ADVERTISEMENT

പതിമൂന്നാം വയസ്സില്‍, ജന്മനാടായ അര്‍ജന്റീനയിലെ റൊസാരിയോ വിട്ടതാണ് ലയണല്‍ മെസ്സി. സ്പാനിഷ് ക്ലബായ ബാർസിലോനയില്‍ ചേരാനായിരുന്നു അത്. നാടു വിട്ടെങ്കിലും റൊസാരിയോയിലെ മെസ്സിയുടെ തായ്‌വേരുകള്‍ക്ക് ഒരിക്കലും ഇളക്കം തട്ടിയിരുന്നില്ല. അതിന്റെ പ്രധാന തെളിവുകളിലൊന്നാണ് പിന്നീടു മെസ്സിയുടെ ജീവിതസഖിയായ റൊസാരിയോയിലെ ബാല്യകാല്യ സഖി അന്റൊനെല്ല റൊക്കൂസോ.

messy1

അഞ്ചോ ആറോ വയസ്സുള്ളപ്പോഴൊക്കെ കുഞ്ഞുമെസ്സി വാരാന്ത്യങ്ങളില്‍ കൂട്ടുകാരൻ ലൂക്കാസ് സ്‌കാഗ്ലിയയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ലൂക്കാസിന്റെ ബന്ധു കൂടിയായ അന്റൊനെല്ലയും അവിടെ വരും. ശനിയും ഞായറും ഫുട്‌ബോള്‍ കളി കഴിഞ്ഞാല്‍ ലൂക്കാസിനൊപ്പം അവന്റെ വീട്ടിലേക്കു മെസ്സി പോകും. അവിടെ വച്ചാണ് അന്റൊനെല്ലയെ കണ്ടതും പരിചയത്തിലായതും. 

വഴി പിരിഞ്ഞു, വീണ്ടും അടുത്തു

ലൂക്കാസിനും സുഹൃത്തുക്കള്‍ക്കുമൊപ്പം വിഡിയോ ഗെയിം കളിക്കുന്ന മെസ്സിയെ കാണാനും അവര്‍ക്കൊപ്പം കളിക്കാനും അന്റൊനെല്ലയും എത്തും. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഇരുവരും രണ്ടു വഴിക്കായി. അന്റൊനെല്ല മറ്റൊരാളുമായി പ്രണയത്തിലായി. പക്ഷേ അയാള്‍ ഒരു വാഹനാപകടത്തില്‍ മരിച്ചു. അന്ന് അവളെ ആശ്വസിപ്പിക്കാന്‍ മെസ്സി അര്‍ജന്റീനയിലേക്കു പറന്നെത്തി. അന്റൊനെല്ലക്ക് മെസ്സി എത്രത്തോളം കരുതല്‍ നല്‍കിയിരുന്നുവെന്നതിന്റെ തെളിവായിരുന്നു ആ യാത്ര. അതിനുശേഷം ഇരുവരുടേയും സൗഹൃദം വീണ്ടും ശക്തമാവുകയും പ്രണയത്തിലെത്തുകയും ചെയ്തു. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന മെസ്സി തന്റെ പ്രണയത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ ഒരിക്കലും വാചാലനായിട്ടില്ല. 

