയാണ് വ്യാപക സോഷ്യല്‍മീഡിയ പ്രതിഷേധം. 

2014 ലാണ് ജസിക്ക അയേഴ്‌സിന്റെ ഭര്‍ത്താവ് ഡോണ്‍ ഹോഗ് കൊല്ലപ്പെടുന്നത്. അന്ന് അവരുടെ കുഞ്ഞിനു വെറും മൂന്ന് ദിവസമായിരുന്നു പ്രായം. ഒരുപക്ഷേ അതുവരെയുള്ള അവരുടെ ജീവിതത്തിലെ ഏറ്റവും ഞെട്ടലും വിഷമവുമുണ്ടാക്കിയ സംഭവമാകും അത്. ഇത്രയേറെ പ്രാധാന്യമുള്ള സംഭവം സന്തോഷത്തോടെ ചുവടുവെക്കുന്ന വിഡിയോയില്‍ അവതരിപ്പിച്ചതോടെയാണ് ജസിക്ക വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. വിഡിയോയില്‍ സന്തോഷത്തോടെ നൃത്തം ചെയ്യുകയാണ് ജസിക്കയെങ്കില്‍ അതില്‍ എഴുതിക്കാണിക്കുന്ന വിവരങ്ങള്‍ അത്യന്തം അസ്വസ്ഥപ്പെടുത്തുന്നതാണ്. 

'എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ഭര്‍ത്താവിനെ ഒരാള്‍ വെടിവച്ചു കൊന്നു. എന്റെ പ്രസവം നടന്ന് മൂന്നു ദിവസം മാത്രമേ ആയിരുന്നുള്ളൂ. പതിനൊന്നു മാസം കഴിഞ്ഞ കൊലപാതകിയെ ശിക്ഷിച്ചു. അയാളുടെ ശിക്ഷ വിധിക്കുന്ന അന്ന് ഞാന്‍ കൊലപാതകിയോട് ഞങ്ങളുടെ പ്രണയകഥ പറഞ്ഞു. എന്നെങ്കിലും ചെയ്ത കാര്യം തെറ്റെന്ന് തോന്നിയാല്‍ എന്റെ മുഖം മറക്കരുതെന്ന് ഓര്‍മിപ്പിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ നിമിഷങ്ങളിലൊന്നായിരുന്നു അത്' എന്നൊക്കെയാണ് തന്റെ ഡാന്‍സിങ് വിഡിയോയിൽ ജസിക്ക കുറിക്കുന്നത്. 

'മൈ ഹസ്ബന്‍ഡ് വാസ് ബ്രൂട്ടലി മര്‍ഡേഡ'് എന്ന തലക്കെട്ടോടെയാണ് ട്വിറ്ററില്‍ ഒരു യൂസര്‍ ഈ വിഡിയോ പങ്കുവെച്ചിട്ടുമുണ്ട്. ഇതിനകം നിരവധിപേർ  കണ്ടുകഴിഞ്ഞ ഈ വിഡിയോക്ക് താഴെ പലതരം വിമര്‍ശനങ്ങള്‍ ജസിക്കയ്ക്കു നേരെ ഉയര്‍ന്നു കഴിഞ്ഞു. ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ എന്തുംചെയ്യുന്നവരുടെ കൂട്ടത്തിലാണ് ജസിക്കയേയും പലരും ഉള്‍പ്പെടുത്തുന്നത്. ഇത്തരം രീതികള്‍ ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിക്കരുതെന്നും ചിലര്‍ പറയുന്നു. 

ദ സിങിങ് വിഡോ എന്നാണ് ജസിക്ക അയേഴ്‌സിന്റെ ടിക് ടോക്കിലെ അക്കൊണ്ടിന്റെ പേര്. 56,900ത്തോളം ഫോളോവേഴ്‌സാണ് അവര്‍ക്ക് ടിക് ടോക്കിലുള്ളത്. പിന്നീട് രണ്ടാമതും വിവാഹം കഴിച്ച ജസിക്ക ഇപ്പോള്‍ രണ്ട് കുഞ്ഞുങ്ങളുടെ മാതാവ് കൂടിയാണ്. ജീവിതത്തിലെ വേദനകളെയും മാനസിക സമ്മര്‍ദങ്ങളേയും സര്‍ഗാത്മകത കൊണ്ട് നേരിടുന്നവള്‍ എന്നാണ് ഇന്‍സ്റ്റയില്‍ ജസിക്ക സ്വയം വിശേഷിപ്പിക്കുന്നത്.

English Summary: Woman Slammed For Making Video On Husband's Murder: "This Is Just Disrespectful"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com