ADVERTISEMENT

പ്രസവാനന്തര വിഷാദരോഗം എന്നത് നിസാരമായ മാനസികാവസ്ഥയായി കണ്ട് തള്ളിക്കളയേണ്ട ഒന്നല്ല. അതിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് വെളിവാക്കുന്ന ഒരു സംഭവമാണ് മസാച്യുസിറ്റ്സിലെ ഡക്സ്ബറി എന്ന പ്രദേശത്തു നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിതീവ്ര വിഷാദരോഗിയായ ഒരു അമ്മ തന്റെ മൂന്ന് മക്കളിൽ രണ്ടുപേരെ കഴുത്തു ഞെരിച്ച് കൊന്നതായാണ് വാർത്ത. ഏഴുമാസം മാത്രം പ്രായമുള്ള മൂന്നാമത്തെ കുഞ്ഞിനെയും കൊല്ലാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ലിൻഡ്‌സേ ക്ലാൻസി എന്ന യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

 

ലിൻഡ്‌സേയുടെ മൂത്തമക്കൾക്ക് അഞ്ചും മൂന്നും വയസാണ് പ്രായം. മൂന്നാമത്തെ കുഞ്ഞിന്റെ ജനനശേഷം വിഷാദരോഗം ബാധിച്ച നിലയിൽ കഴിയുകയായിരുന്നു ലിൻഡ്സേ. ചികിത്സയ്ക്കായി ആഴ്ചയിൽ അഞ്ചുദിവസവും ക്ലിനിക്കിൽ പോകേണ്ട നിലയിലായിരുന്നു യുവതി എന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. ലിൻഡ്‌സേയുടെ ഈ മാനസികാവസ്ഥ മൂലം ഭർത്താവ് പാട്രിക് ഏറെക്കാലമായി വീട്ടിലിരുന്നു തന്നെ ജോലി ചെയ്തു വരികയായിരുന്നു. സംഭവം നടന്ന ദിവസം ഓർഡർ ചെയ്ത ഭക്ഷണം വാങ്ങുന്നതിനായി 25 മിനിറ്റ് നേരം പാട്രിക് പുറത്തുപോയിരുന്നു. ഈ സമയത്താണ് ലിൻഡ്‌സേ മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചത്.

 

രണ്ടാം നിലയിലെ ജനലിൽ നിന്നു താഴേക്ക് ചാടി അബോധാവസ്ഥയിൽ കിടക്കുന്ന ലിൻഡ്‌സേയെയാണ് തിരികെയെത്തിയ പാട്രിക് കണ്ടത്. തുടർന്ന് മൂന്ന് മക്കളെയും ശ്വാസം മുട്ടിയതിനെത്തുടർന്ന് അബോധാവസ്ഥയിൽ വീടിനുള്ളിൽ കണ്ടെത്തി. അടിയന്തര സർവീസിനെ വിളിച്ച് ഉടൻതന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇളയ കുഞ്ഞിനെ മാത്രമേ ജീവനോടെ രക്ഷിക്കാൻ സാധിച്ചുള്ളൂ. മക്കളെ മൂന്നു പേരെയും കഴുത്തു ഞെരിച്ച‌ു കൊല്ലാനാണ് ലിൻഡ്‌സേ ശ്രമിച്ചത്.

 

മസാച്യുസിറ്റ്സിലെ ജനറൽ ഹോസ്പിറ്റലിൽ പ്രസവ വിഭാഗത്തിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ലിൻഡ്സേ. എന്നാൽ വിഷാദരോഗം ബാധിച്ചതിനെ തുടർന്ന് അടുത്തകാലങ്ങളിലായി ഇവർ ജോലിക്കു പോയിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ലിൻഡ്‌സേ കുഞ്ഞുങ്ങളോട് അങ്ങേയറ്റം സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. എന്നാൽ കുറച്ചുകാലമായി താൻ പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നു പോവുകയാണെന്ന്  അടുത്തയിടെ ഇവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 

 

ആശുപത്രിയിൽ കഴിയുന്ന യുവതിയെ ഡിസ്ചാർജ് ചെയ്താലുടൻ കൊലക്കുറ്റവും വധശ്രമവും ചുമത്തി കോടതിക്കു മുൻപാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിക്കുന്നു. പോസ്റ്റ് പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോകുന്നവർ ചിലപ്പോൾ പ്രവചനാതീതമായി പെരുമാറിയെന്നു വരാമെന്ന് മാനസികരോഗ വിദഗ്ധർ അഭിപ്രായപ്പെടുന്നു. തീവ്രമായ വിഷാദരോഗം ബാധിച്ചവർക്ക് വിഭ്രാന്തി ഉണ്ടാകാനും കുഞ്ഞുങ്ങളെ കൊലപ്പെടുത്താനും സ്വയം മരിക്കാനുമുള്ള പ്രവണതയും വർദ്ധിക്കും. അതിനാൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നിയാൽ ഉടൻ തന്നെ കൃത്യമായ ചികിത്സ നേടാൻ ശ്രമിക്കണമെന്നും കുടുംബാംഗങ്ങളും ഒപ്പമുള്ളവരും പ്രത്യേക പരിഗണന നൽകണമെന്നും ഓർമിപ്പിക്കുകയാണ് ആരോഗ്യവിദഗ്ധർ.

 

English Summary: Husband of severely depressed midwife left her alone for 25 minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com