messi4

കുടുംബം, കുട്ടികള്‍

2008 ലാണ് ഇരുവരെയും ആദ്യമായി ഒരു പൊതുവേദിയില്‍ ഒരുമിച്ചു കാണുന്നത്. ദന്തരോഗ വിദഗ്ധയാവാനാണ് അന്റൊനെല്ല റൊക്കൂസോ പഠിച്ചതെങ്കിലും പിന്നീട് സോഷ്യല്‍ കമ്യൂണിക്കേഷനിലേക്കു മാറുകയായിരുന്നു. അതിനിടെ അന്റൊനെല്ല മെസ്സിക്കൊപ്പം ബാർസിലോനയിലേക്ക് താമസം മാറ്റി. 2012 ലാണ് ഇരുവരുടേയും ആദ്യ കുഞ്ഞ് തിയാഗോ ജനിക്കുന്നത്. പിന്നീട് 2015 ല്‍ മറ്റേവോയും കഴിഞ്ഞ വര്‍ഷം സിറോയും ജനിച്ചു. ഇതിനിടെ ലൂയി സുവാരസിന്റെ ഭാര്യ സോഫിയ ബാല്‍ബിയുമായി ചേര്‍ന്ന് അന്റൊനെല്ല ഒരു ചെരിപ്പു ബിസിനസും തുടങ്ങി. മക്കളോടുളള മെസ്സിയുടെ സ്‌നേഹം അദ്ദേഹത്തിന്റെ ശരീരത്തിൽ കാണാം. അവരുടെ പേരുകള്‍ മെസ്സി തന്റെ ദേഹത്ത് പച്ചകുത്തിയിട്ടുണ്ട്. കുടുംബത്തിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും അവധിക്കാലം ആഘോഷിക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന വിഡിയോയുമെല്ലാം വളരെ ആഹ്ലാദത്തോടെയാണ് മെസ്സി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറ്. 

വിവാഹം ഒരു സംഭവം

മെസ്സിയുടെയും അന്റൊനെല്ലയുടെയും വിവാഹം അര്‍ജന്റീനയില്‍ വന്‍ സംഭവമായിരുന്നു. ഒൻപതു വര്‍ഷം നീണ്ട ബന്ധത്തിനുശേഷം രണ്ടു മക്കളെ സാക്ഷി നിര്‍ത്തിയായിരുന്നു 2017 ജൂണ്‍ 30ന് റൊസാരിയോയിലെ സിറ്റി സെന്റര്‍ ഹോട്ടലില്‍ വച്ച് അവരുടെ വിവാഹം. സെസ് ഫാബ്രിഗസ്, സെര്‍ജിയോ അഗ്യൂറോ, സാവി ഹെര്‍ണാണ്ടസ്, കാള്‍സ് പുയോള്‍, സാമുവല്‍ എറ്റൂ തുടങ്ങി ഫുട്‌ബോള്‍ ലോകത്തെ മുന്‍നിരക്കാരാണ് അന്ന് മെസ്സിയുടെ വിവാഹം ഗംഭീരമാക്കാനെത്തിയത്. ചടങ്ങില്‍ അതിഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഈ ചടങ്ങുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്നതും വിവാഹ കരാറിന്റെ ഭാഗമായിരുന്നു.

messy5

ഏതാണ്ട് 450 സുരക്ഷാ ജീവനക്കാരാണ് മെസ്സി അന്റൊനെല്ല വിവാഹത്തിന് സുരക്ഷയൊരുക്കാന്‍ എത്തിയിരുന്നത്. അര്‍ജന്റീനയിലെ ഒരു മുന്‍ സൈനികനായിരുന്നു സുരക്ഷാ സംഘത്തെ നിയന്ത്രിച്ചിരുന്നത്. മെസ്സിയുടെ വിവാഹം കാണാനെത്തിയ ആരാധകര്‍ക്കുവേണ്ടി ചടങ്ങുകളുടെ തല്‍സമയ സംപ്രേക്ഷണം സമീപത്ത് ഒരുക്കുകയും ചെയ്തിരുന്നു.

2021 ലെ വേനല്‍ക്കാലത്താണ് മെസ്സി ബാർ‌സിലോനയും സ്‌പെയിനും വിടുന്നത്. ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് മാറിയതോടെ മെസ്സിയും അന്റൊനെല്ലയും കുടുംബവും പാരിസിലേക്കു താമസം മാറി. രണ്ടു വര്‍ഷത്തെ കരാറാണ് മെസ്സിക്ക് പിഎസ്ജിയുമായുള്ളത്. തന്റെ വേരുകള്‍ മറക്കാത്ത മെസ്സി ഇനി 2023 ല്‍, അര്‍ജന്റീനയില്‍, താന്‍ കളിച്ചു വളര്‍ന്ന ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്കു തിരിച്ചു പോയാല്‍ പോലും ഒട്ടും അദ്ഭുതപ്പെടാനില്ല. അത്രമാത്രം സ്‌നേഹവും കടപ്പാടും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മെസ്സി. 

English Summary: Who is Lionel Messi's Wife Antonella Roccuzzo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com